നാളെ ഫലം വരുമ്പോള്‍ ബിജെപിക്ക് ഒറ്റക്ക് ഭൂരിപക്ഷം കിട്ടിയില്ലെങ്കില്‍ വിപണിയില്‍ താത്കാലി ഇടിവിനും സാധ്യതയുണ്ടെന്ന് വിദഗ്ധര്‍ വ്യക്തമാക്കുന്നു.
മുംബൈ: മോദി സര്‍ക്കാര്‍ വീണ്ടും വരുമെന്ന എക്സിറ്റ് പോള്‍ റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് ഓഹരി വിപണിയില്‍ വന്‍ കുതിപ്പ്. സെന്‍സെക്സ് 2700 പോയിന്‍റോളം ഉയര്‍ന്ന് സര്‍വ്വകാല ഉയരത്തിലെത്തി. നിഫ്ടി 750 പോയിന്‍റാണ് ഉയര്‍ന്നത്. അദാനിയുടെ വിവിധ കമ്പനികളുടെ ഓഹരി വിലയിലും കുതിപ്പുണ്ടായി. മികച്ച ഭൂരിപക്ഷത്തില്‍ സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ നിലവിലുള്ള നയങ്ങള്‍ തുടരുമെന്ന വിലയിരുത്തലാണ് വിപണിയിലെ മുന്നേറ്റത്തിന്‍റെ കാരണം. എന്നാല്‍ നാളെ ഫലം വരുമ്പോള്‍ ബിജെപിക്ക് ഒറ്റക്ക് ഭൂരിപക്ഷം കിട്ടിയില്ലെങ്കില്‍ വിപണിയില്‍ താത്കാലി ഇടിവിനും സാധ്യതയുണ്ടെന്ന് വിദഗ്ധര്‍ വ്യക്തമാക്കുന്നു. കൂട്ടുകക്ഷി സര്‍ക്കാരാണ് അധികാരത്തില്‍ വരുന്നതെങ്കില്‍ നിലവിലെ നയങ്ങളില്‍ മാറ്റമുണ്ടാകാമെന്നാണ് വിപണിയുടെ കണക്കുകൂട്ടല്‍. ഇന്‍ഡ്യ മുന്നണിക്കാണ് ഭൂരിപക്ഷമെങ്കിലും താത്കാലികമായി വിപണി താഴോട്ട് പോകാനുള്ള സാധ്യതയുണ്ടെന്നും വിഗദ്ധര്‍ വ്യക്തമാക്കുന്നു. ബിഎസ്ഇ ഓഹരികളുടെ വിപണി മൂലധനത്തിലേക്ക് ഇന്ന് 12.48 ലക്ഷം കോടി രൂപയുടെ സമ്പത്ത് കൂട്ടിച്ചേർത്തു.
ഇന്ന് ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയവരില്‍ മുന്‍പന്തിയിലെത്തി അദാനി ഗ്രൂപ്പ് ഓഹരികള്‍.18 ശതമാനം നേട്ടമാണ് ഇന്ന് അദാനി ഗ്രൂപ്പ് ഓഹരികളിലുണ്ടായത്. അദാനി ഗ്രൂപ്പിന്‍റെ മൊത്തത്തിലുള്ള വിപണി മൂല്യം 1.4 ലക്ഷം കോടിയാണ് വര്‍ധിച്ചത്. ഇതോടെ അദാനി ഗ്രൂപ്പിന്‍റെ ആകെ വിപണി മൂല്യം 20 ലക്ഷം കോടിയായി. അദാനി പവര്‍ ഓഹരികളാണ് ഏറ്റവും കൂടുതല്‍ നേട്ടം കൈവരിച്ച ഓഹരികളിലൊന്ന് . വ്യാപാരം തുടങ്ങി ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ 18 ശതമാനത്തോളം നേട്ടമാണ് അദാനി പവറിന്‍റെ ഓഹരികളിലുണ്ടായത്. അദാനി ഗ്രീന്‍, അദാനി പോര്‍ട്സ് എന്നീ ഓഹരികളിലും വന്‍ കുതിപ്പുണ്ടായി. അദാനി ടോട്ടൽ ഗ്യാസ്, അദാനി വിൽമർ, അദാനി എനർജി സൊല്യൂഷൻസ്, അദാനി ഗ്രീൻ എനർജി, അംബുജ സിമന്റ്സ്, എസിസി, എൻഡിടിവി എന്നിവ 3 ശതമാനത്തിനും 16 ശതമാനത്തിനും ഇടയിൽ നേട്ടമുണ്ടാക്കി.