'പഴയ സുരക്ഷിത നിലയിലേക്കൊന്നും ഇന്ത്യന്‍ രൂപ അടുത്തകാലത്ത് താഴില്ല'

By Anoop Pillai  |  First Published Sep 30, 2018, 7:14 PM IST

 രാജ്യം കടന്നുപോകുന്ന ഗുരുതര സാമ്പത്തിക പ്രതിസന്ധികളില്‍ നിന്ന് രക്ഷപെടാന്‍ കേന്ദ്ര സര്‍ക്കാരും റിസര്‍വ് ബാങ്കും ശക്തമായ ശ്രമങ്ങള്‍ നടത്തിവരുകയാണ്


ദിനംപ്രതി രൂപയുടെ മൂല്യം ഡോളറിനെതിരെ വന്‍ തകര്‍ച്ച നേരിടുകയാണ്. ഇതോടൊപ്പം അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില കുതിച്ചുകയറുന്നതും ഇന്ത്യയ്ക്ക് ഭീഷണിയാവുകയാണ്. നിലവില്‍ ഡോളറിനെതിരെ രൂപയുടെ മൂല്യം 73 ന് അടുത്തെത്തി നില്‍ക്കുന്നു. രാജ്യം കടന്നുപോകുന്ന ഗുരുതര സാമ്പത്തിക പ്രതിസന്ധികളില്‍ നിന്ന് രക്ഷപെടാന്‍ കേന്ദ്ര സര്‍ക്കാരും റിസര്‍വ് ബാങ്കും ശക്തമായ ശ്രമങ്ങള്‍ നടത്തിവരുകയാണ്. 
 

രൂപയുടെ മൂല്യത്തകര്‍ച്ചയ്ക്കുളള പ്രധാന കാരണങ്ങള്‍ എന്താെക്കയാണ് ?

Latest Videos

undefined

പ്രധാന കാരണം എണ്ണവില വര്‍ദ്ധനവാണ്. യുഎസ് സമ്പദ് വ്യവസ്ഥ നടത്തുന്ന മികച്ച പ്രകടനമാണ് മറ്റൊന്ന്. യുഎസ്സില്‍ നടത്തുന്ന നിക്ഷേപങ്ങള്‍ക്ക് ഉയര്‍ന്ന പലിശ ലഭിക്കുമെന്ന തോന്നല്‍ ഡോളറിലേക്ക് നിക്ഷേപകരെ വലിയ തോതിലാണ് ആകര്‍ഷിക്കുന്നത്. ഇതുമൂലം ഇന്ത്യയില്‍ നിക്ഷേപിച്ചിരിക്കുന്ന വിദേശ പോര്‍ട്ട് ഫോളിയോ നിക്ഷേപങ്ങള്‍ ഇന്ന് യുഎസ്സിലേക്ക് ഒഴുകുകയാണ്. തന്മൂലം രൂപയുടെ മൂല്യമിടിയുകയും ഡോളര്‍ കൂടുതല്‍ ശക്തിപ്രാപിക്കുകയും ചെയ്യും. വിനിമയ നിരക്കുകളില്‍ കുറവുണ്ടാവാന്‍ പ്രധാനകാരണം ഇത്തരം ബാഹ്യ ഘടകങ്ങളാണ്.      

രൂപയുടെ മൂല്യത്തകര്‍ച്ചയില്‍ റിസര്‍വ് ബാങ്കിന് ചെയ്യാനാവുന്നത്?

റിസര്‍വ് ബാങ്കിന്‍റെ ഇടപെടല്‍ രൂപയുടെ മൂല്യമുയരാന്‍ സഹായിക്കാറുണ്ട്. റിസര്‍വ് ബാങ്ക് കരുതല്‍ ധനശേഖരം (ഡോളര്‍) വിറ്റഴിച്ചാല്‍ രൂപയുടെ ഇടിവ് കുറയ്ക്കാനാവും. അതാണ് അവര്‍ ഇപ്പോള്‍ ചെയ്തുവരുന്നതും. ഇപ്പോള്‍ ജൂണിലും ജൂലൈലുമായി വിറ്റഴിച്ച ഡോളറിന്‍റെ കണക്കുകള്‍ മാത്രമേ പുറത്ത് വന്നിട്ടൊള്ളൂ. ജൂണില്‍ 14.43 ബില്യണ്‍ ഡോളര്‍ കരുതല്‍ ധനം ആര്‍ബിഐ വിറ്റഴിച്ചു. ജൂലൈയില്‍ 16.3 ബില്യണ്‍ ഡോളറും വിറ്റഴിച്ചു. എന്നാല്‍, റിസര്‍വ് ബാങ്കിന്‍റെ ഇത്തരം ഇടപെടലുകള്‍ കൊണ്ട് ഗുണമൊന്നും ഉണ്ടായില്ല.

