ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിലെല്ലാം ഞങ്ങളിപ്പോഴേ സജീവമാണ്. ഇസാഫിന്‍റെ മൊബൈൽ ബാങ്കിങ്, ഇന്റർനെറ്റ് ബാങ്കിങ്, എടിഎം ശൃംഖല എന്നിവ ഏറ്റവും ആധുനികമാണ്. ഇപ്പോൾ ഞങ്ങള്‍ കൂടുതൽ ശ്രദ്ധ കൊടുക്കുന്നത് ടാബ് അടിസ്ഥാനമാക്കിയുളള ഡിജിറ്റൽ സോഴ്സിങിനാണ്. ഇതുപയോഗിച്ചാണ് ഇസാഫിന്‍റെ ഏജൻസി ബാങ്കിങ് രാജ്യത്ത് സജീവമാകാൻ പോകുന്നത്.
സമാധാന നോബേൽ സമ്മാന ജേതാവ് മുഹമ്മദ് യുനസിന്റെ 'ഗ്രാമീൺ ബാങ്ക്' എന്ന ആശയം കടമെടുത്ത് 27 വർഷങ്ങൾക്ക് മുൻപ് കെ. പോൾ തോമസ് തുടങ്ങിയ ഇസാഫ് ഇന്ന് മലയാളികൾക്ക് ആകെ അഭിമാനിക്കാവുന്ന നേട്ടം സ്വന്തമാക്കിയിരിക്കുകയാണ്. ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്ക് ഇനി മുതൽ 'അത്ര സ്മോൾ ബാങ്കല്ല', കേരളം ആസ്ഥാനമായ അഞ്ചാം സ്വകാര്യ ഷെഡ്യൂൾഡ് ബാങ്കാണ്.
undefined
റിസർവ് ബാങ്കിന്റെ ഷെഡ്യൂൾഡ് ബാങ്ക് ലൈസൻസ് ലഭിച്ചതോടെ ഇസാഫ് ബാങ്ക് കുറഞ്ഞകാലം കൊണ്ട് ഫെഡറൽ ബാങ്ക്, സൗത്ത് ഇന്ത്യൻ ബാങ്ക് എന്നിവയുടെ നിരയിലേക്ക് ഉയർന്നിരിക്കുന്നു. മൈക്രോ ഫിനാൻസിൽ നിന്ന് 2017 മാർച്ചിൽ സ്മോൾ ഫിനാൻസ് ബാങ്കായി മാറിയ ഇസാഫ് വെറും രണ്ട് വർഷം കൊണ്ടാണ് റിസർവ് ബാങ്കിന്റെ ഷെഡ്യൂൾഡ് ബാങ്ക് ലൈസൻസ് നേടിയെടുത്തത്.
ഷെഡ്യൂൾഡ് ബാങ്കായി മാറിയാലും 'ഇസാഫ് പഴയ ഇസാഫ്' തന്നെയായിരുക്കുമെന്നാണ് ബാങ്കിന്റെ സ്ഥാപകനും സിഇഒയുമായ കെ. പോൾ തോമസ് പറയുന്നത്. സാധാരണക്കാരന് ഏത് സമയത്തും സഹായം ചോദിക്കാവുന്ന ഉറ്റസഹൃത്താണ് ഇസാഫ്, അത് ഇനിയും അങ്ങനെ തന്നെയായിരിക്കും. ബാങ്ക് വലുതാകുന്നതോടെ ഉപഭോക്താക്കൾക്കായുളള സേവനങ്ങളും വിപുലീകരിക്കും. എല്ലാ ഉപഭോക്താക്കളുടെയും വീട്ടുപടിക്കൽ സേവനമെത്തിക്കുക, സത്രീകളുടെ ബാങ്കായി മാറുക, സർവീസ് ചാർജില്ലാതെ മൈക്രോ എടിഎം സേവനങ്ങൾ നൽകുക, തുടങ്ങി ഇസാഫ് ബാങ്കിന്റെ വരും കാല പ്രവർത്തന ശൈലിയെക്കുറിച്ച് കെ. പോൾ തോമസ് ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനോട് സംസാരിക്കുന്നു.
കേരളത്തിലെ മറ്റ് ബാങ്കുകളിൽ നിന്ന് ഇസാഫ് എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നു?
