റിസര്‍വ് ബാങ്കിന്‍റെ കഴിഞ്ഞ ദിവസത്തെ പണനയ അവലോകന യോഗ തീരുമാനങ്ങള്‍ ഈ പ്രതിസന്ധിക്ക് പരിഹാരമുണ്ടാക്കുമെന്നാണ് വിപണി നിരീക്ഷകരുടെ വിലയിരുത്തല്‍.
ദില്ലി: ഒക്ടോബറിലെ ആദ്യ മൂന്ന് വ്യാപാര സെഷനുകളില്‍ ഇക്വിറ്റി വിപണിയില്‍ നിന്ന് 3,000 കോടി രൂപ എഫ്പിഐ (ഫോറിന്‍ പോര്‍ട്ട്ഫോളിയോ) നിക്ഷേപം പിന്‍വലിക്കപ്പെട്ടു. ഒക്ടോബര്‍ ഒന്ന് മുതല്‍ നാല് വരെയുളള വ്യാപാര സെഷനുകളിലാണ് എഫ്പിഐ നിക്ഷേപം പിന്‍വലിക്കപ്പെട്ടത്. പ്രധാനമായും ആഗോളതലത്തിലെ സാമ്പത്തിക മാന്ദ്യത്തിന്‍റെ സൂചനകളും വ്യാപാര യുദ്ധവുമാണ് നിക്ഷേപം പിന്‍വലിച്ചുകൊണ്ട് പോകാന്‍ നിക്ഷേപകരെ പ്രേരിപ്പിച്ച ഘടകം.
എന്നാല്‍, റിസര്‍വ് ബാങ്കിന്‍റെ കഴിഞ്ഞ ദിവസത്തെ പണനയ അവലോകന യോഗ തീരുമാനങ്ങള്‍ ഈ പ്രതിസന്ധിക്ക് പരിഹാരമുണ്ടാക്കുമെന്നാണ് വിപണി നിരീക്ഷകരുടെ വിലയിരുത്തല്‍. വിപണിയിലെ നിക്ഷേപ വളര്‍ച്ചയ്ക്കായി സെബി നടത്തുന്ന ഇടപെടലുകളും ഗുണകരമായേക്കും.
ഇക്വിറ്റി വിപണിയില്‍ നിന്ന് 2,947 കോടി രൂപയും ഡെപ്റ്റ് വിപണിയില്‍ നിന്ന് 977 കോടി രൂപയും പുറത്തേക്ക് പോയി. ആകെ പിന്‍വലിക്കപ്പെട്ടത് 3,924 കോടി രൂപയാണ്. ഒക്ടോബര്‍ രണ്ടാം തീയതി ഓഹരി വിപണിക്ക് അവധിയായിരുന്നു. സെപ്റ്റംബറില്‍ ഇക്വിറ്റി വിപണിയില്‍ 7,850 കോടി രൂപയുടെ നിക്ഷേപമാണ് എഫ്പിഐകളില്‍ നിന്നുണ്ടായത്.