രൂപയുടെ ഇടിവ് ശക്തമായി തുടരുന്നതിനാലാണ് റിസര്‍വ് ബാങ്കിന്‍റെ ഇത്തരം ഇടപെടലുകള്‍ ഗുണം കാണാതെ പോവുന്നത്.

  

രൂപയ്ക്ക് കരുത്ത് കൂട്ടാന്‍ കേന്ദ്ര സര്‍ക്കാര്‍ കൈക്കൊണ്ട ഉന്നതതലയോഗ തീരുമാനങ്ങള്‍ ഫലപ്രദമാണോ? 

രൂപയെ രക്ഷിക്കാനായി കറന്‍റ് അക്കൗണ്ട് കമ്മി കുറയ്ക്കാനായുളള നടപടികളാണ് കേന്ദ്ര സര്‍ക്കാര്‍ ഉന്നതതലയോഗത്തില്‍ തീരുമാനിച്ചത്. ഏകദേശം  ജിഡിപിയുടെ 2.4 ശതമാനമാണ് ഇപ്പോള്‍ കറന്‍റ് അക്കൗണ്ട് കമ്മി ഇത് വളരെ ഉയര്‍ന്നതാണ്. കറന്‍റ് അക്കൗണ്ട് കമ്മി ഉയരാന്‍ കാരണം ക്രൂഡിന്‍റെ വിലയിലുണ്ടായ വലിയ വര്‍ദ്ധനവാണ്. 

സോഫ്റ്റ്‍വെയര്‍ കയറ്റുമതിയും പ്രവാസികളുടെ പണവുമാണ് രാജ്യത്തിന്‍റെ കറന്‍റ് അക്കൗണ്ട് കമ്മി കുറയ്ക്കുന്ന ഘടകങ്ങള്‍. എന്നാല്‍, ഈ മേഖലയിലുണ്ടായ തളര്‍ച്ചയും കറന്‍റ് അക്കൗണ്ട് കമ്മി വര്‍ദ്ധിപ്പിക്കാനിടയാക്കിയിട്ടുണ്ട്. ഇവ ഓരോന്നും ഏകദേശം 70 ബില്യണ്‍ ഡോളര്‍ വീതം രാജ്യത്തിന് സംഭാവന ചെയ്യുന്നുണ്ട്.

ഗള്‍ഫ് രാജ്യങ്ങളില്‍ നടപ്പാക്കി വരുന്ന സ്വദേശിവല്‍ക്കരണം നമ്മുടെ നാട്ടിലേക്കുളള പണം വരവില്‍ കുറവ് വരുത്തിയിട്ടുണ്ട്. വ്യാപാര കമ്മി കുറയ്ക്കുകയും അതിലൂടെ കറന്‍റ് അക്കൗണ്ട് കമ്മിയും കുറയ്ക്കാന്‍ രാജ്യത്തിന് ഇന്ന് കഴിയാതെ പോകുന്നതില്‍ ഈ കുറവ് പ്രധാന കാരണമാണ്. കറന്‍റ് അക്കൗണ്ട് കമ്മി കുറച്ചാല്‍ രൂപയുടെ മൂല്യത്തകര്‍ച്ചയെ നിയന്ത്രിക്കാനാവും.   

ഇറക്കുമതി നിയന്ത്രിച്ച് രൂപയെ രക്ഷപെടുത്താന്‍ കേന്ദ്ര സര്‍ക്കാരിന് കഴിയുമോ?

ഇറക്കുമതി നിയന്ത്രണത്തിലൂടെ കറന്‍റ് അക്കൗണ്ട് കമ്മി കുറയ്ക്കാന്‍ ബുദ്ധിമുട്ടാണ്. നമ്മുടെ കയറ്റുമതിയില്‍ സിംഹഭാഗവും ഇറക്കുമതിയെ ആശ്രയിച്ചിരിക്കുന്നവയാണ്. നമ്മുടെ കയറ്റുമതി ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കാനുളള അസംസ്കൃത വസ്തുക്കള്‍ ഇറക്കുമതിയിലൂടെയാണ് രാജ്യത്തേക്കെത്തുന്നത്.  ഇറക്കുമതി നിയന്ത്രണമുണ്ടായാല്‍ കയറ്റുമതിയും വീണുപോകും. കറന്‍റ് അക്കൗണ്ട് കമ്മി നിയന്ത്രണം സാധ്യമാകാതെ പോവുകയും ചെയ്യും. ഇറക്കുമതി നിയന്ത്രണം കൊണ്ട് രൂപയെ രക്ഷിക്കാന്‍ ബുദ്ധിമുട്ടാണ്.