കേരളത്തിൽ ബാങ്കുകൾ അനേകമുണ്ട്. എന്നാൽ, സാധാരണക്കാരന് അവൻ ആഗ്രഹിക്കുന്ന സേവനം എവിടെ നിന്നും ലഭിക്കുന്നില്ല. ഇന്ത്യയിലെ മറ്റ് സ്ഥലങ്ങളിൽ നിന്ന് വ്യത്യസ്തമായി കേരളം അണ്ടർ ബാങ്കിങ് ഏരിയ ആണെന്ന് പറയുന്നത് ഇതിനാലാണ്. ഇസാഫ് സാധാരണക്കാരുടെ ബാങ്കാണ്.
കോർപ്പറേറ്റ് വായ്പകളെക്കാൾ സാധാരണക്കാർക്ക് വായ്പ നൽകുകയാണ് ഞങ്ങളുടെ പ്രവർത്തന ലക്ഷ്യം. ഇതാണ് ഇസാഫിനെ മറ്റ് ബാങ്കുകളിൽ നിന്ന് വ്യത്യസ്തമാക്കുന്നത്.
ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്ക് ഷെഡ്യൂൾഡ് ബാങ്ക് ആകുമ്പോൾ പ്രവർത്തന രീതി എങ്ങനെയാവും?
ഇസാഫ് രൂപീകൃതമായത് മുതൽ ഇന്നുവരെ പ്രവർത്തന രീതിയിൽ കാതലായ മാറ്റങ്ങളില്ല. ആ പ്രവർത്തന രീതിക്ക് ലഭിച്ച അംഗീകാരമാണ് ഷെഡ്യൂൾഡ് ബാങ്ക് പദവി. അതിനാൽ പ്രവർത്തന രീതിയിൽ ഇനിയും മാറ്റങ്ങളുണ്ടാകില്ല. ഷെഡ്യൂൾഡ് ആകുന്നതോടെ 'ഫണ്ടിംഗിന്' കുറച്ചുകൂടി സാധ്യതകൾ കൂടും. ഷെഡ്യൂൾഡ് ആകുന്നതോടെ സർട്ടിഫിക്കറ്റ് ഓഫ് ഇഷ്യൂവിങ്, ഇന്റർ ബാങ്ക് ബോറോയിങ്ങ്സ് എന്നിവയും ഞങ്ങൾക്ക് സാധിക്കും. സോഷ്യൽ ബാങ്ക് എന്ന രീതിയിലാണ് ഇസാഫ് തുടങ്ങിയത്, മുഖ്യധാര ബാങ്കിങുമായി ബന്ധപ്പെടാൻ സാധിക്കാത്തവർ, ചെറുകിട കച്ചവടക്കാർ, സ്ത്രീകളുടെ സ്വയം സഹായ സംഘങ്ങൾ, തുടങ്ങിയവർക്ക് വിവിധതരത്തിലുള്ള സേവനങ്ങൾ നൽകുകയാണ് ഇസാഫിന്റെ ഉദ്ദേശം.
സ്ത്രീകൾക്കായുളള ഇസാഫിന്റെ പ്രവർത്തനങ്ങൾ
ഇസാഫ് സ്ത്രീകൾക്ക് പ്രഥമ പരിഗണന നൽകുന്ന ബാങ്കാണ്, ശരിക്കും ഇത് സ്ത്രീകളുടെ ബാങ്ക് തന്നെയാണ്. ഇപ്പോൾ തന്നെ കേരളത്തിൽ 10 ലക്ഷം സ്ത്രീകൾ ഞങ്ങളുടെ സംഘങ്ങളിൽ അംഗങ്ങളായിട്ടുണ്ട്.
ചെറുകിട വായ്പകൾ നൽകുക, സാമ്പത്തിക സാക്ഷരത പരിപാടികൾ സംഘടിപ്പിക്കുക, തുടങ്ങിയ പ്രവർത്തനങ്ങൾ വിജയകരമായി മുന്നേറുന്നു.
