ഡോളറിനെതിരെ രൂപയുടെ മൂല്യം ഇന്നലെ ഒരു ഘട്ടത്തില്‍ 70.09 എന്ന നിലയിലേക്ക് വരെ താഴ്ന്നിരുന്നു
ദില്ലി: ഡോളറിനെതിരെ രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നതിന് പിന്നാലെ രാജ്യത്ത് വ്യാപാരക്കമ്മി ഉയരുമെന്ന തരത്തിലുളള ആശങ്കള്‍ അടിസ്ഥാനമില്ലാത്തതാണെന്ന് കേന്ദ്ര സര്‍ക്കാര്‍. കേന്ദ്ര സാമ്പത്തികകാര്യ സെക്രട്ടറി സുഭാഷ് ചന്ദ്ര ഗാര്‍ഗാണ് ഇത് സംബന്ധിച്ച പ്രസ്താവന നടത്തിയത്. ഡോളറിനെതിരെ രൂപയുടെ മൂല്യം ഇന്നലെ ഒരു ഘട്ടത്തില്‍ 70.09 എന്ന നിലയിലേക്ക് വരെ താഴ്ന്നിരുന്നു. പിന്നീട് 69.89 എന്ന നിലയിലേക്ക് ഉയര്‍ന്ന് നിലമെച്ചപ്പെടുത്തി.
രൂപയുടെ മൂല്യമിടിയുന്നത് ഇറക്കുമതി ചെലവ് ഉയരാന്‍ ഇടയാകുമെന്ന ആശങ്ക രാജ്യത്താകെ പടര്‍ന്നതിന് പിന്നാലെയാണ് ഇത് സംബന്ധിച്ച് കേന്ദ്ര സര്‍ക്കാരിന്‍റെ പ്രസ്താവനയെത്തിയത്. ഇന്ത്യയെപ്പോലെ കയറ്റുമതിയെക്കാള്‍ ഇറക്കുമതിയെ ആശ്രയിക്കുന്ന രാജ്യത്ത് രൂപയുടെ മൂല്യമിടിയുന്നത് വ്യാപാരക്കമ്മി വലിയ തോതില്‍ ഉയരുന്നതിലേക്ക് രാജ്യത്തെ തള്ളിവിടാനുളള സാധ്യത കൂടുതലാണ്.
തുര്‍ക്കിയുടെ കറന്‍സിയായ ലീറയുടെ മൂല്യത്തില്‍ വലിയ ഇടിവ് സംഭവിച്ചതോടെ ഇന്ത്യയടക്കമുളള മറ്റ് വികസ്വര രാജ്യങ്ങളുടെ കറന്‍സികളിലും ഇടിവ് ദൃശ്യമാവുകയായിരുന്നു. ഇത്തരത്തിലുളള ബാഹ്യഘടകങ്ങളാണ് രൂപയുടെ മൂല്യം ഇടിയാന്‍ കാരണമെന്നും സുഭാഷ് ഗാര്‍ഗ് അഭിപ്രായപ്പെട്ടു.