     

ഇന്ത്യയില്‍ പണപ്പെരുപ്പത്തിന് സാധ്യതയുണ്ടോ?

ഇന്ത്യയുടെ പണപ്പെരുപ്പം നാല് ശതമാനം വരെയാവാമെന്നാണ് റിസര്‍വ് ബാങ്ക് വച്ചിരിക്കുന്ന ടാര്‍ഗറ്റ്. ഇത് നാലില്‍ നിന്ന് രണ്ട് ശതമാനം കുറയുകയോ രണ്ട് ശതമാനം കൂടുകയോ ചെയ്താലും രാജ്യത്തിന് കുഴപ്പമില്ലയെന്നാണ് റിസര്‍വ് ബാങ്കിന്‍റെ നിഗമനം. പണപ്പെരുപ്പം ഇതില്‍ കൂടുതലായാല്‍ റിസര്‍വ് ബാങ്ക് ഇടപെടും. നമ്മള്‍ ഇറക്കുമതി നിയന്ത്രണത്തിനായി തീരുവ ഉയര്‍ത്തുമ്പോള്‍ രാജ്യത്ത് ഉല്‍പ്പന്ന വില ഉയരുകയും അത് പണപ്പെരുപ്പത്തിലേക്ക് രാജ്യത്തെ നയിക്കുകയും ചെയ്തേക്കാം. രാജ്യത്തെ ഇന്ധന വില കൂടുന്നതും പണപ്പെരുപ്പ സാധ്യത വര്‍ദ്ധിപ്പിക്കുന്നുണ്ട്. 

രൂപയുടെ മൂല്യം ഉടനെ താഴേക്കെത്താന്‍ സാധ്യതയുണ്ടോ?

ഉടനെ കാണുന്നില്ല, പഴയ സുരക്ഷിത നിലയായ ഡോളറിനെതിരെ 65 എന്ന നിലയിലേക്കൊന്നും അടുത്ത കാലത്ത് താഴുമെന്ന് തോന്നുന്നില്ല. എങ്കിലും എല്ലാം പ്രവചനാധീതമാണ്.  

മസാല ബോണ്ടുകളില്‍ ഇളവുകള്‍ നല്‍കി രൂപയെ രക്ഷിക്കാനുളള സര്‍ക്കാര്‍ നീക്കം ഫലിക്കുമോ?

നിക്ഷേപങ്ങള്‍ ഉയര്‍ത്തി കറന്‍റ് അക്കൗണ്ട് കമ്മി കുറയ്ക്കുന്നതിന്‍റെ ഭാഗമായാണ് മസാല ബോണ്ടുകളില്‍ ഇളവുകള്‍ നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഇതോടൊപ്പം, പോര്‍ട്ട് ഫോളിയോ നിക്ഷേപങ്ങള്‍ക്കും സര്‍ക്കാര്‍ ഇളവുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഡോളറിന്‍റെ സപ്ലെ കൂട്ടാനായാണ് സര്‍ക്കാര്‍ ഇപ്പോള്‍ ശ്രമിക്കുന്നത്. ഇത് കറന്‍റ് അക്കൗണ്ട് കമ്മി കുറയാനും അത് വഴി രൂപയ്ക്ക് ഗുണമുണ്ടാവാനും സാധ്യയുളള ഒരു നടപടിയാണ്.

ഇപ്പോഴത്തെ കറന്‍റ് അക്കൗണ്ട് കമ്മിയുടെ വളര്‍ച്ചയ്ക്ക് നോട്ട് നിരോധനം കാരണമായോ? 

 നോട്ട് നിരോധനത്തിന് മുന്‍പുണ്ടായിരുന്ന അതെ അ ളവില്‍ തന്നെ കറന്‍സി നോട്ടുകള്‍ ഇപ്പോള്‍ രാജ്യത്തുണ്ട്. കറന്‍സി വീണ്ടും സമ്പദ്ഘടനയിലേക്ക് തിരിച്ചുവന്നു. അതിനാല്‍ നോട്ട്നിരോധനം ഉണ്ടാക്കിയ പ്രതിസന്ധി ഇപ്പോഴില്ല. എന്നാല്‍, ചില അസംഘടിത മേഖലയെ നോട്ട് നിരോധനം തകര്‍ത്തുവെന്ന് കണ്ടെത്തലുണ്ടെങ്കിലും അതിന്‍റെ കണക്കുകള്‍ നമ്മള്‍ക്ക് ലഭ്യമല്ല.  

