നടന്നത് വമ്പൻ തട്ടിപ്പ്. 55,575 കോടി രൂപയുടെ ജിഎസ്ടി വെട്ടിപ്പ് കണ്ടെത്തിയതിനെ തുടർന്ന് 719 പേർ അറസ്റ്റിലായി. ഡിജിജിഐ പ്രത്യേക അന്വേഷണത്തിലൂടെയാണ് തട്ടിപ്പ് കണ്ടെത്തിയത്
ദില്ലി: രാജ്യത്ത് കഴിഞ്ഞ രണ്ട് വർഷത്തിനിടെ 55,575 കോടി രൂപയുടെ ജിഎസ്ടി തട്ടിപ്പ് കണ്ടെത്തി. ഇതുമായി ബന്ധപ്പെട്ട് 700-ലധികം പേരെ അറസ്റ്റ് ചെയ്തു. അന്വേഷണത്തിൽ, 22,300-ലധികം വ്യാജ ജിഎസ്ടി ഐഡന്റിഫിക്കേഷൻ നമ്പറുകൾ (ജിഎസ്ടിഐഎൻ) ഡയറക്ടറേറ്റ് ജനറൽ ഓഫ് ജിഎസ്ടി ഇന്റലിജൻസ് (ഡിജിജിഐ) ഉദ്യോഗസ്ഥർ കണ്ടെത്തി.
ഇന്നലെ രാജ്യവ്യാപകമായി നടത്തിയ അന്വേഷണത്തിൽ രണ്ട് വർഷത്തിനിടെ 55,575 കോടി രൂപയുടെ ജിഎസ്ടി/ഐടിസി തട്ടിപ്പ് കണ്ടെത്തി. 20 സിഎ/സിഎസ് ഉദ്യോഗസ്ഥരുൾപ്പടെ 719 പേരെ അറസ്റ്റ് ചെയ്തതായി പിടിഐ റിപ്പോർട്ട് ചെയ്തു.
undefined
അതേസമയം, രാജ്യത്തെ ചരക്ക് സേവന നികുതി വരുമാനം ഒക്ടോബറിൽ കുതിച്ചുയർന്നു. ഉത്‌സവ കാലമായതിനാലും സാധന സേവനങ്ങളുടെ നിരക്കുകൾ ഉയർന്നതുമാണ് വരുമാനത്തെ ഉയർത്തിയത്. ഒക്ടോബർ മാസത്തിൽ രാജ്യത്തെ മൊത്ത ജിഎസ്ടി വരുമാനം 1.51 ലക്ഷം കോടി രൂപയായി ഉയർന്നു. ഏറ്റവും ഉയർന്ന രണ്ടാമത്തെ പ്രതിമാസ വരുമാനമാണ് ഒക്ടോബറിൽ ഉണ്ടായിരിക്കുന്നത്.
ഒക്ടോബറിൽ സമാഹരിച്ച മൊത്തം ജിഎസ്ടി വരുമാനത്തിൽ, കേന്ദ്ര ജിഎസ്ടി 26,039 കോടി രൂപയും സംസ്ഥാന ജിഎസ്ടി 33,396 കോടി രൂപയും ചരക്കുകളുടെ ഇറക്കുമതിയിൽ നിന്ന് പിരിച്ചെടുത്ത 37,297 കോടി രൂപയുൾപ്പെടെ സംയോജിത ജിഎസ്ടി 81,778 കോടി രൂപയും, സെസ് 10,505 കോടി രൂപയുമാണ്. ചരക്കുകളുടെ ഇറക്കുമതിയിൽ 825 കോടി രൂപ സമാഹരിച്ചതായി ധനമന്ത്രാലയം പുറത്തുവിട്ട കണക്കുകളിൽ പറയുന്നു. ഇത് രണ്ടാം തവണയാണ് മൊത്ത ജിഎസ്ടി വരുമാനം 1.50 ലക്ഷം കോടി രൂപ കവിയുന്നത്. ഏറ്റവും കൂടുതൽ ജിഎസ്ടി വരുമാനം ഉണ്ടായിരുന്നത് 2022 ഏപ്രിലിലായിരുന്നു.1.67 ട്രില്യൺ രൂപയായിരുന്നു ഏപ്രിലിലെ വരുമാനം.