ആഗോള ഓഹരി നിക്ഷേപകരെ സംബന്ധിച്ച് കടന്നു പോകുന്ന 2022 വര്‍ഷം സംഭവബഹുലമായിരുന്നു. ഉക്രൈന്‍ യുദ്ധവും ഉയര്‍ന്ന പണപ്പെരുപ്പവും കമ്മോഡിറ്റിയുടേയും കറന്‍സി വിനിമയ നിരക്കിലേയും ചാഞ്ചാട്ടങ്ങളും കേന്ദ്ര ബാങ്കുകളുടെ തുടര്‍ച്ചയായ പലിശ നിരക്ക് വര്‍ധനയും ചൈനയിലെ കര്‍ശന കോവിഡ് നിയന്ത്രണങ്ങളുമൊക്കെ വിവിധ ഘട്ടങ്ങളില്‍ ആഗോള ഓഹരി വിപണികളെ പിടിച്ചുലച്ചു.
ആഗോള ഓഹരി നിക്ഷേപകരെ സംബന്ധിച്ച് കടന്നു പോകുന്ന 2022 വര്‍ഷം സംഭവബഹുലമായിരുന്നു. ഉക്രൈന്‍ യുദ്ധവും ഉയര്‍ന്ന പണപ്പെരുപ്പവും കമ്മോഡിറ്റിയുടേയും കറന്‍സി വിനിമയ നിരക്കിലേയും ചാഞ്ചാട്ടങ്ങളും കേന്ദ്ര ബാങ്കുകളുടെ തുടര്‍ച്ചയായ പലിശ നിരക്ക് വര്‍ധനയും ചൈനയിലെ കര്‍ശന കോവിഡ് നിയന്ത്രണങ്ങളുമൊക്കെ വിവിധ ഘട്ടങ്ങളില്‍ ആഗോള ഓഹരി വിപണികളെ പിടിച്ചുലച്ചു.
ഈവര്‍ഷത്തെ തിരിച്ചടികളിലായി 14 ലക്ഷം കോടി ഡോളറിന്റെ (14 ട്രില്യന്‍ ഡോളര്‍) മൂല്യത്തകര്‍ച്ച എങ്കിലും ആഗോള തലത്തിലെ ഓഹരികളില്‍ നേരിട്ടുവെന്നാണ് അനുമാനം. ഇതോടെ ചരിത്രത്തില്‍ രേഖപ്പെടുത്തുന്ന രണ്ടാമത്തെ ഏറ്റവും മോശം വര്‍ഷമെന്ന ചീത്തപ്പേരും 2022-ന് ചാര്‍ത്തിക്കിട്ടും. പണപ്പെരുപ്പത്തെ തുടര്‍ന്ന് വിവിധ കേന്ദ്രബാങ്കുകള്‍ 300-ഓളം പലിശ നിരക്ക് വര്‍ധനകള്‍ നടത്തിയതും 3 തവണ 10 ശതമാനത്തിലധികം നേട്ടം കരസ്ഥമാക്കിയ റാലികള്‍ അരങ്ങേറിയതും ഒക്കെയായി വിപണിയിലെ ചാഞ്ചാട്ടത്തിന്റെ കാഠിന്യവും കൂടുതലായിരുന്നു. അതേസമയം പ്രധാന ഓഹരി വിപണികളുടെ 2022 വര്‍ഷത്തിലെ പ്രകടനമാണ് ചുവടെ വിശദീകരിക്കുന്നത്.