കേരളത്തെ രൂപയുടെ മൂല്യത്തകര്‍ച്ച എങ്ങനെയാവും ബാധിക്കുക? 

വിദേശത്ത് നിന്നെത്തുന്ന പണമാണ് നമ്മുടെ സമ്പദ്ഘടനയ്ക്ക് എക്കാലവും ശക്തി പകരുന്നത്. സംസ്ഥാന ജിഡിപിയുടെ 14 ശതമാനം വരെ സംഭാവന ചെയ്യുന്നത് പ്രവാസി മലയാളികളാണ്. ഒരു കാലത്ത് ഇത് 30 ശതമാനത്തിന് മുകളിലായിരുന്നു. രൂപയുടെ മൂല്യത്തകര്‍ച്ച കൂടുമ്പോള്‍ സ്വാഭാവികമായും വിദേശത്ത് നിന്ന് സംസ്ഥാന ജിഡിപിയിലേക്കുളള പണമൊഴുക്കും കൂടും. ഇത് കേരളത്തിന്‍റെ സമ്പദ് ഘടനയ്ക്ക് ഏറെ ഗുണമാണ്.

പക്ഷേ, ചരക്ക് നീക്കം മറുവശത്ത് നമ്മള്‍ക്ക് വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. ക്രൂഡിന്‍റെ വില ഉയരുന്നത് മൂലം റബ്ബറിന്‍റെ വില ഉയരുമെന്ന ഒരു വാദമുണ്ട് അതിനോട് ഞാന്‍ യോജിക്കുന്നില്ല. ടയര്‍ വ്യവസായം നമ്മള്‍ ഉദാഹരണമായെടുത്താല്‍ പാസഞ്ചര്‍ കാര്‍ ടയറുകളാണ് ഇന്ന് കൂടുതലായി ഉല്‍പ്പാദിപ്പിക്കുന്നത്. ഇതിന് കൃത്രിമ റബ്ബറാണ് അനുയോജ്യം. അതിനാല്‍ തന്നെ റബ്ബര്‍ വില വലിയ രീതിയില്‍ ഉയരുമെന്ന് ഞാന്‍ കരുതുന്നില്ല.  

 
     
മൂല്യത്തകര്‍ച്ച വിദേശ വിദ്യാഭ്യാസം ചെലവേറിയതാക്കില്ലേ?

രൂപയുടെ മൂല്യത്തകര്‍ച്ച വിദേശത്ത് പഠിക്കുന്ന വിദ്യാര്‍ത്ഥികളുടെ പഠന ചെലവ് ഉയര്‍ത്തും. എന്നാല്‍, ഈ വരാന്‍ പോകന്ന വര്‍ഷത്തെ ഫീസ് എല്ലാവരും അടച്ച് കഴിഞ്ഞതിനാല്‍ വിദേശത്ത് പഠിക്കുന്നവര്‍ക്ക് ഈ വര്‍ഷം പ്രതിസന്ധി ഉണ്ടാവാന്‍ സാധ്യതയില്ല. മിക്ക വിദേശ സര്‍വ്വകലാശാലകളുടെയും വിദ്യഭ്യാസ വര്‍ഷം തുടങ്ങുന്നത് സെപ്റ്റംബറിലാണ്. ബ്രിട്ടനില്‍ ഒക്ടോബര്‍ ആദ്യവും. അതിനാല്‍ തന്നെ വാര്‍ഷിക ഫീസുകളെല്ലാം ഏകദേശം അടച്ചിട്ടുണ്ടാവും. 

വരുന്ന വര്‍ഷത്തെ കേന്ദ്ര സര്‍ക്കാര്‍ ബജറ്റ് എങ്ങനെയാവും?

ഇത്രയും രൂക്ഷമായ പ്രതിസന്ധി ആരും മുന്‍കൂട്ടി കണ്ടിരുന്നില്ലല്ലോ? ഇപ്പോള്‍ സെപ്റ്റംബര്‍ ആയതല്ലേയൊളളൂ. ഫെബ്രുവരി ആകുമ്പോഴേക്കും പ്രശ്നങ്ങള്‍ക്ക് അറുതി വരുമെന്ന് തന്നെ നമ്മള്‍ക്ക് പ്രതീക്ഷിക്കാം. അടുത്ത ബജറ്റ് എങ്ങനെയാവുമെന്ന് പറയാന്‍ സാധിക്കാത്ത അവസ്ഥയാണ് ഇപ്പോഴുള്ളത്. 
 

click me!