ടെക് മഹീന്ദ്ര, ടാറ്റ മോട്ടോർസ്, വിപ്രോ, ബിപിസിഎൽ, ബജാജ് ഫിൻസെർവ് തുടങ്ങിയവരായിരുന്നു നിഫ്റ്റിയിലെ ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയ ഓഹരികൾ
മുംബൈ: ആഭ്യന്തര ഓഹരി വിപണികൾ ഇന്ന് നേട്ടത്തോടെ വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റി 17300 ന് മുകളിലാണ് ക്ലോസ് ചെയ്തത്. 2022-23 സാമ്പത്തിക വർഷത്തിൽ ഇന്ത്യൻ സമ്പദ് വ്യവസ്ഥ എട്ട് മുതൽ എട്ടര ശതമാനം വരെ വളർച്ച നേടുമെന്ന ഇക്കണോമിക് സർവേ റിപ്പോർട്ടിലെ വിലയിരുത്തലാണ് ഇന്ന് ഓഹരി വിപണിയെ നേട്ടത്തിലേക്ക് നയിച്ച പ്രധാന ഘടകങ്ങൾ.
സെൻസെക്സ് ഇന്ന് 813.94 പോയിന്റ് നേട്ടത്തിലാണ് ക്ലോസ് ചെയ്തത്. 1.42 ശതമാനമാണ് നേട്ടം. 58014.17 പോയിന്റിലാണ് സെൻസെക്സ് വ്യാപാരം അവസാനിപ്പിച്ചത്. അതേസമയം നിഫ്റ്റി 237.80 പോയിന്റ് മുന്നേറി. 1.39 ശതമാനം നേട്ടത്തോടെ 17339.80 ത്തിലാണ് നിഫ്റ്റി ഇന്നത്തെ വ്യാപാരം അവസാനിപ്പിച്ചത്. ഓട്ടോ, ഫാർമ, ഐടി, ഓയിൽ ആന്റ് ഗ്യാസ്, പൊതുമേഖലാ ബാങ്കുകൾ തുടങ്ങിയ മേഖലകൾ ഒന്ന് മുതൽ മൂന്ന് ശതമാനം വരെ മുന്നേറി. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾക്യാപ് ഓഹരികൾ ഒന്ന് മുതൽ 1.7 ശതമാനം വരെ നേട്ടമുണ്ടാക്കി.
ടെക് മഹീന്ദ്ര, ടാറ്റ മോട്ടോർസ്, വിപ്രോ, ബിപിസിഎൽ, ബജാജ് ഫിൻസെർവ് തുടങ്ങിയവരായിരുന്നു നിഫ്റ്റിയിലെ ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയ ഓഹരികൾ. ഇന്റസ്ഇന്റ് ബാങ്ക്, കൊടാക് മഹീന്ദ്ര ബാങ്ക്, യുപിഎൽ, കോൾ ഇന്ത്യ, എച്ച്‌യുഎൽ എന്നിവയാണ് ഇന്ന് തിരിച്ചടി നേരിട്ട പ്രധാന ഓഹരികൾ.