undefined
ഇന്ത്യ
വര്‍ഷം മുഴുവന്‍ കടുത്ത ചാഞ്ചാട്ടം നേരിട്ടുവെങ്കിലും ആഗോള തലത്തില്‍ തന്നെ ശ്രദ്ധേയമായ പ്രകടനമാണ് ഇന്ത്യന്‍ ഓഹരി വിപണി കാഴ്ചവെച്ചത്. എന്‍എസ്ഇയുടെ അടിസ്ഥാന സൂചികയായ നിഫ്റ്റിയും ബിഎസ്ഇയുടെ മുഖ്യ സൂചികയായ സെന്‍സെക്‌സും 5 ശതമാനത്തോളം നേട്ടം ഈവര്‍ഷം ഇതുവരെയുള്ള കാലയളവില്‍ രേഖപ്പെടുത്തുന്നു. ജൂണ്‍ മാസത്തില്‍ നേരിട്ട കനത്ത തിരിച്ചടിയില്‍ പ്രധാന സൂചികകള്‍ ഒരു വര്‍ഷത്തെ താഴ്ന്ന നിലവാരത്തിലേക്ക് വീണുപോയിരുന്നു. എന്നാല്‍ പിന്നീടുള്ള 6 മാസത്തിനിടെ 25 ശതമാനത്തിലധികം കുതിച്ചുയരാനും നവംബര്‍ അവസാനത്തോടെ സര്‍വകാല റെക്കോഡ് നിലവാരം തിരുത്തിയെഴുതാനും സൂചികകള്‍ക്ക് സാധിച്ചു. ഈവര്‍ഷം സെന്‍സെക്‌സിലെ താഴ്ന്ന നിലവാരം 50,921-ലും ഉയര്‍ന്ന നിലവാരം 63,583-ലും രേഖപ്പെടുത്തി.
അതേസമയം 2022-ല്‍ സെന്‍സെക്‌സ് സൂചികയില്‍ 1000 പോയിന്റിലധികം നേട്ടം കരസ്ഥമാക്കിയ റാലികള്‍ക്ക് 14 തവണ സാക്ഷ്യം വഹിച്ചു. ഫെബ്രുവരി 25-ന് രേഖപ്പെടുത്തിയ 1,736 പോയിന്റ് കുതിപ്പാണ് സെന്‍സെക്‌സിലെ ഈവര്‍ഷത്തെ ഏറ്റവും മികച്ച പ്രതിദിന നേട്ടം. അതുപോലെ ഉക്രൈന്‍ യുദ്ധം പൊട്ടിപ്പുറപ്പെട്ട ഫെബ്രുവരി 24-ന് നേരിട്ട 2,702 പോയിന്റ് തകര്‍ച്ചയാണ് സൂചികയിലെ ഏറ്റവും കനത്ത പ്രതിദിന നഷ്ടം. അതേസമയം കോവിഡ് മഹാമാരിയുടെ കാലഘട്ടത്തില്‍ തിളങ്ങിനിന്ന ഐടി, ഫാര്‍മ മേഖലയിലെ ഓഹരികള്‍ 2022-ല്‍ തിരിച്ചടി നേരിട്ടു. എന്നാല്‍ പവര്‍, യൂട്ടിലിറ്റി, കാപിറ്റല്‍ ഗുഡ്‌സ്, എനര്‍ജി എന്നിവയുടെ സെക്ടറല്‍ സൂചികകള്‍ 20 മുതല്‍ 30 ശതമാനം നേട്ടം കരസ്ഥമാക്കി. പൊതുമേഖലാ സ്ഥാപനങ്ങളുടെയും അദാനി ഗ്രൂപ്പിന്റേയും ഓഹരികള്‍ നിക്ഷേപകര്‍ക്ക് സുവര്‍ണനേട്ടം സമ്മാനിച്ചപ്പോള്‍ പേടിഎം പോലെയുള്ള പുതുതലമുറ കമ്പനികളുടെ ഓഹരികള്‍ കനത്തനഷ്ടവും നല്‍കി.