സ്ത്രീകളെ സംരംഭങ്ങൾ തുടങ്ങാനായി പ്രോത്സാഹിപ്പിക്കുകയെന്നത് ഇസാഫിന്റെ നയമാണ്. സ്ത്രീകൾ അംഗങ്ങളായുളള സംഘങ്ങളിൽ നിന്ന് വളർന്ന് വരുന്ന സംരഭങ്ങൾക്ക് കൂടുതൽ സഹായം നൽകും. ഷെഡ്യൂൾഡ് ബാങ്ക് ആകുന്നതോടെ കുറെക്കൂടി സേവനങ്ങൾ സ്ത്രീകൾക്കായി തയ്യാറാക്കും. ഷെഡ്യൂൾഡ് ആയി മാറുമ്പോഴും ഒരു സ്ത്രീ സൗഹാർദ്ദ ബാങ്കായി ഇസാഫ് തുടരും.
മിക്ക ബാങ്കുകളും എടിഎം സേവനങ്ങൾ നൽകാൻ മടികാണിക്കുന്ന കാലത്ത് ഇസാഫിന്റെ ഇതിനോടുളള സമീപനം എന്താകും?
ഇസാഫിന്‍റെ പ്രവര്‍ത്തനം കൂടുതലും ഗ്രാമീണ മേഖലയിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. അതിനാല്‍ പണമായിട്ടുളള ഇടപാടുകളാണ് ഞങ്ങളുടെ ഉപഭോക്താക്കള്‍ക്ക് കൂടുതല്‍. മിനിമം ബാലന്‍സ് വേണമെന്ന വ്യവസ്ഥ പോലും ഞങ്ങള്‍ക്കില്ല. ഞങ്ങൾ എടിഎം സേവനങ്ങള്‍ക്ക് കുറവ് വരുത്തില്ല.
എന്നാൽ, എടിഎമ്മിനോടൊപ്പം ഗുണഭോക്താക്കള്‍ക്കായി പുതിയ സംവിധാനം നടപ്പാക്കാനാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. മൈക്രോ എടിഎം എന്നാണ് ആ പുതിയ സംവിധാനത്തിന്‍റെ പേര്. ഏജന്‍സി ബാങ്കിങിന്‍റെ ചുവടുപിടിച്ചാണ് ഇത് നടപ്പാക്കുന്നത്. ഉള്‍പ്രദേശങ്ങളിലാകും മൈക്രോ എടിഎമ്മുകള്‍ സ്ഥാപിക്കുക. ഇതിലൂടെ ചെറിയ തുകകള്‍ പിന്‍വലിക്കാനും നിക്ഷേപിക്കാനും കഴിയും. ഇത്തരം മൈക്രോ എടിഎമ്മുകളില്‍ നിങ്ങള്‍ക്ക് സേവനങ്ങള്‍ നല്‍കാന്‍ ഞങ്ങളുടെ പ്രതിനിധി (ഏജന്‍റ്) എപ്പോഴുമുണ്ടാകും. ഇത്തരം സേവനങ്ങള്‍ക്ക് പ്രത്യേക നിരക്കുകള്‍ ഈടാക്കില്ല. എടിഎമ്മിലൂടെ പണമിടപാട് നടത്താന്‍ അറിയാത്തവര്‍ക്ക് പോലും എളുപ്പത്തില്‍ മൈക്രോ എടിഎമ്മിൽ നിന്ന് പണമിടപാട് നടത്താം. ഏത് ബാങ്കിന്‍റെ കാര്‍ഡും ഇവിടെ ഉപയോഗിക്കാം.
ഇതിലൂടെ നിരവധി പേര്‍ക്ക് തൊഴില്‍ നല്‍കാനും ഇസാഫിന് കഴിയും. ഇത്തരം കേന്ദ്രങ്ങളില്‍ ഇസാഫിന്‍റെ ഉപഭോക്താക്കളില്‍ നിന്ന് സര്‍വീസ് ചാര്‍ജുകള്‍ ഈടാക്കില്ല. നിലവിൽ നൽകുന്ന ഡോർ സ്റ്റെപ്പ് ബാങ്കിങ് (വീട്ടുപടിക്കൽ ബാങ്കിങ്) ഇതോടെ കുറച്ചുകൂടി വ്യാപിപ്പിക്കും.
'വീട്ടുപടിക്കൽ സേവനം' വിശദമാക്കാമോ?
ഉപഭോക്താക്കൾക്കും ബാങ്കിനും ഏറ്റവും സൗകര്യപ്രദമായ സംവിധാനമാണിത്. നിലവിൽ നൽകി വരുന്ന ഈ സേവനം അടുത്തു തന്നെ എല്ലാ ഗ്രാമങ്ങളിലും എത്തും.
