വീണ്ടും റെക്കോർഡ് മുന്നേറ്റം! ഇന്ത്യൻ ഓഹരി വിപണി പുതിയ ഉയരത്തിൽ; ക്രൂഡ് ഓയിൽ നിരക്ക് ഉയർന്നേക്കും

By Web Team  |  First Published Nov 17, 2020, 7:14 PM IST

മേഖലാ രംഗത്ത് ബാങ്കുകളും മെറ്റൽ സ്റ്റോക്കുകളും മികച്ച നേട്ടങ്ങൾ കരസ്ഥമാക്കി. 


മുംബൈ: ആഭ്യന്തര ബെഞ്ച്മാർക്ക് സൂചികകൾ ചൊവ്വാഴ്ച വ്യാപാരത്തിൽ 0.7 ശതമാനം നേട്ടത്തോ‌ടെ റെക്കോർഡ് ഉയരത്തിൽ എത്തി. ബിഎസ്ഇ സെൻസെക്സ് 315 പോയിന്റ് അഥവാ 0.72 ശതമാനം ഉയർന്ന് 43,953 എന്ന നിലയിലെത്തി. നിഫ്റ്റി 12,874 ൽ 94 പോയിന്റ് അഥവാ 0.74 ശതമാനം ഉയർന്നു. ആദ്യകാല ഡീലുകളിൽ, സെൻസെക്സ് നിർണായകമായ 44,000 മാർക്കിലേക്കും കയറി.
 
ഇന്നത്തെ റാലിയോടെ ബിഎസ്ഇ ലിസ്റ്റുചെയ്ത കമ്പനികളുടെ മാർക്കറ്റ് ക്യാപിറ്റലൈസേഷൻ (എം-ക്യാപ്) 170 ട്രില്യൺ രൂപ എന്ന പരിധി കടന്ന് 170.59 ട്രില്യൺ രൂപയായി.
 
ബിഎസ്ഇ മിഡ് ക്യാപ്പ് സൂചിക 16,147 ലെവലിൽ ഒരു ശതമാനം മുന്നേറിയപ്പോൾ ബിഎസ്ഇ സ്മോൾക്യാപ്പ് സൂചിക 0.88 ശതമാനം ഉയർന്ന് 15,910 ലെവലിൽ എത്തി.
 
മേഖലാ രംഗത്ത് ബാങ്കുകളും മെറ്റൽ സ്റ്റോക്കുകളും മികച്ച നേട്ടങ്ങൾ കരസ്ഥമാക്കി. നിഫ്റ്റി ബാങ്ക് 587 പോയിൻറ് അഥവാ രണ്ട് ശതമാനം ഉയർന്ന് 29,181.30 ലെത്തി. നിഫ്റ്റി മെറ്റൽ 2.5 ശതമാനം ഉയർന്ന് 2,761 ലെവലിലേക്കും എത്തി. 
 
ആഗോള വിപണി സൂചനകൾ

കൊറോണ വൈറസ് വാക്സിൻ വാർത്തകളെ തുടർന്ന്, ചൊവ്വാഴ്ച ഏഷ്യൻ ഓഹരികൾ നേട്ടമുണ്ടാക്കുകയും താൽക്കാലികമായി റെക്കോർഡ് മുന്നേറ്റം നടത്തുകയും ചെയ്തു.
 
യൂറോപ്യൻ രാജ്യങ്ങൾ കൊറോണ വൈറസ് വ്യാപാനം തടയുന്നതിനായുളള നിയന്ത്രണങ്ങൾ ശക്തമാക്കിയതിനെ തുടർന്ന് എട്ട് മാസത്തെ ഏറ്റവും ഉയർന്ന നിലയിൽ നിന്ന് ഓഹരികൾ താഴേക്ക് നീങ്ങി. ഒപെക്കും സഖ്യകക്ഷികളും എണ്ണ ഉൽപാദനം വെട്ടിക്കുറച്ച തീരുമാനം കുറഞ്ഞത് മൂന്ന് മാസമെങ്കിലും നീട്ടിയേക്കുമെന്ന റിപ്പോർട്ടുകൾ ക്രൂഡ് വിപണിയിൽ അനുകൂല വികാരത്തിന് കാരണമായി. 

Latest Videos

click me!