നിഫ്റ്റി 18,000 തകര്‍ത്തു വീഴുമോ? വരുന്നയാഴ്ച വിപണിയെ സ്വാധീനിക്കുന്ന ആറ് ഘടകങ്ങള്‍

By Web Team  |  First Published Dec 18, 2022, 4:24 PM IST

കഴിഞ്ഞയാഴ്ച പണപ്പെരുപ്പം അയയുന്നതിന്റെ സൂചനകള്‍ നല്‍കിയെങ്കിലും അമേരിക്കന്‍ കേന്ദ്രബാങ്കായ ഫെഡറല്‍ റിസര്‍വിന്റെ പലിശ നിരക്ക് വര്‍ധന സംബന്ധിച്ച കര്‍ക്കശ നിലപാട് ആഗോള തലത്തില്‍ തന്നെ ഓഹരി വിപണികളെ ചാഞ്ചാട്ടത്തിന്റെ പാതയിലേക്ക് തള്ളിവിട്ടു


കഴിഞ്ഞയാഴ്ച പണപ്പെരുപ്പം അയയുന്നതിന്റെ സൂചനകള്‍ നല്‍കിയെങ്കിലും അമേരിക്കന്‍ കേന്ദ്രബാങ്കായ ഫെഡറല്‍ റിസര്‍വിന്റെ പലിശ നിരക്ക് വര്‍ധന സംബന്ധിച്ച കര്‍ക്കശ നിലപാട് ആഗോള തലത്തില്‍ തന്നെ ഓഹരി വിപണികളെ ചാഞ്ചാട്ടത്തിന്റെ പാതയിലേക്ക് തള്ളിവിട്ടു. ആഗോള സാമ്പത്തിക മാന്ദ്യം സംബന്ധിച്ച ആശങ്കകള്‍ വീണ്ടും ബലപ്പെടുന്നതും ആഭ്യന്തര വിപണിയില്‍ പ്രതികൂലമായി പ്രതിഫലിച്ചു.

ആഴ്ച കാലയളവില്‍ പ്രധാന സൂചികകളായ സെന്‍സെക്‌സില്‍ 461 പോയിന്റും നിഫ്റ്റിയില്‍ 146 പോയിന്റും വീതം നഷ്ടം രേഖപ്പെടുത്തി. വിപണിയെ ഉത്തേജിപ്പിക്കുന്ന വലിയ ഘടകങ്ങളൊന്നും തൊട്ടുമുമ്പില്‍ ഇല്ലാത്തതിനാല്‍ ആഗോള വിപണിയുടെ നീക്കങ്ങളുടെ സ്വാധീനമായിരിക്കും വരുന്നയാഴ്ച ഇന്ത്യന്‍ വിപണിയിലും കാണാനാവുകയെന്നാണ് വിപണി വിദഗ്ധര്‍ സൂചിപ്പിക്കുന്നത്. ഡിസംബര്‍ 24 വരെയുള്ള വ്യാപാരയാഴ്ചയില്‍ ഇന്ത്യന്‍ ഓഹരി വിപണിയെ സ്വാധീനിക്കാവുന്ന പ്രധാന ഘടകങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.

Latest Videos

undefined

യുഎസ് ജിഡിപി

ആഗോള വിപണികളും ആകാംക്ഷയോടെ ഉറ്റുനോക്കുന്ന ഘടകമാണ് അമേരിക്കയുടെ മൊത്ത ആഭ്യന്തര ഉത്പാദന (ജിഡിപി) വളര്‍ച്ചാ നിരക്കുകള്‍. 2022 വര്‍ഷത്തിലെ മൂന്നാം പാദ ജിഡിപി വളര്‍ച്ചാ നിരക്കുകള്‍ ഡിസംബര്‍ 22-ന് പ്രസിദ്ധീകരിക്കും. 2.9 ശതമാനം നിരക്കില്‍ അമേരിക്കന്‍ സമ്പദ്ഘടന വളരുമെന്നാണ് വിപണിയുടെ പ്രതീക്ഷ. അടുത്തഘട്ടം പലിശ നിരക്ക് വര്‍ധനവിനായി യുഎസ് ഫെഡറല്‍ റിസര്‍വ് അടിസ്ഥാനമാക്കുന്നതിനാലും ആഗോള സാമ്പത്തിക മാന്ദ്യം സംബന്ധിച്ച ആശങ്കകള്‍ നിലനില്‍ക്കുന്നതിനാലും അമേരിക്കന്‍ ജിഡിപി നിരക്ക് നിര്‍ണായകമാണ്.

ആര്‍ബിഐ മിനിറ്റ്‌സ്
 
ഇക്കഴിഞ്ഞ റിസര്‍വ് ബാങ്ക് പണനയ സമിതിയുടെ (എംപിസി) യോഗത്തിന്റെ മിനിറ്റ്‌സ് ഡിസംബര്‍ 21-ന് പുറത്തുവരും. ഈമാസം 7-ന് സമാപിച്ച എംപിസി യോഗത്തില്‍ റിപ്പോ നിരക്കില്‍ 35 അടിസ്ഥാന പോയിന്റ് വര്‍ധന നടപ്പാക്കിയിരുന്നു. ഇതു പ്രതീക്ഷിച്ച നിലവാരത്തിലായിരുന്നു. എന്നിരുന്നാലും ഭാവി നിരക്ക് വര്‍ധന സംബന്ധിച്ച സൂചനകള്‍ മിനിറ്റ്‌സില്‍ ഉണ്ടാകുമോയെന്നാകും വിപണി ഉറ്റുനോക്കുന്നത്.