വീട്ടുപടിക്കൽ സേവനത്തിലൂടെ അക്കൗണ്ട് ഓപ്പൺ ചെയ്യുന്നത് മുതൽ എല്ലാ അടിസ്ഥാന ബാങ്കിങ് സേവനങ്ങളും ഉപഭോക്താവിന് ഞങ്ങൾ നൽകും.
ഇത് ഏജൻസി ബാങ്കിങ് എന്ന സങ്കേതവുമായി ബന്ധപ്പെടുത്തിയാണ് ചെയ്യുന്നത്. ആഫ്രിക്കയിലൊക്കെ ഏജൻസി ബാങ്കിങ് വളരെ വിജയം കണ്ട ഒരു മോഡലാണ്. ഇവിടെ വോഡഫോൺ മുന്നോട്ടുവെച്ച എം-പെസ സേവനങ്ങൾ ഇതിന് ഉദാഹരണമാണ്. പുതിയതായി ഞങ്ങൾക്ക് ലഭിച്ച ബാങ്കിങ് ലൈസൻസിനോടുകൂടി ഈ ആശയം ചേർക്കുന്നതോടെ ഇത് വലിയ വിജയമാകുമെന്നാണ് പ്രതീക്ഷ.
ഡിജിറ്റൽ ബാങ്കിങ് പ്ലാറ്റ്ഫോമുകളില്‍ ഇസാഫിന്‍റെ സാന്നിധ്യം?
ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിലെല്ലാം ഞങ്ങളിപ്പോഴേ സജീവമാണ്. ഇസാഫിന്‍റെ മൊബൈൽ ബാങ്കിങ്, ഇന്റർനെറ്റ് ബാങ്കിങ്, എടിഎം ശൃംഖല എന്നിവ ഏറ്റവും ആധൂനികമാണ്. ഇപ്പോൾ ഞങ്ങള്‍ കൂടുതൽ ശ്രദ്ധ കൊടുക്കുന്നത് ടാബ് അടിസ്ഥാമാക്കിയുളള ഡിജിറ്റൽ സോഴ്സിങിനാണ്. ഇത് ഉപയോഗിച്ചാണ് ഇസാഫിന്‍റെ ഏജൻസി ബാങ്കിങ് രാജ്യത്ത് സജീവമാകാൻ പോകുന്നത്. ഇസാഫിന്റെ ഫസ്റ്റ് ജനറേഷൻ ഉപഭോക്താക്കളുടെയും ലോ ഇൻകം ഉപഭോക്താക്കളുടെയും ആവശ്യങ്ങൾ പരിഗണിച്ചാകും ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ വികസിപ്പിക്കുക.
ഡിജിറ്റല്‍ ബാങ്കിങിലേക്ക് കൂടുതല്‍ ശ്രദ്ധ നല്‍കുമ്പോള്‍ ശാഖകളുടെ എണ്ണം കുറയ്ക്കുമോ?
ഒരിക്കലും ഇല്ല, ഇപ്പോൾ 400 ശാഖകൾ ഇസാഫ് ബാങ്കിനുണ്ട്. അഞ്ഞൂറ് ശാഖകളാണ് ഞങ്ങളുടെ ടാർഗറ്റ് അതിനാൽ പുതിയ ശാഖകൾ താമസിയാതെ ഉണ്ടാകും. ഓരോ അഞ്ച് കിലോ മീറ്റർ ചുറ്റളവിലും ശാഖയായോ മൈക്രോ എടിഎമ്മായോ ഞങ്ങളുടെ സാന്നിധ്യമുണ്ടാകും. ശാഖകൾ ശരിക്കും ഒരു ചെലവേറിയ മോഡലാണ്. ഏജന്റ് ബാങ്കിങ് കൂടുതലായി വരുന്നതോടെ ഭാവിയിൽ ശാഖകൾ കുറച്ച് മതിയാകും.
