ഒരു വലിയ സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് കരകയറി വന്ന രാജ്യാന്തര സാമ്പത്തിക മേഖലയെ പെട്ടെന്ന് ബാധിച്ച മാരക വൈറസ് ആണ് കൊറോണ.
"അമ്മേ കലങ്ങിയില്ല" ക്ഷീണിച്ചിരിക്കുന്ന അരശുമ്മൂട്ടിൽ അപ്പുക്കുട്ടന് 'അമ്മ ഹോർലിക്‌സ് ഇട്ട പാൽ കൊടുക്കുന്ന യോദ്ധ എന്ന ചിത്രത്തിലെ രംഗമാണ് ഈ കൊറോണ കാലത്തെ സാമ്പത്തിക സ്ഥിതിവിശേഷം സൂചിപ്പിക്കുന്നത്. അതെ, അപ്പുക്കുട്ടനെപോലെ സാമ്പത്തിക മേഖല ആകെ ക്ഷീണിതനാണ്. അവൻ പഴയ നിലയിൽ എത്താൻ ധാരാളം സാമ്പത്തിക പാക്കേജുകൾ ആവശ്യമാണ്. ഇവിടെ കേന്ദ്ര സർക്കാരും, റിസർവ് ബാങ്ക് ഓഫ് ഇന്ത്യയും ആണ് ആ 'അമ്മ'.
ഒരു വലിയ സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് കരകയറി വന്ന രാജ്യാന്തര സാമ്പത്തിക മേഖലയെ പെട്ടെന്ന് ബാധിച്ച മാരക വൈറസ് ആണ് കൊറോണ. അതുകൊണ്ടുതന്നെ മിക്ക സർക്കാരുകളും സാമ്പത്തിക ഉത്തേജന പാക്കേജുകൾ പ്രഖ്യാപിച്ചിരിക്കുകയാണ്. വ്യവസായ രംഗം തകരാതിരിക്കാൻ അവർ ചരിത്രത്തിലെ തന്നെയുള്ള ഏറ്റവും വലിയ സാമ്പത്തിക പാക്കേജുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ത്യയിലെ ലോക്ക് ഡൗൺ ഏറ്റവും കൂടുതൽ ബാധിച്ചിരിക്കുന്നത് ഉപഭോഗ മേഖലയെ ആണ്. ഇത് ഈ രംഗത്തെ നിക്ഷേപത്തെ കാര്യമായിത്തന്നെ ബാധിച്ചിട്ടുണ്ട്. കയറ്റുമതി മേഖലയും അപ്പാടെ സമ്മർദ്ദത്തിലായിരിക്കുകയാണ്. ഇത് സൂചിപ്പിക്കുന്നത് ഈ സമയത്ത് ഓരോ മേഖലയെയും കേന്ദ്രീകരിച്ച് ധനകാര്യ പാക്കേജുകൾ വേണമെന്നതാണ്. അത്യവശ്യം കാര്യം ദേശീയ വരുമാനത്തെ സ്വാധീനിക്കുന്ന സർക്കാരുകളുടെ ഫിസ്കൽ പാക്കേജുകൾ തന്നെയാണ്.
undefined
വൈകിയാണേലും കേന്ദ്ര സർക്കാർ മാർച്ച് 26 നു പ്രഖ്യാപിച്ച 1.7 ലക്ഷം കോടി രൂപയാണ് ഭാരതത്തിനുള്ള ആദ്യത്തെ ഉത്തേജന മരുന്ന്. ഇത് നമ്മുടെ ജിഡിപി യുടെ 0.7 ശതമാനം മാത്രമാണുള്ളത്. ഈ പാക്കേജ് പ്രകാരം നമ്മുടെ നാട്ടിലെ പാവപ്പെട്ടവർക്കു ലഭിക്കുന്നത് 500 രൂപ മാത്രമാണ്. എന്നാൽ, അത് പോരാ എന്നുള്ളതാണ് നഗ്ന സത്യം. അമേരിക്ക, ജർമ്മനി എന്നീ രാജ്യങ്ങൾ ഏകദേശം ജിഡിപിയുടെ പത്തു ശതമാനം വരെ ഫിസ്കൽ പാക്കേജുകൾ പ്രഖ്യാപിച്ചിട്ടുണ്ട് എന്നുള്ള കാര്യം ഓർക്കണം. ഐഎംഎഫ് (അന്താരാഷ്ട്ര നാണയ നിധി) പറയുന്നതു പ്രകാരം രാജ്യത്തിന് ആവശ്യമായുള്ളത് ആരോഗ്യ മേഖലയിലേക്ക് കൂടുതൽ ധനകാര്യ പാക്കേജുകളാണ്. ഇത് കൂടുതൽ രോഗബാധ കുറക്കുന്നതിനും, അഗാധമായ സാമ്പത്തിക ക്ഷീണത്തിനും ഒരു പരിധിവരെ പരിഹാരമാണ്.
