ഫെസ്ബുക്കിന് പത്ത് ശതമാനം ഓഹരികൾ വിൽക്കുന്നതോടെ ഈ ബാധ്യത പൂജ്യത്തിലേക്ക് എത്തിക്കാൻ ജിയോക്ക് സാധിക്കും.
മുംബൈ: അമേരിക്കൻ ടെക് ഭീമൻ ഫേസ്ബുക്ക്, റിലയൻസ് ജിയോയിൽ ഓഹരി നിക്ഷേപത്തിന് ഒരുങ്ങുന്നു. പത്ത് ശതമാനം ഓഹരി വാങ്ങാനാണ് നീക്കമെന്നാണ് റിപ്പോർട്ട്. ഇന്ത്യയിൽ അതിവേഗം വളരുന്ന ടെലികോം കമ്പനിയാണ് മുകേഷ് അംബാനിയുടെ റിലയൻസ് ജിയോ. 370 ദശലക്ഷം സബ്സ്ക്രൈബർമാരാണ് ജിയോക്ക് നിലവിലുള്ളത്. ഫിനാൻഷ്യൽ എക്സ്പ്രസാണ് വാർത്ത പുറത്തുവിട്ടത്. ഇരുകമ്പനികളും തമ്മിൽ കരാർ ഒപ്പുവയ്ക്കുന്നത് കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ വൈകുകയാണെന്നും റിപ്പോർട്ടിൽ പറയുന്നു.
വമ്പിച്ച ഓഫറുകളോടെയാണ് ഇന്ത്യൻ വിപണിയിൽ ജിയോയുടെ രംഗപ്രവേശം. അതിനാൽ തന്നെ കമ്പനിക്ക് ഉയർന്ന കടബാധ്യതയാണ് ഇപ്പോഴുള്ളത്. ഫെസ്ബുക്കിന് പത്ത് ശതമാനം ഓഹരികൾ വിൽക്കുന്നതോടെ ഈ ബാധ്യത പൂജ്യത്തിലേക്ക് എത്തിക്കാൻ ജിയോക്ക് സാധിക്കും. മാർച്ച് 2021 ന് മുൻപ് ബാധ്യത പൂജ്യത്തിലെത്തിക്കണമെന്ന ലക്ഷ്യമാണ് ജിയോക്കുള്ളത്. വാട്സ്ആപ്പ്, ഇൻസ്റ്റഗ്രാം എന്നിവയുടെ ഉടമയായ ഫെയ്സ്ബുക് ഇന്ത്യൻ ടെലികോം വിപണിയിൽ നിർണായക ചുവടുവെയ്പ്പിനാണ് ശ്രമിക്കുന്നത്. ഫെയ്സ്ബുക്കിന് ഏറ്റവും കൂടുതൽ ഉപഭോക്താക്കളുള്ളത് ഇന്ത്യയിലാണ്. അതിനാൽ തന്നെ ഈ ഇടപാട് കമ്പനിക്ക് വളരെ നിർണായകമാണ്.