നോബേൽ ജേതാവ് പ്രൊഫ. മുഹമ്മദ് യുനസിന്റെ സ്വാധീനം
ബംഗ്ലാദേശ് ഗ്രാമീൺ ബാങ്കിന്റെ ഉപജ്ഞാതാവായ പ്രൊഫ. മുഹമ്മദ് യുനസിന്റെ കാഴ്ച്ചപ്പാടുകളും പ്രവർത്തന രീതിയുമാണ് ഇസാഫിനായി ഞാൻ കടംകൊണ്ടത്. യുനസിന് സമാധാനത്തിനുളള നോബൽ സമ്മാനം ലഭിച്ചത് ഇത്തരത്തിലുളള സമർഥമായ പ്രവർത്തനം നടത്തിയതിനാണ്. സാമ്പത്തികമായി ആളുകളെ കരുത്തരാക്കിയാൽ അവരുടെ ജീവിത ലക്ഷ്യങ്ങൾ നേടിയെടുക്കാൻ അവർക്ക് എളുപ്പമാണ്. അവരുടെ കുട്ടികളുടെ വിദ്യാഭ്യാസം, വീട്, അങ്ങനെ അവർക്ക് ആവശ്യമുളളത് സ്വയം നേടിയെടുത്തുകൊള്ളും.
സോഷ്യൽ ബാങ്കിങ് രംഗത്ത് ഗോബൽ അലയൻസ് ഫോർ ബാങ്കിങ് ഓൺ വാല്യൂസ് എന്ന ഒരു സംഘടനയുണ്ട് 10 വർഷമായതേയൊള്ളൂ സംഘടന തുടങ്ങിയിട്ട്. ഇന്ത്യയിൽ നിന്ന് അതിൽ അംഗമായിട്ടുളള ഏക ബാങ്ക് ഇസാഫാണ്.
പ്രൊഫ. മുഹമ്മദ് യുനസിന്റെ കാഴ്ച്ചപ്പാട് പോലെ ഞങ്ങളും മൂല്യങ്ങളിൽ വിശ്വസിക്കുന്നു. ഇസാഫിന്റെ ബാങ്കിങ് ഉൽപന്നങ്ങളെടുത്ത് പരിശോധിച്ചാൽ ഇതി കാണാം. ഞങ്ങൾക്ക് ഒരു ഡിപ്പോസിറ്റ് സ്കീമുണ്ട്, ഹൃദയ ഡിപ്പോസിറ്റ് എന്നാണ് സ്കീമിന്റെ പേര്. 15 ലക്ഷം രൂപ രണ്ട് വർഷത്തേക്ക് നിക്ഷേപിച്ചാൽ, ഡിപ്പോസിറ്റ് ചെയ്ത ആൾക്ക് പലിശ നൽകുന്നതോടൊപ്പം തന്റെ പണം ആരുടെ ജീവിതമാണ് മെച്ചപ്പെടുത്തിയതെന്ന് അറിയിക്കുകയും ചെയ്യാം. അതായത് പലിശയ്ക്കൊപ്പം ഒരു സോഷ്യൽ റിട്ടേൺ കൂടി ലഭിക്കും.
ഷെഡ്യൂള്‍ഡ് ബാങ്ക് ആകുന്നതോടെ ആസ്ഥാനം കേരളത്തിന് പുറത്തേക്ക് മാറുമോ?
ഇസാഫ് കേരളത്തിന്‍റെ ബാങ്കാണ്, തൃശൂര്‍ മണ്ണുത്തിയിലാണ് ഞങ്ങൾ തുടങ്ങിയത്. അത് അവിടെ തന്നെ തുടരും. കേരളം ആസ്ഥാനമാക്കി ദേശീയ തലത്തില്‍ വളരുകയാണ് ഞങ്ങളുടെ ലക്ഷ്യം. മുൻപ് ബാങ്ക് വലുതാകുമ്പോൾ ആസ്ഥാനം മാറ്റുക എന്ന പതിവുണ്ടായിരുന്നു. എന്നാൽ, ഇപ്പോഴതിന്റെ ആവശ്യമില്ല. ടെക്നോളജി ഒക്കെ വികസിച്ചില്ലേ, മുംബൈയിൽ ആവശ്യങ്ങൾ നിറവേറ്റാനുളള ഓഫീസുകളുണ്ടാകും. കേരളത്തെ സംബന്ധിച്ച് ടാലന്റ്സിനെ കിട്ടാൻ ബുദ്ധിമുട്ടാണ്. നമ്മുടെ നാട്ടില്‍ ഹർത്താലുകൾ പോലെയുളള പ്രശ്നങ്ങളുണ്ടാകുമ്പോൾ ബാങ്കിന്‍റെ പ്രവർത്തനം പ്രശ്നത്തിലാകാറുണ്ട്. ശാഖ അടച്ചിടാം പക്ഷേ, ഹെഡ് ഓഫീസ് അടച്ചിടാൻ കഴിയില്ലല്ലോ?... അതിനാൽ ബാംഗ്ലൂരിൽ ബാങ്കിന് ആധുനിക സജീകരണങ്ങളോടെ മറ്റൊരു ഓഫീസുണ്ടാകും.