Read more: 2022-ലെ അവസാന വ്യാപാര ആഴ്ച; വിപണി ഇനിയും തകരുമോ? നിക്ഷേപകര്‍ ശ്രദ്ധിക്കേണ്ട ആറ് ഘടകങ്ങള്‍
യുഎസ്
ഉയര്‍ന്ന പണപ്പെരുപ്പവും ഫെഡറല്‍ റിസര്‍വിന്റെ കര്‍ക്കശമായ ധനനയങ്ങളും പലിശ നിരക്ക് വര്‍ധനയും ഇതിനെ തുടര്‍ന്നുള്ള സാമ്പത്തികമാന്ദ്യ ആശങ്കയുമൊക്കെയായി ലോകത്തെ ഏറ്റവും വലിയ ഓഹരി വിപണിയുള്ള അമേരിക്കയിലും 2022 വര്‍ഷം നിക്ഷേപകര്‍ക്ക് വെല്ലുവിളി നിറഞ്ഞതായിരുന്നു. പ്രധാനപ്പെട്ടതും ആഗോള നിക്ഷേപകര്‍ സാകൂതം ശ്രദ്ധിക്കുന്നതുമായ എസ്&പി-500 സൂചികയില്‍ 20 ശതമാനത്തോളം നഷ്ടം ഈവര്‍ഷം രേഖപ്പെടുത്തിയിട്ടുണ്ട്. അമേരിക്കയില്‍ സാമ്പത്തിക പ്രതിസന്ധി നേരിട്ട 2008-നു ശേഷം സൂചിക രേഖപ്പെടുത്തുന്ന മോശം പ്രകടനവുമാണിത്. ഒക്ടോബറില്‍ കുറിച്ച 3,577 ആണ് എസ്&പി-500 സൂചികയിലെ ക്ലോസിങ് അടിസ്ഥാനത്തിലുള്ള താഴ്ന്ന നിലവാരം. ഇതിന് 6 ശതമാനം മാത്രം മുകളിലാണ് സൂചിക ഇപ്പോഴുള്ളത്. അതുപോലെ ജനുവരി 3-ന് രേഖപ്പെടുത്തിയ 4,796 ആണ് എസ്&പി-500 സൂചികയുടെ ഈവര്‍ഷത്തെ ഉയര്‍ന്ന നിലവാരം.
ചൈന
കര്‍ശന കോവിഡ് നിയന്ത്രണങ്ങളും ഉത്പാദനശാലകള്‍ അടച്ചിട്ടതിനാലും സാമ്പത്തിക തളര്‍ച്ച നേരിടുന്നതിന്റെ പ്രതിഫലനം ലോകത്തെ രണ്ടാമത്തെ വലിയ സാമ്പത്തിക ശക്തിയായ ചൈനയിലെ ഓഹരി വിപണിയിലും ദൃശ്യമായിരുന്നു. നവംബര്‍ അവസാനത്തോടെ കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് സൂചികകള്‍ ഭാഗികമായി കരകയറിയതിനാല്‍ ഈവര്‍ഷത്തെ നഷ്ടത്തിന്റെ ആഘാതം കുറയ്ക്കാന്‍ സഹായിച്ചു. ഹോങ്കോംഗ് സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചിന്റെ ഹാങ് സെങ് സൂചികയില്‍ ഈവര്‍ഷം 17% നഷ്ടമാണ് ഇതുവരെയായി രേഖപ്പെടുത്തിയിരിക്കുന്നത്. സമാനമായി ചൈനയിലെ ലിസ്റ്റ് ചെയ്യപ്പെട്ട മുന്‍നിര കമ്പനികള്‍ ഭാഗമായ ഷാങ്ഹായ്, ഷെന്‍സെന്‍ ഓഹരി വിപണികളുടെ അടിസ്ഥാന സൂചികകള്‍ യഥാക്രമം 12 ശതമാനവും 18 ശതമാനം തോതിലും 2022-ല്‍ ഇടിവ് രേഖപ്പെടുത്തുന്നുണ്ട്.
യൂറോപ്പ്
ഉക്രൈന്‍ യുദ്ധത്തെ തുടര്‍ന്ന് നേരിടുന്ന ഊര്‍ജ പ്രതിസന്ധിയും പണപ്പെരുപ്പവും കേന്ദ്രബാങ്കുകള്‍ ഉയര്‍ത്തുന്ന പലിശ നിരക്കുമൊക്കെ യൂറോപ്യന്‍ മേഖലയിലെ ഓഹരി വിപണികളേയും 2022-ല്‍ ചാഞ്ചാട്ടത്തിന്റെ പാതയിലേക്ക് തള്ളിവിട്ടു. യൂറോപ്പിലെ പ്രധാന ഓഹരി സൂചികകളായ ഡാക്‌സ് (ജര്‍മനി) 11 ശതമാനവും കാക്-40 (ഫ്രാന്‍സ്) 8 ശതമാനവും ഫുട്‌സി-100 (ബ്രിട്ടന്‍) 1 ശതമാനം വീതവും നഷ്ടം 2022-ല്‍ ഇതുവരെയുള്ള കാലയളവില്‍ രേഖപ്പെടുത്തുന്നു.