യുഎസ്-ചൈന വ്യാപാര യുദ്ധത്തിന്റെ ആശങ്കയിൽ തകർന്ന് വിപണികൾ: മദ്യ കമ്പനി ഓഹരികൾക്ക് നേട്ടം; രൂപയ്ക്ക് ഇടിവ്

By Anoop Pillai  |  First Published May 4, 2020, 5:57 PM IST

യുഎസ് സ്റ്റോക്ക് ഫ്യൂച്ചേഴ്സ് ഒരു ശതമാനത്തിനടുത്ത് ഇടിവേടെയാണ് വ്യാപാരം അവസാനിപ്പിച്ചത്. 
 



ബാങ്കിംഗ് ഓഹരികളിലെ വലിയ വിൽപ്പന സമ്മർദ്ദം ഇന്ന് ഇന്ത്യൻ വിപണികളെ കുത്തനെ താഴ്ത്തി. യുഎസ് -ചൈന പിരിമുറുക്കങ്ങളും ലോക്ക്ഡൗണും ദുർബലമായ ആഗോള വിപണികളും നിക്ഷേപകരുടെ ശുഭാപ്തിവിശ്വാസം നഷ്ടപ്പെടുത്തി. സെൻസെക്സ് ഇന്ന് 2002 പോയിൻറ് അഥവാ ആറ് ശതമാനം ഇടിഞ്ഞ് 31,715 ലെത്തി. നിഫ്റ്റി 5.75 ശതമാനം ഇടിഞ്ഞ് 31,715 ലെത്തി. അപകടസാധ്യത കുറഞ്ഞ മേഖലകളിൽ ചില ഇളവുകളോടെ കേന്ദ്ര സർക്കാർ രാജ്യവ്യാപകമായി കൊറോണ വൈറസ് ലോക്ക്ഡൗൺ രണ്ടാഴ്ച കൂടി നീട്ടിയിട്ടുണ്ട്. 

ഐസിഐസിഐ ബാങ്ക് (11 ശതമാനം ഇടിവ്) ഓഹരി സൂചികയിലെ ഏറ്റവും ഉയർന്ന നഷ്ടം രേഖപ്പെടുത്തി. ബജാജ് ഫിനാൻസ് (10 ശതമാനം), എച്ച്ഡിഎഫ്സി (10 ശതമാനം) ഇൻഡ് ബാങ്ക് (9.6 ശതമാനം) എന്നിവയും താഴേക്ക് വീണു. കൊറോണ വൈറസ് പ്രതിസന്ധിയെത്തുടർന്ന് കിട്ടാക്കടം വർദ്ധിക്കുമെന്ന ആശങ്കയെത്തുടർന്ന് നിഫ്റ്റി ബാങ്ക് സൂചിക ഇന്ന് 8.3 ശതമാനം ഇടിഞ്ഞു.

Latest Videos

undefined

ഇന്നത്തെ ഇടിവോടെ നിക്ഷേപകർക്ക് ഏകദേശം 5.8 ട്രില്യൺ രൂപ നഷ്ടം ഉണ്ടായതായി ബിഎസ്ഇ ഡാറ്റ വ്യക്തമാക്കുന്നു. 

കൊറോണ വൈറസിന്റെ ദ്രുതഗതിയിലുള്ള വ്യാപനത്തെ ചെറുക്കുന്നതിനായി ഏർപ്പെടുത്തിയ ലോക്ക്ഡൗൺ ഏപ്രിലിൽ ഇന്ത്യയുടെ ഉൽ‌പാദന പ്രവർത്തനങ്ങളെ റെക്കോർഡ് നിരക്കിലേക്ക് ചുരുക്കിയതും നിക്ഷേപകരെ നിരാശരാക്കി. മേഖലാ സൂചികകളിൽ, നിഫ്റ്റി ഫാർമ ഒഴികെ, എൻ‌എസ്‌ഇയിലെ മറ്റെല്ലാ മേഖലാ സൂചികകളും നെഗറ്റീവായി. നിഫ്റ്റി ബാങ്ക് 1,791 പോയിൻറ് അഥവാ എട്ട് ശതമാനം ഇടിഞ്ഞ് 19,744 ലെത്തി. നിഫ്റ്റി മെറ്റൽ സൂചിക 7.86 ശതമാനം ഇടിഞ്ഞ് 1,714 ലെത്തി.

ബി‌എസ്‌ഇ മിഡ്‌കാപ്പ് സൂചിക 511 പോയിൻറ് ഇടിഞ്ഞ് 11,502.59 ലെത്തി. ബി‌എസ്‌ഇ സ്‌മോൾകാപ്പ് സൂചിക മൂന്ന് ശതമാനം താഴേക്ക് ഇറങ്ങി 10,753.58 ലെത്തി.

വീണ്ടും വ്യാപാര യുദ്ധം ഉണ്ടാകുമോ?

