2021 മാർച്ച് 31 ന് അവസാനിക്കുന്ന സാമ്പത്തിക വർഷത്തിൽ രാജ്യത്തിന്റെ ജിഡിപി 7.5 ശതമാനം ചുരുങ്ങുമെന്ന് പ്രതീക്ഷിക്കുന്നതായി റിസർവ് ബാങ്ക് (ആർബിഐ) ഡിസംബറിൽ പറഞ്ഞിരുന്നു.
മാർച്ച് 31 ന് അവസാനിക്കുന്ന സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ 7.7 ശതമാനം ചുരുങ്ങും, പ്രധാനമായും കൊറോണ വൈറസ് പകർച്ചവ്യാധിയും അതിനെ തുടർന്ന് ആഴ്ചകളോളം രാജ്യവ്യാപകമായി ലോക്ഡൗൺ ഏർപ്പെടുത്തേണ്ടി വന്നതുമാണ് സമ്പദ്‍വ്യവസ്ഥയുടെ തളർച്ചയ്ക്ക് ഇടയാക്കിയതെന്നും സാമ്പത്തിക സർവേ ചൂണ്ടിക്കാട്ടുന്നു. മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് കൃഷ്ണമൂർത്തി സുബ്രഹ്മണ്യൻ 2020-21 സാമ്പത്തിക സർവേയിൽ രാജ്യത്തിന്റെ ഭാവി വളർച്ചയെപ്പറ്റിയും വെല്ലുവിളികളെപ്പറ്റിയും വ്യക്തമാക്കുന്നു. അടുത്ത സാമ്പത്തിക വർഷത്തിൽ ജിഡിപി വളർച്ച 11 ശതമാനമാകുമെന്ന് സർവേ പ്രവചിക്കുന്നു.
“കാർഷിക മേഖല ഇപ്പോഴും രാജ്യത്തിന് പ്രതീക്ഷ നൽകുന്ന പ്രകടനം നടത്തുന്നു, അതേസമയം കോൺടാക്റ്റ് അധിഷ്ഠിത സേവനങ്ങൾ, ഉൽപ്പാദന, നിർമാണ മേഖലകളെയാണ് കൊവിഡ്-19 പകർച്ചവ്യാധി ഏറ്റവും കൂടുതൽ ബാധിച്ചത്,” സർവേ പറയുന്നു. ഇന്ത്യയുടെ കൊവിഡ് -19 വാക്സിനേഷൻ പരിപാടി വി ആകൃതിയിലുള്ള സാമ്പത്തിക വീണ്ടെടുക്കലിന് ഇടയാക്കും. പണപ്പെരുപ്പം മുന്നോട്ട് പോകും തോറും നിയന്ത്രിതമാകുമെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
undefined
സമ്പദ് വ്യവസ്ഥയെ സഹായിക്കുന്നതിനായി ധനനയം ലഘൂകരിക്കാൻ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് ഇടം നൽകുന്ന തരം വികസന മാതൃകയാണ് സാമ്പത്തിക സർവേ മുന്നോട്ട് വയ്ക്കുന്നതെന്ന് ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്യുന്നു.
ഇറക്കുമതി തീരുവ ഉയർത്തിയേക്കും
കേന്ദ്ര ബജറ്റിന് രണ്ട് ദിവസം മുമ്പ് ധനമന്ത്രി പാർലമെന്റിൽ അവതരിപ്പിച്ച സാമ്പത്തിക സർവേ കാർഷിക, വ്യാവസായിക ഉൽപാദനം, തൊഴിൽ, പണ വിതരണം, മറ്റ് മേഖലകൾ എന്നിവയുടെ പ്രവണതകളെ വിശകലനം ചെയ്യുന്നു.
ധനമന്ത്രി നിർമല സിതാരാമൻ ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കുന്ന കേന്ദ്ര ബജറ്റിൽ ആരോഗ്യ സംരക്ഷണത്തിനുള്ള ചെലവിടൽ വർദ്ധിപ്പിക്കുമെന്നും ഇറക്കുമതി ചെയ്യുന്ന നിരവധി സാധനങ്ങൾക്കുളള ലെവി ഉയർത്തുമെന്നും കൊവിഡ് -19 സെസ് അവതരിപ്പിക്കുമെന്നും പ്രതീക്ഷിക്കുന്നു.
പ്രവചനം ഐഎംഎഫിന് സമാനം
സാമ്പത്തിക സർവേ 2020-21 ന്റെ കണ്ടെത്തലുകൾ കേന്ദ്ര ബാങ്ക്, അന്താരാഷ്ട്ര ഏജൻസികൾ, വിദഗ്ധർ എന്നിവരുടെ പ്രവചനങ്ങൾക്ക് അനുസൃതമായാണ് തയ്യാറാക്കിയിരിക്കുന്നത്. 2021 മാർച്ച് 31 ന് അവസാനിക്കുന്ന സാമ്പത്തിക വർഷത്തിൽ രാജ്യത്തിന്റെ ജിഡിപി 7.5 ശതമാനം ചുരുങ്ങുമെന്ന് പ്രതീക്ഷിക്കുന്നതായി റിസർവ് ബാങ്ക് (ആർബിഐ) ഡിസംബറിൽ പറഞ്ഞിരുന്നു. 9.5 ശതമാനം സങ്കോചത്തിന്റെ മുൻ പ്രവചനത്തിൽ നിന്നാണ് കേന്ദ്ര ബാങ്ക് പ്രതീക്ഷിത വളർച്ചാ നിരക്കിൽ മാറ്റം വരുത്തിയത്.
അന്താരാഷ്ട്ര നാണയ നിധി (ഐഎംഎഫ്) ചൊവ്വാഴ്ച ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയിലെ സങ്കോചം നടപ്പ് സാമ്പത്തിക വർഷത്തിൽ എട്ട് ശതമാനമായി ഉയർത്തിയിരുന്നു, ഇത് സർക്കാരിന്റെ മുൻകൂർ കണക്കുകൂട്ടലിൽ പ്രതീക്ഷിച്ച 7.7 ശതമാനം ഇടിവിനേക്കാൾ കൂടുതലാണ്. 2022-23ൽ 6.8 ശതമാനമായി കുറയുന്നതിന് മുമ്പ് അടുത്ത സാമ്പത്തിക വർഷത്തിൽ 11.5 ശതമാനം വളർച്ചാ നിരക്ക് ഐഎംഎഫ് പ്രതീക്ഷിക്കുന്നു, രണ്ട് വർഷവും ലോകത്ത് അതിവേഗം വളരുന്ന വലിയ സമ്പദ് വ്യവസ്ഥയെന്ന സ്ഥാനം ഇന്ത്യ വീണ്ടെടുക്കുമെന്ന് ഐഎംഎഫ് പ്രതീക്ഷിക്കുന്നു.