ജമ്മു കശ്മീര്‍ കാര്‍ഷിക വകുപ്പില്‍ നിന്ന് ലഭിച്ച കണക്കുകളുടെ അടിസ്ഥാനത്തില്‍ പ്രമുഖ മാധ്യമ സ്ഥാപനമായ ദ കശ്മീര്‍ മോണിറ്ററാണ് വാര്‍ത്ത പുറത്തുവിട്ടത്.
ശ്രീനഗര്‍: വലിയ അളവില്‍ ഇറക്കുമതിയിലൂടെ കുങ്കുമ ആവശ്യകത നിറവേറ്റുന്ന രാജ്യമാണ് ഇന്ത്യ. എന്നാല്‍, ഈ വര്‍ഷം ഇന്ത്യയ്ക്ക് കുങ്കുമം കൂടുതല്‍ ഇറക്കുമതി ചെയ്യേണ്ടി വരില്ല. ഇന്ത്യയ്ക്കുളള കുങ്കുമം കശ്മീര്‍ നല്‍കും. ഈ വര്‍ഷം താഴ്‍വരയില്‍ കൂട്ടത്തോടെ കുങ്കുമച്ചെടികള്‍ വിരിഞ്ഞിറങ്ങിയതില്‍ കാശ്മീരിലെ കര്‍ഷകര്‍ ആവേശത്തിലാണ്. ലോകത്തിലെ ഏറ്റവും വിലയേറിയ സുഗന്ധവ്യഞ്ജനമായ കുങ്കുമത്തിന്‍റെ ഉൽപാദനത്തില്‍ ഈ വർഷം 200 ശതമാനത്തിന്‍റെ വർധന ഉണ്ടാകുമെന്ന റിപ്പോര്‍ട്ടുകളാണ് ജമ്മു കശ്മീരില്‍ നിന്നെത്തുന്നത്.
ജമ്മു കശ്മീര്‍ കാര്‍ഷിക വകുപ്പില്‍ നിന്ന് ലഭിച്ച കണക്കുകളുടെ അടിസ്ഥാനത്തില്‍ പ്രമുഖ മാധ്യമ സ്ഥാപനമായ ദ കശ്മീര്‍ മോണിറ്ററാണ് വാര്‍ത്ത പുറത്തുവിട്ടത്. മുന്‍ വര്‍ഷം രണ്ട് ടണ്ണായിരുന്ന ഉല്‍പാദനം ഈ വര്‍ഷം ആറ് ടണ്ണായി ഉയരുമെന്നാണ് കൃഷി വകുപ്പ് കണക്കാക്കുന്നത്.
undefined
കുങ്കുമത്തിന്റെ വിളവെടുപ്പ് ഒക്ടോബർ അവസാന വാരം മുതൽ നവംബർ അവസാന ആഴ്ച വരെ തുടരുന്നു. ഇതിന് ശേഷമാകും യാഥാര്‍ത്ഥ കണക്കുകള്‍ ലഭ്യമാകുക. "വരണ്ട കാലാവസ്ഥയാണ് കഴിഞ്ഞ വർഷം കുങ്കുമ ഉൽപാദനത്തിൽ കുറവുണ്ടാകാന്‍ കാരണം. ജലസേചന സൗകര്യങ്ങള്‍ വര്‍ധിച്ചാല്‍ മാത്രമേ കുങ്കുമത്തിന്റെ ഉല്‍പാദനം വർദ്ധിക്കുകയുള്ളൂ. മതിയായ മഴ കാരണം ഈ വർഷം ഉല്‍പ്പാദനം വർദ്ധിച്ചു. നന്ദി മഴയോടാണ് ” കുങ്കുമ ഉല്‍പാദക അസോസിയേഷന്‍ പ്രസിഡന്‍റ് അബ്ദുള്‍ മജീദ് വാനി പറഞ്ഞു.
"ദേശീയ കുങ്കുമ ദൗത്യത്തിന് കീഴിലുള്ള പുതിയ സാങ്കേതികവിദ്യ ഉപയോഗിച്ചതിനുളള എല്ലാ 'ക്രെഡിറ്റും' കര്‍ഷകര്‍ക്ക് നൽകുന്നു. പദ്ധതിയുടെ ജലസേചന ഘടകം ഇപ്പോഴും ജമ്മു കശ്മീരില്‍ അപൂർണ്ണമാണ്. ജലസേചന സൗകര്യങ്ങൾ പര്യാപ്തമായിരുന്നെങ്കിൽ ഉൽപാദനം ക്രമാതീതമായി വർദ്ധിക്കുമായിരുന്നുവെന്നും ”അദ്ദേഹം പറഞ്ഞു.
കുങ്കുമ ഉൽപാദനത്തിന് ഉത്തേജനം നൽകുന്നതിനായി കേന്ദ്ര കൃഷി, ഉൽപാദന മന്ത്രാലയം 2010 ൽ ഏഴ് വർഷത്തേക്ക് 400.11 കോടി രൂപ പദ്ധതി ചെലവിൽ ‘കുങ്കുമം സംബന്ധിച്ച ദേശീയ ദൗത്യം’ ആരംഭിച്ചു. എന്നാല്‍, ഈ പദ്ധതിക്ക് കീഴില്‍ ഇതുവരെ സർക്കാർ വിനിയോഗിച്ചത് 203 കോടി രൂപ മാത്രമാണെന്ന് മാധ്യമ റിപ്പോര്‍ട്ട് ചെയ്യുന്നു.
2019 മാർച്ച് സമയപരിധി പാലിക്കാൻ കഴിയാതെ, പദ്ധതി പൂർത്തീകരിക്കുന്നതിനുള്ള സമയപരിധി 2020 മാർച്ചിലേക്ക് സര്‍ക്കാര്‍ നീട്ടിയിരുന്നു. ഈ വർഷം കൃഷിക്ക് ആവശ്യമായ സമയത്ത് മഴ പെയ്യുന്നതിനാൽ കുങ്കുമത്തിന്റെ ഉത്പാദനം പലമടങ്ങ് വർദ്ധിച്ചതായി ജമ്മു കശ്മീർ കാർഷിക വകുപ്പ് ഡയറക്ടർ അൽതാഫ് ഐജാസ് ആൻഡ്രാബി പറഞ്ഞു. ജലസേചന സൗകര്യങ്ങൾ ഒരുക്കിക്കഴിഞ്ഞാൽ ഉൽപാദനത്തിൽ ഇനിയും വർധനയുണ്ടാകുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
"ജലസേചന സൗകര്യങ്ങൾക്കായി പൈപ്പ് ശൃംഖല സ്ഥാപിക്കുന്നതിന് ലാൻഡ് മാഫിയ തടസ്സങ്ങൾ സൃഷ്ടിക്കുന്നു. 126 ട്യൂബ് കിണറുകളാണ് ലക്ഷ്യമിടുന്നത്, അതിൽ 116 എണ്ണം പൂർത്തിയായി. പ്രക്രിയ പൂർത്തിയായാൽ കുങ്കുമ ഉൽപാദനത്തിൽ ഗണ്യമായ വർധനയുണ്ടാകും", അൽതാഫ് ഐജാസ് ആൻഡ്രാബി പറഞ്ഞു.
ഔദ്യോഗിക കണക്കുകൾ പ്രകാരം 1996 ൽ പാംപോറിൽ 5707 ഹെക്ടർ സ്ഥലത്ത് കുങ്കുമപ്പൂ കൃഷി ചെയ്തിരുന്നു, ഇത് ഇപ്പോൾ 3500 ഹെക്ടറിലേക്ക് ഇടിഞ്ഞിട്ടുണ്ട്.