എൽഐസിയിൽ വിദേശ നിക്ഷേപം: 20 ശതമാനം ഓഹരി വിഹിതം അനുവദിച്ചേക്കും, ലിസ്റ്റിം​ഗ് അടുത്ത വർഷമെന്ന് റിപ്പോർട്ട്

By Web Team  |  First Published Sep 8, 2021, 5:15 PM IST

അടുത്ത വർഷം ജനുവരി മുതൽ മാർച്ച് വരെയുളള നാലാം പാദത്തിൽ ഐപിഒ വിപണിയിൽ എത്തുമെന്നാണ് റിപ്പോർട്ടുകൾ.


ലൈഫ് ഇൻഷുറൻസ് കോർപ്പറേഷനിൽ (എൽഐസി) 20 ശതമാനം വരെ വിദേശ സ്ഥാപന നിക്ഷേപം (എഫ്ഐഐ) അനുവദിക്കുന്നത് കേന്ദ്ര സർക്കാർ പരിഗണിക്കുന്നതായി റിപ്പോർട്ട്. പ്രമുഖ അന്താരാഷ്ട്ര മാധ്യമമായ റോയിട്ടേഴ്സാണ് ഇതുസംബന്ധിച്ച റിപ്പോർട്ട് പുറത്തുവിട്ടത്.

ഇന്ത്യയിലെ എക്കാലത്തെയും വലിയ ഐപിഒ (പ്രാഥമിക ഓഹരി വിൽപ്പന) ആയി കണക്കാക്കപ്പെടുന്നതാണ് എൽഐസിയുടേത്. ഓഹരി വിൽപ്പനയിൽ നിന്ന് 90,000 കോടി (12.24 ബില്യൺ ഡോളർ) വരെ സമാഹരിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. മാർച്ചിൽ അവസാനിക്കുന്ന നടപ്പ് സാമ്പത്തിക വർഷത്തിൽ പൊതുമേഖല ഓഹരി വിൽപ്പന-സ്വകാര്യവൽക്കരണ പദ്ധതിയിൽ നിന്ന് 1.75 ട്രില്യൺ രൂപ സമാഹരിക്കാനാണ് സർക്കാർ പദ്ധതിയിടുന്നത്.

Latest Videos

undefined

ഗോൾഡ്മാൻ സാച്ച്സ് ഗ്രൂപ്പ്, ജെപി മോർഗൻ, ഐസിഐസിഐ സെക്യൂരിറ്റീസ് ലിമിറ്റഡ് തുടങ്ങിയ 10 നിക്ഷേപ ബാങ്കുകളെയാണ് പ്രാഥമിക ഓഹരി വിൽപ്പന പ്രവർത്തനങ്ങൾക്കായി എൽഐസി തെരഞ്ഞെ‌ടുത്തത്. എൽഐസിയുടേത്, രാജ്യത്തെ ഏറ്റവും വലിയ ലിസ്റ്റിംഗ് ആയിരിക്കുമെന്നാണ് ബ്ലൂംബെർഗ് കഴിഞ്ഞ മാസം റിപ്പോർട്ട് ചെയ്തത്.
 
അടുത്ത വർഷം ജനുവരി മുതൽ മാർച്ച് വരെയുളള നാലാം പാദത്തിൽ ഐപിഒ വിപണിയിൽ എത്തുമെന്നാണ് റിപ്പോർട്ടുകൾ.

നിക്ഷേപകരെ ആകർഷിക്കുന്നതിനായി എല്ലാ പ്രധാന ആഗോള ധനകാര്യ കേന്ദ്രങ്ങളിലും വരും മാസങ്ങളിൽ റോഡ്ഷോകൾ നടക്കുമെന്നും റീട്ടെയിൽ നിക്ഷേപകരെയും ജീവനക്കാരെയും കമ്പനിയിൽ നിക്ഷേപിക്കാൻ ക്ഷണിച്ചുകൊണ്ട് എൽഐസിയുടെ ഭാ​ഗത്ത് നിന്ന് എല്ലാ പ്രചാരണ ശ്രമങ്ങളും ഉണ്ടാകുമെന്നാണ് ദേശീയ മാധ്യമ റിപ്പോർട്ടുകൾ.  

34 ട്രില്യൺ രൂപ (461.4 ബില്യൺ ഡോളർ) ആസ്തിയുള്ള എൽഐസിക്ക് സിംഗപ്പൂരിൽ ഒരു അനുബന്ധ സ്ഥാപനമുണ്ട്, ബഹ്റൈൻ, കെനിയ, ശ്രീലങ്ക, നേപ്പാൾ, സൗദി അറേബ്യ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ സംയുക്ത സംരംഭങ്ങളും ഉണ്ട്.

നിയമ സ്ഥാപനങ്ങളിൽ നിന്ന് മതിയായ പ്രതികരണം ലഭിക്കുന്നതിൽ ആദ്യ ടെണ്ടർ പരാജയപ്പെട്ടതിനാൽ എൽഐസി ഐപിഒയെ സഹായിക്കാൻ നിയമ ഉപദേഷ്ടാവിനെ നിയമിക്കാനുള്ള നിർദ്ദേശം (ആർഎഫ്പി) സർക്കാർ അടുത്തിടെ വീണ്ടും സമർപ്പിച്ചു. നിയമ സ്ഥാപനങ്ങൾ സെപ്റ്റംബർ 16 നകം ബിഡ് സമർപ്പിക്കേണ്ടതുണ്ട്. അടുത്ത ദിവസം ബിഡ്ഡുകൾ തുറക്കും.

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

click me!