സഹകരണ മേഖലയും ഇസാഫും തമ്മിൽ
ഞാൻ 18 വർഷം സഹകരണ മേഖലയിൽ പ്രവർത്തിച്ച വ്യക്തിയാണ്. അടിസ്ഥാനപരമായി ഞാന്‍ ഒരു സഹകാരിയാണ്. ഞങ്ങളുടെ കീഴിലുളള സംഘങ്ങൾ സഹകരണ പ്രസ്ഥാനത്തിന്റെ മൂല്യങ്ങളെ അടിസ്ഥാനമാക്കിയാണ് പ്രവർത്തിക്കുന്നത്.
വരാന്‍ പോകുന്ന കേരള ബാങ്കുമായി സഹകരിക്കും. കേരള ബാങ്കിനോട് സഹകരിക്കാനുളള മേഖലകൾ കണ്ടെത്താൻ കഴിയുമെന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്.
വായ്പ പലിശ നിർണ്ണയ രീതിയിൽ റിസർവ് ബാങ്ക് കൊണ്ടുവരാൻ പോകുന്ന പുതിയ മാറ്റങ്ങളെ എങ്ങനെ കാണുന്നു?
ഞങ്ങൾ അതിനെപ്പറ്റി പഠിച്ച് വരുകയാണ്. ബാങ്ക് വായ്പയുടെ പലിശയിൽ അത് വലിയ വ്യത്യാസം വരുത്തില്ലെന്നാണ് എന്റെ നിഗമനം. റിപ്പോയിലുണ്ടാകുന്ന വ്യത്യാസത്തിന്റെ ഗുണഫലം ഉപഭോക്താവിന് നൽകണം എന്നാണ് ആർബിഐയുടെ നിർദ്ദേശം ഞങ്ങളുടെ പ്രവർത്തന രീതിയും ഇതിന് സമാനമാണ്.
ഇസാഫിന്‍റെ സിഎസ്ആർ പ്രവര്‍ത്തനങ്ങള്‍
ഒരു എൻജിഒ ആയിട്ടാണ് ഇസാഫ് തുടങ്ങിയത്. വികസന മേഖലയിലാണ് ഞങ്ങളുടെ സിഎസ്ആർ (കോർപ്പറേറ്റ് സാമൂഹിക ഉത്തരവാദിത്വം) പ്രവർത്തനങ്ങളില്‍ കൂടുതലും, അവ ഷെഡ്യൂള്‍ഡ് ബാങ്ക് ആകുമ്പോഴും തുടരും. സാധാരണ കോര്‍പ്പറേറ്റുകള്‍ വരുമാനത്തിന്‍റെ രണ്ട് ശതമാനമാണ് സിഎസ്ആറിനായി നീക്കിവയ്ക്കുന്നത്. എന്നാൽ, ഒരു സോഷ്യൽ ബാങ്കെന്ന നിലയ്ക്ക് അഞ്ച് ശതമാനം പണം ഞങ്ങള്‍ സിഎസ്ആറിനായി നീക്കിവയ്ക്കുന്നുണ്ട്. ഇസാഫ് തുടങ്ങിയപ്പോഴുളള ആദ്യത്തെ തീരുമാനവും സിഎസ്ആറിന് കൂടുതല്‍ പ്രാധാന്യം നല്‍കുകയെന്നതായിരുന്നു.
എല്ലാവരും കാത്തിരിക്കുന്ന ഇസാഫിന്‍റെ ഐപിഒ എന്നുണ്ടാകും?
മൂന്ന് വർഷത്തിനുളളിൽ ഐപിഒ ഉണ്ടാകും. വിപണിയുടെ അവസ്ഥയും കൂടി നോക്കി 2021 സെപ്റ്റംബറിന് മുൻപ് ഇസാഫിന്‍റെ ഐപിഒ നടക്കും.