രൂപയുടെ വിനിമയ നിരക്ക്

തുടര്‍ച്ചയായ രണ്ടാം ആഴ്ചയിലും യുഎസ് ഡോളറിനെതിരായ വിനിമിയത്തില്‍ രൂപയുടെ മൂല്യം ഇടിഞ്ഞു. അമേരിക്കന്‍ കേന്ദ്രബാങ്ക് ഇനിയും പലിശ നിരക്ക് വര്‍ധിപ്പിക്കുമെന്ന പ്രഖ്യാപനമാണ് രൂപയെ ദുര്‍ബലമാക്കുന്നതെങ്കിലും രാജ്യാന്തര വിപണിയില്‍ ക്രൂഡോയില്‍ വില താഴുന്നത് നില മെച്ചപ്പെടുത്താനും സഹായിക്കുന്നു. വെള്ളിയാഴ്ച ഡോളറിനെതിരേ 82.87 നിലവാരത്തിലായിരുന്നു രൂപയുടെ വിനിമയ നിരക്ക്.

വിദേശ നിക്ഷേപകര്‍

റെക്കോഡ് ഉയരത്തിലേക്ക് എത്തിച്ചേര്‍ന്നതിനെ തുടര്‍ന്നു വാല്യൂവേഷന്റെ അടിസ്ഥാനമാക്കിയും ആഗോള വിപണികളിലെ ചാഞ്ചാട്ടം കാരണവും ഇന്ത്യന്‍ ഓഹരി വിപണിയില്‍ നിന്നും ചെറിയ തോതില്‍ നിക്ഷേപം പിന്‍വലിക്കുന്ന പ്രവണതയാണ് അടുത്തിടെ കാണാനായാത്. ഇവിടെ നിന്നും വാല്യുവേഷനില്‍ വിലക്കുറവിലുള്ള വികസ്വര വിപണികളിലേക്ക് പണം വിദേശ നിക്ഷേപകര്‍ മാറ്റുന്നുവെന്നാണ് വിലയിരുത്തല്‍. എന്നിരുന്നാലും ഡിസംബറില്‍ ഇതുവരെയായി 10,555 കോടിയുടെ ഇന്ത്യന്‍ ഓഹരികള്‍ വിദേശ നിക്ഷേപകര്‍ വാങ്ങിയെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

ക്രൂഡോയില്‍

വെള്ളിയാഴ്ച രാജ്യാന്തര വിപണിയില്‍ 2.40% ഇടിവോടെ ബാരലിന് 79.26 ഡോളറിലാണ് ക്രൂഡോയില്‍ വ്യാപാരം അവസാനിപ്പിച്ചത്. അമേരിക്ക, ബ്രിട്ടന്‍ ഉള്‍പ്പെടെ 8 രാജ്യങ്ങളിലെ കേന്ദ്രബാങ്കുകള്‍ ഒരാഴ്ചയ്ക്കിടെ പലിശ നിരക്ക് വര്‍ധന പ്രഖ്യാപിച്ചതോടെ ക്രൂഡോയില്‍ വില തളരുകയായിരുന്നു. ഒരു മാസത്തോളമായി ക്രൂഡോയില്‍ വില ബാരലിന് 90 ഡോളറില്‍ താഴെ തുടരുന്നത് ഇന്ത്യക്ക് ഏറെ ആശ്വാസം പകരുന്നുണ്ട്.

നിഫ്റ്റിയുടെ നീക്കം

വെള്ളിയാഴ്ചത്തെ തിരിച്ചടിയോടെ എന്‍എസ്ഇയുടെ അടിസ്ഥാന സൂചികയായ നിഫ്റ്റിയുടെ ദിവസ ചാര്‍ട്ടിലും ആഴ്ച കാലയളവിലെ ചാര്‍ട്ടിലും ബെയറിഷ് കാന്‍ഡിലാണ് രൂപപ്പെട്ടിരിക്കുന്നത്. കൂടാതെ സൂചിക 9 & 21-ദിവസ ഇഎംഎ നിലവാരങ്ങള്‍ക്ക് താഴെയുമാണ് ക്ലോസ് ചെയ്തിരിക്കുന്നത്. ആര്‍എസ്‌ഐ സൂചകവും 50 നിലവാരത്തിന് താഴേക്കെത്തി. ഹ്രസ്വകാലയളവിലേക്ക് ദുര്‍ബലതയുടെ സൂചനയാണിത്. 18,100/ 18,000 നിലവാരങ്ങളില്‍ നിന്നും പിന്തുണയും 18,500/ 18,700 നിലവാരത്തില്‍ നിന്നും പ്രതിരോധവും നിഫ്റ്റി സൂചികയില്‍ പ്രതീക്ഷിക്കാമെന്നും സാംകോ സെക്യൂരിറ്റീസിന്റെ വരുന്ന വ്യാപാര ആഴ്ചയിലേക്കുള്ള റിസര്‍ച്ച് റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചു.

click me!