അഡ്വഞ്ചര്‍ ടൂറിസത്തില്‍ വ്യവസ്ഥകള്‍ രൂപീകരിക്കുന്നതില്‍ നിന്ന് കഴിഞ്ഞ കുറെ വര്‍ഷങ്ങളായി കേരളം മാറിനില്‍ക്കുകയായിരുന്നുവെന്ന് സമ്മേളനത്തില്‍ ഇതു സംബന്ധിച്ചു നടന്ന പാനല്‍ ചര്‍ച്ചയില്‍ കേരള ടൂറിസം ഡയറക്ടര്‍ പി ബാല കിരണ്‍ വ്യക്തമാക്കി.
തിരുവനന്തപുരം: കേരളത്തിലെ സാഹസിക ടൂറിസം മേഖലയില്‍ അപകടസാധ്യതകള്‍ ഒഴിവാക്കാനും അതേസമയം സാഹസികതയുടെ ആവേശം നിലനിറുത്താനുമുള്ള ശ്രമങ്ങളുടെ ഭാഗമായി ഇന്ത്യയിലാദ്യമായി ടൂറിസം ഉല്‍പ്പന്നത്തില്‍ ബ്യൂറോ ഓഫ് ഇന്‍ഡ്യന്‍ സ്റ്റാന്‍ഡേര്‍ഡ്സ് സര്‍ട്ടിഫിക്കേഷന്‍റെ (ബിഐഎസ്) സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കാന്‍ കേരള ടൂറിസം നടപടിയാരംഭിച്ചു.
ഇതനുസരിച്ച് സാഹസിക ടൂറിസം പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുന്ന എല്ലാ സ്ഥാപനങ്ങളും സുരക്ഷിതത്വം സംബന്ധിച്ച വ്യവസ്ഥകള്‍ പാലിക്കുകയും രണ്ടു വര്‍ഷത്തെ പ്രവര്‍ത്തനം നടത്തണമെങ്കില്‍ സംസ്ഥാന ടൂറിസം വകുപ്പില്‍ രജിസ്റ്റര്‍ ചെയ്യുകയും വേണം. നിശ്ചിത യോഗ്യതയുള്ള ഇന്‍സ്ട്രക്ടര്‍മാരെയും ജീവനക്കാരെയും സ്ഥാപനങ്ങളില്‍ നിയമിക്കുകയും വേണം.
അഡ്വഞ്ചര്‍ ടൂറിസത്തിനുവേണ്ടി കേരള ടൂറിസവും ബിഐഎസും ചേര്‍ന്ന് സുരക്ഷിതത്വത്തിനുള്ള മാര്‍ഗനിര്‍ദ്ദേശങ്ങളും നടപടിക്രമങ്ങളും ഉടന്‍ പുറപ്പെടുവിക്കും. രജിസ്ട്രേഷന്‍ സംവിധാനത്തിനുള്ള നടപടി ക്രമങ്ങള്‍ ഇപ്പോള്‍ സംസ്ഥാന സര്‍ക്കാരിന്‍റെ പരിഗണനയിലാണ്. ഇത് ഒക്ടോബറില്‍ നിലവില്‍ വരും.
ടൂറിസം പഠനത്തിലെ ആഗോള പ്രവണതകള്‍ എന്ന വിഷയത്തില്‍ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആന്‍ഡ് ട്രാവല്‍ സ്റ്റഡീസ് (കിറ്റ്സ്) സംഘടിപ്പിക്കുന്ന ദ്വിദിന രാജ്യാന്തര സമ്മേളനത്തിലാണ് ഇത് സംബന്ധിച്ച പ്രഖ്യാപനമുണ്ടായത്.
അഡ്വഞ്ചര്‍ ടൂറിസത്തില്‍ വ്യവസ്ഥകള്‍ രൂപീകരിക്കുന്നതില്‍ നിന്ന് കഴിഞ്ഞ കുറെ വര്‍ഷങ്ങളായി കേരളം മാറിനില്‍ക്കുകയായിരുന്നുവെന്ന് സമ്മേളനത്തില്‍ ഇതു സംബന്ധിച്ചു നടന്ന പാനല്‍ ചര്‍ച്ചയില്‍ കേരള ടൂറിസം ഡയറക്ടര്‍ പി ബാല കിരണ്‍ വ്യക്തമാക്കി. വളരെ വേഗത്തിലാണ് കേരളത്തില്‍ അഡ്വഞ്ചര്‍ ടൂറിസം വളരുന്നത്. അതുകൊണ്ടാണ് ഈ മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ സുസംഘടിതമാക്കാന്‍ സര്‍ക്കാര്‍ തീരുമാനിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
അഡ്വഞ്ചര്‍ ടൂറിസത്തില്‍ ഗുണനിലവാരമുള്ള മനുഷ്യശേഷി ഉറപ്പാക്കുന്നതിനായി കേരള ടൂറിസം കോഴ്സുകളും പരിശീലനവും തുടങ്ങുമെന്ന് കേരള അഡ്വഞ്ചര്‍ ടൂറിസം പ്രൊമോഷന്‍ സൊസൈറ്റി (കെഎടിപിഎസ്) സിഇഒ മനേഷ് ഭാസ്കര്‍ വ്യക്തമാക്കി. രണ്ടാഴ്ച മുതല്‍ ആറു മാസം വരെ നീളുന്ന സര്‍ട്ടിഫിക്കറ്റ്, ഡിപ്ലോമ കോഴ്സുകള്‍ ആരംഭിച്ചിട്ടുണ്ട്. ഈ മേഖലയിലെ ആവശ്യങ്ങള്‍ നിറവേറ്റുന്നത് ലക്ഷ്യമാക്കി കെഎടിപിഎസ് അഡ്വഞ്ചര്‍ അടുത്ത വര്‍ഷം അഡ്വഞ്ചര്‍ ടൂറിസം അക്കാദമി തുടങ്ങുമെന്നും അദ്ദേഹം അറിയിച്ചു. കേരളത്തിന്‍റെ അഡ്വഞ്ചര്‍ ടൂറിസം സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തുക എന്നതാണ് കെഎടിപിഎസിന്‍റെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു.
സംസ്ഥാന ടൂറിസം മന്ത്രി ചെയര്‍മാനും ടൂറിസം സെക്രട്ടറി വൈസ് ചെയര്‍മാനുമായി 2012 ലാണ് കെഎടിപിഎസ് രൂപവല്‍കരിച്ചത്.
മാര്‍ഗനിര്‍ദ്ദേശങ്ങള്‍ കൊണ്ടുവരുന്നത് ഈ മേഖലയില്‍ വന്‍മാറ്റങ്ങള്‍ സൃഷ്ടിക്കുമെന്നും കേരളം ഇക്കാര്യത്തില്‍ മാനദണ്ഡങ്ങള്‍ക്ക് രൂപം നല്‍കുകയാണെന്നും ചര്‍ച്ചയില്‍ പങ്കെടുത്തുകൊണ്ട് ന്യൂഡല്‍ഹിയിലെ മെര്‍ക്കുറി ഹിമാലയന്‍ എക്സ്പെഡിഷന്‍സ് സിഇഒ അക്ഷയ് കുമാര്‍ പറഞ്ഞു.