നിലപാട് കടുപ്പിച്ച് ഒപെക്ക്; എണ്ണവില കുത്തനെ കൂടും

By Web Team  |  First Published Sep 25, 2018, 4:44 PM IST

ഇന്ന് ക്രൂഡിന്‍റെ വില ബാരലിന് 81 ഡോളറിന് അടുത്താണ്. യുഎസ് കഴിഞ്ഞ ദിവസം ഒപെക് രാജ്യങ്ങളോട് എണ്ണ ഉല്‍പ്പാദനം ഉയര്‍ത്താന്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും അവര്‍ കഴിഞ്ഞ ദിവസം നടന്ന യോഗത്തില്‍ യുഎസ്സിന്‍റെ ആവശ്യം തള്ളിക്കളയുകയാണുണ്ടായത്. ഇതോടെ വരും ദിവസങ്ങളിലും എണ്ണവില ഉയരുമെന്നുറപ്പായി.


വിയന്ന: ഇറാന്‍ ഉപരോധം തുടങ്ങിയാലുള്ള ഇന്ധനക്ഷാമം നേരിടാന്‍ നടപടി എടുക്കണമെന്ന അമേരിക്കന്‍ നിര്‍ദേശം ഒപെക് രാജ്യങ്ങള്‍ തള്ളിക്കളഞ്ഞതോടെ ഇന്ത്യയിലെ എണ്ണവില കുത്തനെ കൂടുമെന്ന് സൂചനകള്‍. കേന്ദ്ര -സംസ്ഥാന സര്‍ക്കാരുകള്‍ എക്‌സൈസ്, വാറ്റ് തുടങ്ങിയ നികുതികള്‍ കുറയ്ക്കാത്തതും. ക്രൂഡ് ഓയില്‍ വില അന്താരാഷ്ട്ര വിപണിയില്‍ ഉയരുന്നതുമാണ് ഈ അവസ്ഥയ്ക്ക് കാരണമാവുക.  

നവംബര്‍ മുതല്‍ അമേരിക്ക ഇറാന് മേല്‍ ഉപരോധം ഏര്‍പ്പെടുത്താനിരിക്കുകയാണ്. അങ്ങനെ വന്നാല്‍, ഇറാനില്‍നിന്നുള്ള ഇന്ധനലഭ്യത വന്‍തോതില്‍ കുറയും. ഇത് എണ്ണ ദൗര്‍ലഭ്യത്തിന് ഇടയാക്കുന്നതിനാലാണ് എണ്ണ ഉല്‍പ്പാദക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെകിനോട് ഉല്‍പ്പാദനം കൂട്ടണമെന്ന് ആവശ്യപ്പെട്ടത്. ഒപെകിനു മേല്‍ കടുത്ത സമ്മര്‍ദ്ദം ചെലുത്തുന്ന രീതിയിലായിരുന്നു അമേരിക്ക താല്‍പ്പര്യം പ്രകടിപ്പിച്ചത്. ഇത് ഒപെക് തള്ളിയതോടെയാണ് എണ്ണവില കുത്തനെ കൂട്ടുന്ന സാഹചര്യം ഉണ്ടായത്.

Latest Videos

undefined


ഇന്ന് ക്രൂഡിന്‍റെ വില ബാരലിന് 81 ഡോളറിന് അടുത്താണ്.  ഒരു പക്ഷേ 100 ഡോളറിനടുത്തേക്ക് വരെ അടുത്ത ദിവസങ്ങളില്‍ ക്രൂഡിന്‍റെ വില ഉയര്‍ന്നേക്കാം. ഇങ്ങനെ സംഭവിച്ചാല്‍ രാജ്യത്തെ പെട്രോള്‍, ഡീസല്‍ വില പിടിച്ചാല്‍ കിട്ടാത്ത രീതിയില്‍ ഉയരും. ഇങ്ങനെ ഒരവസ്ഥയുണ്ടായാല്‍ ഇന്ത്യയ്ക്ക് എണ്ണ ഇറക്കുമതി തന്നെ കുറയ്ക്കേണ്ടി വന്നേക്കാം. 

ഇറക്കുമതി കുറച്ചാല്‍ നിലവില്‍ സംഭരിച്ചു വച്ചിരിക്കുന്ന ക്രൂഡ് രാജ്യത്തിന്‍റെ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കേണ്ടി വരും. ക്രൂഡ് ഓയില്‍ വില ഉയര്‍ന്നാല്‍ ഇറക്കുമതി കുറച്ചു കൊണ്ട് സംഭരിച്ചു വച്ചിരിക്കുന്ന എണ്ണ ഉപയോഗിക്കുന്നതിനെപ്പറ്റി ആലേചിക്കുമെന്നാണ് പൊതുമേഖല എണ്ണക്കമ്പനികളുടെ പക്ഷം. എന്നാല്‍, റിസര്‍വ് ഉപയോഗിക്കുന്നത് ഇത് തീര്‍ന്നുപോകാനും ഭാവിയില്‍ ഇറാന്‍ ഉപരോധം കടുക്കുന്ന സാഹചര്യത്തില്‍ രാജ്യത്തിന് വലിയ പ്രതിസന്ധിയായേക്കുമെന്നുമാണ് ഒരു വിഭാഗം സാമ്പത്തിക വിദഗ്ധരുടെ വാദം. 

എന്നാല്‍, പെട്രോള്‍, ഡീസല്‍ വിലയില്‍ ഈ നടപടികള്‍ കൊണ്ട് കുറവുണ്ടാവാന്‍ സാധ്യത കുറവാണ്. അന്താരാഷ്ട്ര തലത്തില്‍ വില ഉയരുന്നതോടെ രാജ്യത്തും നിലവിലെ സാഹചര്യത്തില്‍ വില ഉയരും. വില കുറയണമെങ്കില്‍ കേന്ദ്ര -സംസ്ഥാന സര്‍ക്കാരുകള്‍ നികുതികളില്‍ കുറവ് വരുത്തേണ്ടി വരും.       


 

click me!