സെൻസെക്സ് ഇന്ന് വിപണി ക്ലോസ് ചെയ്തപ്പോൾ 60322.37 പോയിന്റിലും നിഫ്റ്റി 110.30 പോയന്റ് താഴ്ന്ന് 17999.20ലും വ്യാപാരം അവസാനിപ്പിച്ചു
മുംബൈ: തുടർച്ചയായ രണ്ടാംദിവസവും സൂചികകൾക്ക് നേട്ടം നിലനിർത്താനായില്ല. വാഹന കമ്പനികളുടെ ഓഹരികളൊഴികെ ബാങ്ക്, ഫാർമ, ഓയിൽ ആൻഡ് ഗ്യാസ്, മെറ്റൽ, ഇന്റസ്ട്രി ഓഹരികളിലുണ്ടായ ഉയർന്ന വിൽപ്പന സമ്മർദ്ദം ഓഹരി സൂചികകൾക്ക് ക്ഷീണമായി. നിഫ്റ്റി വീണ്ടും 18000 ത്തിന് താഴെയെത്തിയപ്പോൾ സെൻസെക്‌സ് 396.34 പോയന്റ് നഷ്ടത്തിൽ ക്ലോസ് ചെയ്തു.
സെൻസെക്സ് ഇന്ന് വിപണി ക്ലോസ് ചെയ്തപ്പോൾ 60322.37 പോയിന്റിലും നിഫ്റ്റി 110.30 പോയന്റ് താഴ്ന്ന് 17999.20ലും വ്യാപാരം അവസാനിപ്പിച്ചു. റിലയൻസ് ഇൻഡസ്ട്രീസിനാണ് ഏറ്റവും കൂടുതൽ ക്ഷീണമുണ്ടായത്. ഓഹരി മൂല്യം മൂന്ന് ശതമാനം ഇടിഞ്ഞ് 2497 രൂപയിലെത്തി. എസ്ബിഐ, ഇന്റസ്ഇന്റ് ബാങ്ക്, എൻടിപിസി എന്നിവയുടെ ഓഹരി മൂല്യം രണ്ട് ശതമാനം ഇടിഞ്ഞു. ഇന്ന് ബോംബെ സ്റ്റോക് എക്സ്ചേഞ്ചിനേറ്റ തിരിച്ചടിയുടെ പാതിയും റിലയൻസിന്റെ അക്കൗണ്ടിൽ നിന്ന് മാത്രമാണ്. ശ്രീ സിമെന്റ്‌സ്, ഹിൻഡാൽകോ ഇൻഡസ്ട്രീസ്, ടാറ്റ കൺസ്യൂമർ പ്രൊഡക്ട്‌സ്, എസ്ബിഐ തുടങ്ങിയ ഓഹരികളും നഷ്ടംനേരിട്ടു.
മാരുതി സുസുകിയാണ് ഓട്ടോ കമ്പനികളിൽ ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയത്. സെൻസെക്സിലെ 30 സ്റ്റോക്കുകളിൽ ആകെ നേട്ടമുണ്ടാക്കിയ ഓഹരിയും ഇവരാണ്. മാരുതി ഓഹരി മൂല്യം 7.3 ശതമാനം ഉയർന്ന് 8050 രൂപയിലാണ് ക്ലോസ് ചെയ്തത്. മഹീന്ദ്ര ആന്റ് മഹീന്ദ്ര ഓഹരി മൂല്യം മൂന്ന് ശതമാനം ഉയർന്നു. ടാറ്റ മോട്ടോഴ്‌സ്, ഹീറോ മോട്ടോർകോർപ്, ടെക് മഹീന്ദ്ര തുടങ്ങിയ ഓഹരികളും നേട്ടമുണ്ടാക്കി.