ആർബിഐക്ക് എന്ത് ചെയ്യനാകും
നമ്മുടെ ആർബിഐയുടെ ആസ്തി എന്ന് പറയുന്നത് വളരെ ഭീമമാണ്. വിദേശ നാണ്യ കരുതൽ ശേഖരം തന്നെ ഏകദേശം 429.82 ബില്യൺ യുഎസ് ഡോളർ ഉണ്ട്. ഇത് ഇന്ത്യയ്ക്ക് ആവശ്യമുള്ളപ്പോൾ വിനിയോഗിക്കാൻ സാധ്യമാണ്. അതേപോലെ തന്നെ ആർബിഐയുടെ ഇക്വിറ്റി മൂല്യം ഏകദേശം 8 -9 ലക്ഷം കോടി രൂപയാണ്. ഇത് രാജ്യത്തെ ഇപ്പോഴുള്ള സാമ്പത്തിക ഞെരുക്കത്തിന് ഉപയോഗിക്കാം എന്നുള്ള അഭിപ്രായം പല കോണുകളിൽ നിന്നും വരുന്നുണ്ട്.
ഏപ്രിൽ 17 ലെ പ്രഖ്യാപനം
ആർബിഐ റിവേഴ്‌സ് റീപ്പോ നിരക്ക് 3 .75 ശതമാനമായി കുറച്ചു. ഇത് ബാങ്കുകൾക്ക് പണം കയ്യിൽ വെറുതെ വെക്കാനുള്ള അവസരം നഷ്ടപ്പെടുത്തുകയും തന്മൂലം കൂടുതൽ പണം വായ്പയായി നൽകാനുളള അവസരം സൃഷ്ടിക്കുകയും ചെയ്യും. എന്നാൽ, റിപ്പോ റേറ്റ് 4.40 ശതമാനത്തിൽ മാറ്റമില്ലാതെ തന്നെ നിലനിർത്തി.
ആർബിഐ ഗവർണർ ശക്തികാന്ത് ദാസിന്റെ അഭിപ്രായപ്രകാരം സർക്കാർ പാക്കേജുകൾ മൂലം ബാങ്കുകളിൽ നിറഞ്ഞിരിക്കുന്ന അധിക പണ ദ്രവ്യത ഇൻവെസ്റ്റ്മെന്റ് ആയും വായ്പയായും ഉല്പാദന മേഖലയിലേക്ക് വിന്യസിക്കാൻ വേണ്ടിയാണ് റിവേഴ്‌സ് റീപ്പോ റേറ്റ് കുറിച്ചിരിക്കുന്നത്.
ഏതായാലും ക്ഷീണിച്ചിരിക്കുന്ന അരശുമ്മൂട്ടിൽ അപ്പുക്കുട്ടൻ എന്ന സാമ്പത്തിക മേഖലക്ക് അല്പം ഹോർലിക്‌സ് പാല് എന്ന സാമ്പത്തിക പാക്കേജ് കൊടുത്താൽ പോര. കൂടുതൽ വൈദഗ്ധ്യമുള്ള ചിന്തകൾ റിസർവ് ബാങ്ക് ഈ അവസരത്തിൽ പ്രയോജനപ്പെടുത്തണം.
ആ "യെസ് " നൽകുന്ന പ്രതീക്ഷ! മുൻ ആർബിഐ ഗവർണർ രഘുറാം രാജനോട് എൻഡിടിവി മാധ്യമപ്രവർത്തകനായ പ്രണോയ് റോയ് ഒരു ചോദ്യം ചോദിച്ചു, അഥവാ ഇന്ത്യ ഒരു വലിയ പ്രതിസന്ധി നേരിട്ടാൽ താങ്കൾ തിരിച്ചു വന്ന് രാജ്യത്തെ രക്ഷപെടുത്തുമോ? അദ്ദേഹം "യെസ്" എന്ന് ഉത്തരം നൽകി. താനൊരു ഭാരതീയൻ ആണെന്നും ഇന്ത്യ ആണ് തനിക്ക് പ്രധാനം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഓരോ ഭാരതീയനും ഒരു പുതിയ ഉണർവ് തന്നെയാണ് അദ്ദേഹത്തിന്റെ വാക്കുകൾ നൽകിയിരിക്കുന്നത്.
- തിരുച്ചിറപ്പള്ളി ഐഐഎമ്മിലെ (ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ്) പിജിപിഎം വിദ്യാര്‍ത്ഥിയാണ് ലേഖകന്‍