കൊറോണ വൈറസിന്റെ ഉത്ഭവത്തെച്ചൊല്ലി യുഎസിലെ ഉന്നത ഉദ്യോഗസ്ഥരും ചൈനയും തമ്മിലുള്ള തർക്കം പുതിയ വ്യാപാര യുദ്ധത്തെക്കുറിച്ചുള്ള ആശങ്കകൾക്ക് ആക്കം കൂട്ടി. യൂറോപ്യൻ ഓഹരികൾ 2.5 ശതമാനം താഴെയാണ് വ്യാപാരം ആരംഭിച്ചത്. യുഎസ് സ്റ്റോക്ക് ഫ്യൂച്ചേഴ്സ് ഒരു ശതമാനത്തിനടുത്ത് ഇടിവേടെയാണ് വ്യാപാരം അവസാനിപ്പിച്ചത്. 

ജപ്പാന് പുറത്തുള്ള എം‌എസ്‌സി‌ഐയുടെ ഏഷ്യ -പസഫിക് ഓഹരികളുടെ വലിയ സൂചിക 2.5 ശതമാനം ഇടിഞ്ഞു. രണ്ട് സെഷൻ അവധി കഴിഞ്ഞ്  തിരിച്ചെത്തിയ ഹാംഗ് സെംഗ്, ആറ് ആഴ്ചയ്ക്കുള്ളിൽ ഏറ്റവും വലിയ ഇടിവ് രേഖപ്പെടുത്തി.

എണ്ണവില ഇടിഞ്ഞു, മാന്ദ്യം എണ്ണ ആവശ്യകതയെ ബാധിക്കുമെന്ന ആശങ്കയും യുഎസ് -ചൈന വ്യാപാര പിരിമുറുക്കങ്ങളുമാണ് ക്രൂഡിന് ഭീഷണിയായത്. ഇതോടെ കഴിഞ്ഞയാഴ്ചത്തെ നേട്ടങ്ങൾ എണ്ണയ്ക്ക് നിലനിർത്താനായില്ല. യുഎസ് വെസ്റ്റ് ടെക്സസ് ഇന്റർമീഡിയറ്റ് (ഡബ്ല്യുടിഐ) ക്രൂഡ് ഫ്യൂച്ചറുകൾ നേരത്തെ സെഷനിൽ ബാരലിന് 18.10 ഡോളർ വരെ താഴ്ന്നിരുന്നു. ഒടുവിൽ വിവരം ലഭിക്കുമ്പോൾ 1.01 ഡോളർ അഥവാ 5.1 ശതമാനം ഇടിഞ്ഞ് നിരക്ക് 18.77 ഡോളറിലെത്തി. ബ്രെൻറ് ക്രൂഡ് ഫ്യൂച്ചേഴ്സ് 10 സെൻറ് അഥവാ 0.4 ശതമാനം ഇടിഞ്ഞ് 26.34 ഡോളറിലെത്തി. നേരത്തെ ഇത് 25.50 ഡോളറായിരുന്നു. 

ഫെയർ ഗേജ് എന്ന് പൊതുവായി വിളിക്കപ്പെടുന്ന ഇന്ത്യ VIX സൂചിക ഇന്ന് 29 ശതമാനം ഉയർന്ന് 43.74 ആയി. ഇത് നിക്ഷേപകർക്കിടയിലെ അസ്വസ്ഥത പ്രതിഫലിപ്പിക്കുന്നു. യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം ഇന്ന് 75.72 ലേക്ക് ഇടിഞ്ഞു.

മദ്യ കമ്പനികൾക്ക് നേട്ടം !

ചില നിബന്ധനകളോടെ മദ്യവിൽപ്പന ശാലകൾ തുറക്കാൻ സർക്കാർ അനുമതി നൽകിയതിനെത്തുടർന്ന് ബ്രൂവറീസ് ആൻഡ് ഡിസ്റ്റിലറീസ് കമ്പനികളുടെ ഓഹരികൾ ബി‌എസ്‌ഇയിൽ 11 ശതമാനം വരെ ഉയർന്നു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ വിജ്ഞാപനം അനുസരിച്ച് മൂന്ന് സോണുകളിലും മദ്യ കടകൾ തുറക്കാൻ അനുവദിക്കും. അതായത് ചുവപ്പ്, ഓറഞ്ച്, പച്ച എന്നീ സോണുകളിൽ മദ്യം വിൽക്കുന്ന കേന്ദ്രങ്ങൾ തുറക്കും. എന്നാൽ, രാജ്യത്തുടനീളമുള്ള കണ്ടെയ്ൻമെന്റ് സോണുകളിൽ മദ്യവിൽപ്പനശാലകൾ അനുവദിക്കില്ല.

2020 മാർച്ചിൽ അവസാനിച്ച ത്രൈമാസത്തിൽ ടെക് മഹീന്ദ്ര ബി‌എസ്‌ഇയിൽ എട്ട് ശതമാനം ഇടിഞ്ഞ് 502.45 രൂപയായി. കോവിഡ് -19 പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ 2020 മാർച്ചിൽ അവസാനിച്ച ത്രൈമാസത്തിൽ ഉപഭോക്തൃവസ്തുക്കളുടെ കമ്പനി നിരാശാജനകമായ സംഖ്യ റിപ്പോർട്ട് ചെയ്തതിനെത്തുടർന്ന് ഹിന്ദുസ്ഥാൻ യൂണിലിവറിന്റെ ഓഹരികൾ ബി‌എസ്‌ഇയിൽ അഞ്ച് ശതമാനം വർധിച്ച് 2,082 രൂപയായി.

click me!