'ഉർവശീ ശാപം ഉപകാരം': കുത്തനെ ഇടിഞ്ഞ് ക്രൂഡ് വില, 10 ഡോളറോളം കുറഞ്ഞു; ചരിത്രത്തിലെ ഏഴാമത്തെ തകർച്ച

By Web Team  |  First Published Nov 27, 2021, 12:40 PM IST

ഇന്നലെ കൊവിഡ് ഭീതി ഉയർന്നതോടെ ബാരലിന്റെ വില കുത്തനെ താഴ്ന്നു. 82.20 ഡോളർ എന്ന നിലയിൽ നിന്ന് 72.67 ഡോളറിലേക്കാണ് ഒരു ബാരലിന്റെ വില കുറഞ്ഞത്


ദില്ലി: കൊവിഡിന്‍റെ പുതിയ വകഭേദത്തെക്കുറിച്ചുള്ള ആശങ്കയിലാണ് ആഗോള സാമ്പത്തിക രംഗം. കൂടുതല്‍ രാജ്യങ്ങളില്‍  വീണ്ടും നിയന്ത്രണം ഏര്‍പ്പെടുത്തിയാല്‍ സാമ്പത്തിക മേഖലയില്‍ തിരിച്ചടിയുണ്ടാകുമെന്ന വിലയിരുത്തലില്‍ ലോകമെങ്ങും ഓഹരി വിപണി ഇടിഞ്ഞു. ഉൽപ്പാദനം നിയന്ത്രിച്ച് അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിലിന്റെ വില താഴാതെ നിലനിർത്തിയ ഒപെക് രാജ്യങ്ങൾക്ക് വൻ തിരിച്ചടിയാണ് പുതിയ കൊവിഡ് ഭീതി ഉണ്ടാക്കിയിരിക്കുന്നത്. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയില്‍ വില കുത്തനെ ഇടിഞ്ഞതാണ് കാരണം.

പുതിയ കൊവിഡ് വകഭേദം ഇതുവരെയുള്ളതിൽ വെച്ച് ഏറ്റവും മാരകമാണെന്നും വ്യാപനം കൂടിയാല്‍ ലോകമെങ്ങും വലിയ തിരിച്ചടിയുണ്ടാകുമെന്നും ഭീതി പരന്ന സാഹചര്യത്തിലാണ് സാമ്പത്തിക മേഖലയുള്ളത്. ലോക്ക്ഡൗണുകൾ അവസാനിച്ച് സാമ്പത്തിക മേഖല പതുക്കെ കരകയറുന്നതിനിടെയാണ്  വീണ്ടും പുതിയ വകഭേദം ഭീഷണിയാകുന്നത്. യാത്രാ നിയന്ത്രണങ്ങളും അടച്ചുപൂട്ടലും ഇനിയും വന്നാല്‍ വിവിധ രാജ്യങ്ങളില്‍ വന്‍ സാമ്പത്തിക പ്രതിസന്ധിയുണ്ടാക്കും. ഈ ആശങ്കയില്‍ ലോകമെങ്ങും ഓഹരി വിപണികള്‍ കൂപ്പുകുത്തി. ഇന്‍ഡ്യയിലെ നിക്ഷേപകര്‍ക്ക് ആറര ലക്ഷം കോടി രൂപയാണ് ഇന്നലെ നഷ്ടമായത്. അമേരിക്കയില്‍ ഡൗജോണ്‍സ് സൂചിക 900 പോയിന്‍റോളം ഇടിഞ്ഞു. ക്രൂഡ് ഓയില്‍ വില കുത്തനെ താഴ്ന്ന് 72 ഡോളറിലെത്തി. സ്വര്‍ണ്ണവില വീണ്ടും കൂടി. പ്രതിസന്ധി കാലത്തെ  സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ വന്‍കിട നിക്ഷേപകര്‍ സ്വര്‍ണ്ണം വാങ്ങുന്നതാണ് വില കൂടാന്‍ കാരണം.

Latest Videos

undefined

ക്രൂഡ് ഓയിൽ വില നവംബർ 10 ന് 85.40 ഡോളറായിരുന്നു. പിന്നീട് ഏറ്റക്കുറച്ചിലുണ്ടായി. നവംബർ 19 ന് 78 ഡോളറിലേക്ക് താഴ്ന്ന ശേഷം കഴിഞ്ഞ ദിവസങ്ങളിൽ ഉയർന്ന് ബാരലിന് 82 ഡോളർ എന്ന നിലയിലായിരുന്നു. ഇന്നലെ കൊവിഡ് ഭീതി ഉയർന്നതോടെ ബാരലിന്റെ വില കുത്തനെ താഴ്ന്നു. 82.20 ഡോളർ എന്ന നിലയിൽ നിന്ന് 72.67 ഡോളറിലേക്കാണ് ഒരു ബാരലിന്റെ വില കുറഞ്ഞത്.

കുതിച്ചുയരുന്ന രാജ്യാന്തര എണ്ണവില കുറക്കാന്‍ എണ്ണ ഉത്പാദനം കൂട്ടണമെന്ന ഇന്ത്യയടക്കമുള്ള രാജ്യങ്ങളുടെ അഭ്യര്‍ത്ഥന എണ്ണ ഉത്പാദക രാജ്യങ്ങള്‍ തള്ളിയിരുന്നു. തുടർന്ന് കരുതൽ ശേഖരം ഉപയോഗിക്കാൻ അമേരിക്കയുടെ നേതൃത്വത്തില്‍ ഇന്ത്യയടക്കം തീരുമാനിച്ചു.  കരുതല്‍ ശേഖരത്തില്‍ നിന്നും അമേരിക്ക  എണ്ണ വിപണിയിലിറക്കിയതോടെയാണ് കഴിഞ്ഞ ആഴ്ച ക്രൂഡ് ഓയിൽ വില 4 ഡോളറോളം കുറഞ്ഞത്. ലോകത്ത് എണ്ണ ഇറക്കുമതിയിൽ മൂന്നാം സ്ഥാനത്തുള്ള ഇന്ത്യയടക്കം കരുതൽ ശേഖരം ഉപയോഗിച്ചാൽ എണ്ണ വില കുറയ്ക്കാമെന്ന് അമേരിക്ക ചൂണ്ടിക്കാട്ടിയിരുന്നു. ഇന്ത്യയ്ക്ക് 3.80 കോടി ബാരൽ ക്രൂഡ് ഓയിലാണ് കരുതൽ ശേഖരമുള്ളത്. ഇതിൽ 50 ലക്ഷം ബാരല്‍ ക്രൂഡ് ഓയിൽ ഉപയോഗിക്കാൻ തീരുമാനിച്ചിരുന്നു. 

click me!