'പരിമിത സര്‍ക്കാര്‍ പരമാവധി ഭരണം': ചില മന്ത്രാലയങ്ങള്‍ റദ്ദാക്കും, പുതിയവ രൂപീകരിക്കും, കേന്ദ്ര സര്‍ക്കാരിന്‍റെ മനസ്സിലിരിപ്പ് ഇതാണ്

By Web Team  |  First Published Sep 30, 2019, 12:00 PM IST

ഇതനുസരിച്ച് ചില സര്‍ക്കാര്‍ മന്ത്രാലയങ്ങള്‍ റദ്ദാക്കുകയും ചിലത് ലയിപ്പിക്കുകയും പുതിയ വകുപ്പുകള്‍ രൂപീകരിക്കാനുമാണ് ആലോചന. 


ദില്ലി: 'പരിമിത സര്‍ക്കാര്‍, പരമാവധി ഭരണം' എന്ന മോദി സര്‍ക്കാരിന്‍റെ നയത്തിന് ചുവടുപിടിച്ച് സര്‍ക്കാര്‍ മന്ത്രാലയങ്ങളെ ഏകീകരിക്കാനും പുതിയ വകുപ്പുകള്‍ രൂപികരിക്കാനും കേന്ദ്ര സര്‍ക്കാര്‍. ഇത് സംബന്ധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അധ്യക്ഷനായ മന്ത്രിതല സമിതി ഇക്കഴിഞ്ഞ ദിവസം ശുപാര്‍ശ സമര്‍പ്പിച്ചിരുന്നു. 

ധനമന്ത്രി നിര്‍മല സീതാരാമന്‍, പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് തുടങ്ങിയവര്‍ സമിതിയില്‍ അംഗങ്ങളായിരുന്നു. ഇതനുസരിച്ച് ചില സര്‍ക്കാര്‍ മന്ത്രാലയങ്ങള്‍ റദ്ദാക്കുകയും ചിലത് ലയിപ്പിക്കുകയും പുതിയ വകുപ്പുകള്‍ രൂപീകരിക്കാനുമാണ് ആലോചന. 

Latest Videos

undefined

സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്‍കാനായി പുതിയ മന്ത്രാലയം വേണമെന്നത് ശുപാര്‍ശയില്‍ പ്രധാനപ്പെട്ടതാണ്. റോഡ്, റെയില്‍, ഷിപ്പിംഗ്, വ്യോമയാനം എന്നിവ ഗതാഗത മന്ത്രാലയത്തിന് കീഴില്‍ ഏകീകരിക്കാനാണ് സര്‍ക്കാര്‍ പദ്ധതിയിടുന്നത്. ഇതോടൊപ്പം കായിക, യുവജനക്ഷേമ മന്ത്രാലയം നൈപുണ്യ വികസന മന്ത്രാലയത്തോട് ലയിപ്പിക്കാനും സമിതി നിര്‍ദ്ദേശിക്കുന്നു. കല്‍ക്കരി -ഖനന മന്ത്രാലയങ്ങളെ ലയിപ്പിച്ച് ഒന്നാക്കാനും നിര്‍ദ്ദേശമുണ്ട്. 

ലയന ശേഷം വലുപ്പം കൂടിയ മന്ത്രാലയത്തിനായി ഒരു ക്യാബിനറ്റ് മന്ത്രിയെയും രണ്ടോ മൂന്നോ സഹമന്ത്രിമാരെയും നിയമിക്കാനും സര്‍ക്കരിന് പദ്ധതിയുണ്ട്. നയരൂപീകരണത്തിലെ സംയോജനം, പ്രവര്‍ത്തന ഭിന്നത ഇല്ലാതാക്കല്‍, പരസ്പര ബന്ധിതമായ വിഭാഗങ്ങള്‍ തമ്മിലുളള മികച്ച സംയോജിത പ്രവര്‍ത്തനം എന്നിവയാണ് മന്ത്രാലയ പുന:സംഘടനയിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. 

എന്‍ഡിഎയുടെ തെരഞ്ഞെടുപ്പ് പ്രകടന പത്രികയിലും മന്ത്രാലയങ്ങളുടെ ലയനം വാഗ്ദാനം ചെയ്തിരുന്നു.

click me!