നവംബര്‍ മുതല്‍ ജനുവരി വരെയുള്ള മാസങ്ങളാണ് കാപ്പിയും അടയ്‌ക്കയും ഇഞ്ചിയുമെല്ലാം വിളവെടുക്കുന്നത്. സീസണ് മുമ്പ് കുതിച്ചുയര്‍ന്ന വിലയില്‍ വലിയ പ്രതീക്ഷയിലായിരുന്നു വയനാട്ടിലെ കര്‍ഷകര്‍. പക്ഷേ നോട്ട് പിന്‍വലിക്കല്‍ ഇരുട്ടടിയായി. കയ്യില്‍ പണമില്ലാതായതോടെ കാപ്പി പാട്ടത്തിനെടുക്കാന്‍ ആളെത്തിയില്ല. കൂലി കൊടുക്കാന്‍ പോലും കാശില്ലാതായപ്പോള്‍ കാപ്പിക്കുരുവെല്ലാം പഴുത്തുണങ്ങിത്തുടങ്ങി..
അടയ്‌ക്ക പാട്ടത്തിനെടുത്തവരാണ് വല്ലാതെ വലഞ്ഞത്. പാട്ടത്തുക ജൂണ്‍, ജൂലൈ മാസങ്ങളില്‍ നല്‍കിയവര്‍ വിളവെടുപ്പുകാലം നോക്കിയെത്തിയ നോട്ട് നിരോധനത്തില്‍ തകര്‍ന്നു. പണിക്കാര്‍ക്ക് കൊടുക്കാന്‍ കാശില്ല.ഒന്നരമാസം കൊണ്ട് അടക്കയുടെ വില പകുതിയായി. സീസണില്‍ സജീവമാകേണ്ട മലഞ്ചരക്ക് കടകളില്‍ മിക്കവയും അടച്ചു. റെക്കോര്‍ഡ് വിലയുണ്ടായിട്ടും കുരുമുളകുള്‍പ്പെടെ എടുക്കാന്‍ ആളില്ലാത്ത അവസ്ഥയാണ്. ഡിസംബര്‍ 31 വരെ കാത്തിരുന്നുകൂടെ എന്ന് ചോദിച്ചാല്‍ ലോണെടുത്തും പണയം വെച്ചും കൃഷിയിറക്കിയതൊക്കെ അതുവരെ അവശേഷിക്കുമെന്ന് എന്താണ് ഉറപ്പെന്നാണ് ഇവരുടെ മറുചോദ്യം.