കട്ടപ്പന : എരിവിന്‍റെ പര്യായമായി മലയാളി കരുതുന്ന കാന്തരി മുളകിന് റെക്കോഡ് വില. രണ്ട് മാസത്തിനിടയില്‍ 1800 രൂപവരെ വില ഉയര്‍ന്ന കാന്താരി മുളകിന് ഇപ്പോള്‍ 1400 മുതല്‍ 1600 രൂപവരെ വിലയാണുള്ളത്. വിദേശത്ത് ഏറെ പ്രിയമാണ് എന്നതാണ് കാന്താരിയുടെ വില കുതിക്കാന്‍ കാരണം. രണ്ടുകൊല്ലമായി കാന്താരിയുടെ വില 250 രൂപയില്‍ താഴുന്നുമില്ല എന്നാണ് വിപണി വര്‍ത്തമാനം.
കേരളത്തില്‍ ഏറ്റവും കൂടുതല്‍ കാന്തരി വില്‍പ്പനയ്ക്ക് എത്തുന്ന കട്ടപ്പന മാര്‍ക്കറ്റില്‍ ഒരുകിലോ കാന്താരിക്ക് ആയിരം രൂപയ്ക്കു മുകളിലാണ് വില. ഒരുമാസം മുന്‍പ് ഇത് 800-നു മുകളിലായിരുന്നു ഗള്‍ഫ് നാടുകളിലും, തായ്‌ലന്‍റ്, വിയറ്റ്‌നാം തുടങ്ങിയ രാജ്യങ്ങളിലെ വിഭവങ്ങളിലും കാന്താരി മുളകിന് പ്രിയം വര്‍ധിച്ചതോടെയാണ് വില വര്‍ധിച്ചത്. ഏതു കാലാവസ്ഥയിലും കാന്താരി നന്നായി വളരും. വെയിലോ മഴയോ പ്രശ്‌നമല്ല. പൊതുവെ ഇടുക്കി, വയനാട് ജില്ലകളില്‍ വലിയ സാധ്യതയാണ് കാന്താരികൃഷിക്കുള്ളത്.
പരിചരണം ഒന്നും വേണ്ടാത്ത കാന്താരി ഒരു നല്ല കീടനാശിനികൂടിയാണ്. കാന്താരി മുളക് അരച്ച് സോപ്പ് ലായനിയില്‍ കലക്കി കീടനാശിനിയായി ഉപയോഗിക്കുന്ന ജൈവ കര്‍ഷകരുമുണ്ട്. കാന്താരിയും ഗോമൂത്രവും ചേര്‍ന്നാല്‍ കീടങ്ങള്‍ വരില്ല.