ഏറെ വൈവിധ്യമുള്ള ഇന്ത്യയ്ക്ക് ടൂറിസത്തില്‍ അനന്തസാധ്യതയുണ്ട്. രാജ്യത്തെ ടൂറിസം വളര്‍ച്ചയിലെ തടസങ്ങള്‍ അതിജീവിക്കാന്‍ നിരന്തരമായ ആശയവിനിമയവും ഇടപെടലുകളും അനിവാര്യമാണ്.
തിരുവനന്തപുരം: രാജ്യത്തെ വിനോദസഞ്ചാര മേഖലയുടെ വളര്‍ച്ചയ്ക്കായി വിമാനയാത്രാ നിരക്കുകളും ഹോട്ടല്‍ മുറികളുടെ ചരക്കുസേവന നികുതിയും കുറയ്ക്കണമെന്നും വിനോദയാത്രാ വാഹനനികുതിയിലെ അന്തരം ഇല്ലാതാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടു.
കോവളത്ത് വിവിധ സംസ്ഥാനങ്ങളിലെ ടൂറിസം മന്ത്രിമാരുടെ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇത്തരം പ്രതിബന്ധങ്ങള്‍ ഇല്ലാതാക്കിയാല്‍ ഇന്ത്യയ്ക്ക് ആഗോള തലത്തില്‍ പ്രമുഖ വിനോദസഞ്ചാര ലക്ഷ്യസ്ഥാനമായി മാറാനാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
എല്ലാ സംസ്ഥാനങ്ങളിലെയും ടൂറിസം വാഹന നികുതി യുക്തിസഹമാക്കുന്നതിനും വിമാനയാത്രാ നിരക്കുകളുടെ നിരന്തര വര്‍ദ്ധന പരിഹരിക്കുന്നതിനുമുള്ള സംവിധാനം നടപ്പാക്കേണ്ടത് അത്യാവശ്യമാണ്. 7,500 രൂപയ്ക്കു മുകളിലുള്ള ഹോട്ടല്‍ മുറികള്‍ക്ക് 28 ശതമാനവും അതിനു താഴെ 2,500 രൂപ വരെയുള്ള ഹോട്ടല്‍ മുറികള്‍ക്ക് 18 ശതമാനവും ജിഎസ്ടിയാണ് ഈടാക്കുന്നത്. ഇത് കുറയ്ക്കേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
ഏറെ വൈവിധ്യമുള്ള ഇന്ത്യയ്ക്ക് ടൂറിസത്തില്‍ അനന്തസാധ്യതയുണ്ട്. രാജ്യത്തെ ടൂറിസം വളര്‍ച്ചയിലെ തടസങ്ങള്‍ അതിജീവിക്കാന്‍ നിരന്തരമായ ആശയവിനിമയവും ഇടപെടലുകളും അനിവാര്യമാണ്. ഏതു ഭാഗത്തെ ടൂറിസം വികസനമായാലും അത് രാജ്യത്തിന് മുഴുവന്‍ ഗുണകരമാകും. അതിനാല്‍ ഒരുമിച്ചുള്ള പ്രവര്‍ത്തനം ആവശ്യമാണെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു.
എല്ലാ സംസ്ഥാനങ്ങളിലേയും ടൂറിസം വികസനത്തിന് കേന്ദ്രം സഹായം നല്‍കുമെന്നും 'ഏക രാഷ്ട്രം ഏക നികുതി' എന്നു ചിന്തിക്കേണ്ടത് അത്യാവശ്യമാണെന്നും സംസ്ഥാനങ്ങള്‍ ഇക്കാര്യത്തില്‍ ധാരണയിലെത്തിച്ചേരണമെന്നും സമ്മേളനത്തില്‍ മുഖ്യാതിഥിയായിരുന്ന കേന്ദ്ര ടൂറിസം സഹമന്ത്രി പ്രഹ്ളാദ് സിംഗ് പട്ടേല്‍ പറഞ്ഞു.
