സഞ്ചാരികള്‍ കുറയുന്നു.., ഗോവയെ വിനോദ സഞ്ചാരികള്‍ കൈയൊഴിയുന്നു; ഇനി പ്രതീക്ഷ ഈ സീസണ്‍ മാത്രം

By Web Team  |  First Published Dec 10, 2019, 3:25 PM IST

രാജ്യത്തെ മികച്ച ബീച്ച്, നൈറ്റ് ലൈഫ് ടൂറിസം കേന്ദ്രങ്ങളിലൊന്നാണ് ഗോവ. ഇലക്ട്രോണിക് നൃത്ത സംഗീത പരിപാടികളിൽ പങ്കെടുക്കാൻ ആയിരക്കണക്കിന് ചെറുപ്പക്കാരും സംഗീത പ്രേമികളും ഗോവയിൽ എത്താറുണ്ട്.


ഗോവയിലെ വിദേശ വിനോദ സഞ്ചാരികളുടെ വരവില്‍ 30 ശതമാനം കുറഞ്ഞതായി ടൂര്‍ ഓപ്പറേറ്റര്‍മാര്‍. എന്നാല്‍, ഈ മാസം അവസാനം ഷെഡ്യൂൾ ചെയ്ത സൺബേൺ ക്ലാസ്സിക് പോലുള്ള വരാനിരിക്കുന്ന സംഗീത പരിപാടികൾ ഈ സാഹചര്യം മെച്ചപ്പെടുത്താൻ സഹായിക്കുമെന്ന് ഗോവ ട്രാവൽ ആൻഡ് ടൂറിസം അസോസിയേഷൻ സെക്രട്ടറി ജാക്ക് സെക്വീറ തിങ്കളാഴ്ച പറഞ്ഞു.

പുതുവർഷത്തിൽ ഗോവയെ കുറച്ചുകൂടി മെച്ചപ്പെട്ട താമസ സൗകര്യമുളള കേന്ദ്രമായി മാറ്റുമെന്ന്, സെക്വീര പറഞ്ഞു. 

Latest Videos

"സീസൺ പ്രവചനാതീതമായി മാറിയിട്ടുണ്ട്. വിദേശികളുടെ വരവ് 30 ശതമാനം വരെ കുറഞ്ഞു. ആഭ്യന്തര സഞ്ചാരികളുടെ വരവും കുറഞ്ഞു. നിരവധി ഇന്ത്യക്കാർ ഒയോ, എയർബിഎന്‍ബി ഉള്‍പ്പടെയുളള താമസ സൗകര്യങ്ങൾ തിരഞ്ഞെടുക്കുന്നു." അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി തീരദേശ സംസ്ഥാനത്തെ വിദേശ വിനോദ സഞ്ചാരികളുടെ പട്ടികയിൽ റഷ്യക്കാർ ഒന്നാമതാണ്. 2018 ൽ ഏകദേശം 300,000 റഷ്യക്കാർ എത്തി, അവരിൽ ഭൂരിഭാഗവും ഒക്ടോബർ മുതൽ മാർച്ച് വരെയുളള കാലത്താണ് എത്തിയത്. എന്നിരുന്നാലും, സമീപ വർഷങ്ങളിലുണ്ടായ വിലക്കയറ്റം, അടിസ്ഥാന സൗകര്യങ്ങള്‍ മോശമായത്, അതിഥികൾക്കെതിരായ കുറ്റകൃത്യങ്ങൾ എന്നിവ വിദേശ വിനോദ സഞ്ചാരികളുടെ എണ്ണം കുറച്ചു. ഈ വർഷം ആദ്യം യുകെ ആസ്ഥാനമായുള്ള ചാർട്ടർ ടൂറിസം ഓപ്പറേറ്റർ തോമസ് കുക്കിന്റെ തകർച്ചയും യുകെയിൽ നിന്നുള്ള സഞ്ചാരികളുടെ വരവ് കുറച്ചു. 

എന്നിരുന്നാലും, ഡിസംബർ അവസാന വാരത്തിൽ ഷെഡ്യൂൾ ചെയ്ത സൺബേൺ ക്ലാസ്സിക് പോലുള്ള സംഗീത പരിപാടികൾ ടൂറിസ്റ്റുകളുടെ എണ്ണം വർദ്ധിപ്പിക്കാൻ സഹായിക്കുമെന്ന് കരുതുന്നു. ജനുവരിയിൽ ബുക്കിങുകള്‍ ഉയരുമെന്നാണ് ഹോട്ടല്‍ ഉടമകളുടെയും ടൂര്‍ ഓപ്പറേറ്റര്‍മാരുടെയും വിശ്വാസം. "ചില പരിപാടികൾ നടക്കുമ്പോൾ, അത് (ടൂറിസം വരവ്) ആരംഭിക്കുന്നു. ക്രിസ്മസ് നല്ലതായി തോന്നുന്നില്ല, പക്ഷേ പുതുവർഷം മികച്ചതാകുമെന്ന് കരുതുന്നു. നാലഞ്ചുവർഷമായി ഇത് പ്രവണതയാണ്," അദ്ദേഹം പറഞ്ഞു.

രാജ്യത്തെ മികച്ച ബീച്ച്, നൈറ്റ് ലൈഫ് ടൂറിസം കേന്ദ്രങ്ങളിലൊന്നാണ് ഗോവ. ഇലക്ട്രോണിക് നൃത്ത സംഗീത പരിപാടികളിൽ പങ്കെടുക്കാൻ ആയിരക്കണക്കിന് ചെറുപ്പക്കാരും സംഗീത പ്രേമികളും ഗോവയിൽ എത്താറുണ്ട്.

click me!