തെരഞ്ഞെടുപ്പ്, മൂല്യത്തകര്‍ച്ച: വിദേശ നിക്ഷേപകര്‍ കൂട്ടത്തോടെ പുറത്തേക്ക്

By Web Team  |  First Published Jan 27, 2019, 8:37 PM IST

വിദേശ വിനിമയ വിപണിയില്‍ അമേരിക്കന്‍ ഡോളറിനെതിരെ രൂപ മൂല്യത്തകര്‍ച്ച നേരിടുന്നതും, പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉയരുന്ന ആശങ്കയുമാണ് ഇത്തരം ഒരു അവസ്ഥയ്ക്ക് കാരണമെന്നാണ് സാമ്പത്തിക നിരീക്ഷകരുടെ നിഗമനം. 


മുംബൈ: ഇന്ത്യന്‍ മൂലധന വിപണിയില്‍ നിന്നും കൂട്ടത്തോടെ വിദേശ നിക്ഷേപകര്‍ നിക്ഷേപം പിന്‍വലിക്കുന്നു. ജനുവരി ഒന്ന് മുതല്‍ 25 -ാം തീയതി വരെയുളള കണക്കുകള്‍ പ്രകാരം 5,880 കോടി രൂപയുടെ നിക്ഷേപമാണ് വിദേശ പോര്‍ട്ട്ഫോളിയോ നിക്ഷേപകര്‍ പിന്‍വലിച്ചത്. അടുത്ത ദിവസങ്ങളില്‍ തന്നെ ഇത് 6,000 കോടിയിലേക്ക് എത്തിയേക്കും.  

വിദേശ വിനിമയ വിപണിയില്‍ അമേരിക്കന്‍ ഡോളറിനെതിരെ രൂപ മൂല്യത്തകര്‍ച്ച നേരിടുന്നതും, പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉയരുന്ന ആശങ്കയുമാണ് ഇത്തരം ഒരു അവസ്ഥയ്ക്ക് കാരണമെന്നാണ് സാമ്പത്തിക നിരീക്ഷകരുടെ നിഗമനം. ഇന്ത്യന്‍ വിപണികളെ സംബന്ധിച്ച് വിദേശ നിക്ഷേപകര്‍ കൂടുതല്‍ ജാഗ്രതയോടെ പെരുമാറുന്നതിന്‍റെ സൂചനകളാണിതെന്ന് ഒരു വിഭാഗം വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. 

Latest Videos

വരുന്ന പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പില്‍ ആര്‍ക്കും വ്യക്തമായ ഭൂരിപക്ഷം ഉണ്ടാകില്ലെന്ന എക്സിറ്റ്പോള്‍ ഫലങ്ങള്‍ കഴിഞ്ഞ ദിവസം പുറത്ത് വന്നതോടെ നിക്ഷേപം മടങ്ങിപ്പോകുന്നത് കൂടിയേക്കുമെന്നാണ് വിപണി നിരീക്ഷകരുടെ നിഗമനം.  നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ ഓഹരി വിപണിയിലും ഡെറ്റ് വിപണിയിലുമായി മൊത്തം 17,000 കോടി രൂപയിലധികം അറ്റ നിക്ഷേപം എഫ്പിഐകള്‍ നടത്തിയിരുന്നു.

click me!