മറ്റുള്ളവരുടെ അനുഭവങ്ങള്‍ പഠിക്കുന്നതിനും മനസ്സിലാക്കുന്നതിനും ഈ സമ്മേളനം സഹായകമാകും. ആതിഥേയത്വത്തിന് പ്രശസ്തമാണ് കേരളം. അത് കേരളത്തില്‍ നിന്ന് പഠിക്കണം. കേന്ദ്രത്തേയും സംസ്ഥാനങ്ങളേയും വെവ്വേറെയല്ല കാണുന്നത്. ടൂര്‍ ഓപ്പറേറ്റര്‍മാരായാലും ഹോട്ടലുകളായാലും ഒരുമിച്ച് ചേര്‍ന്ന് സംഘടിതമായി ആശയവിനിമയം നടത്തണം.
ഇ-വിസ വിപ്ലവകരമായ നടപടിയാണെന്നും ഇത് നടപ്പിലാക്കുന്നതിനും കൂടുതല്‍ വിനോദസഞ്ചാര സൗഹൃദമാക്കുന്നതിനും കേന്ദ്രം നടപടി സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. മത്സരങ്ങള്‍ സംസ്ഥാനങ്ങള്‍ തമ്മിലല്ല രാജ്യങ്ങളുമായിയിട്ടാകണം. രാജ്യത്തിന്‍റെ എല്ലാ ഭാഗങ്ങളിലും ടൂറിസം വികസിക്കണമെന്നും കേന്ദ്രമന്ത്രി നിര്‍ദ്ദേശിച്ചു.
ടൂറിസം മേഖലയിലെ വരുമാനത്തിലും തൊഴിലവസരങ്ങളിലുമുള്ള വെല്ലുവിളികളെ തരണം ചെയ്യുന്നതിന് സംഘടിതമായ ശ്രമം വേണമെന്നും സംസ്ഥാനത്ത് ആദ്യമായാണ് ഇത്തരമൊരു സമ്മേളനം സര്‍ക്കാര്‍ നടത്തുന്നതെന്നും സംസ്ഥാന ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.
നികുതി കുറയ്ക്കുന്നതിനൊപ്പം തന്നെ വ്യോമയാന ബന്ധം മെച്ചപ്പെടുത്തുന്നതിനും വിമാന നിരക്കുകള്‍ മിതമായ നിരക്കിലാക്കുന്നതിനും ചെറുനഗരങ്ങളെ ബന്ധിപ്പിക്കുന്നതിനും പ്രാമുഖ്യം നല്‍കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു.
സുസ്ഥിര വിനോദസഞ്ചാരത്തിനുള്ള മികച്ച മാതൃകകള്‍, വിനോദസഞ്ചാര വ്യവസായം നേരിടുന്ന വെല്ലുവിളികള്‍, സംസ്ഥാന ടൂറിസം ബോര്‍ഡുകളുടെ ബ്രാന്‍ഡിംഗും പ്രെമോഷനും എന്നീ വിഷയങ്ങളെ അടിസ്ഥാനമാക്കി ചര്‍ച്ചകളും നടന്നു.
ബീഹാര്‍ ടൂറിസം മന്ത്രി കൃഷ്ണകുമാര്‍ ഋഷി, കര്‍ണാടക ടൂറിസം മന്ത്രി സിടി രവി, നാഗാലാന്‍ഡ് കലാ-സാംസ്കാരിക-ടൂറിസം വകുപ്പ് ഉപദേഷ്ടാവ് (ഇന്‍ചാര്‍ജ്) എച്ച് കിഹോവി യെപുതോമി, ഒഡീഷ ടൂറിസം മന്ത്രി ജ്യോതി പ്രകാശ് പനിഗ്രഹി എന്നിവര്‍ സമ്മേളനത്തില്‍ സന്നിഹിതരായിരുന്നു.
കേരള നിയമസഭാ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍, കേരള വിനോദസഞ്ചാര വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ എം വിജയകുമാര്‍, ടൂറിസം സെക്രട്ടറി ശ്രീമതി റാണി ജോര്‍ജ്, ഡയറക്ടര്‍ പി ബാല കിരണ്‍, ടൂറിസം വ്യവസായത്തിലെ പ്രമുഖ സ്ഥാപനമേധാവികള്‍, ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവരും സമ്മേളനത്തില്‍ പങ്കെടുത്തു.