ഇന്നാണ് റിസർവ് ബാങ്ക് 2000 രൂപ നോട്ട് നിരോധന വിജ്ഞാപനം പുറത്തിറക്കിയത്. മെയ് 23 മുതൽ 20000 ത്തിന്റെ കെട്ടുകൾ തവണകളായി ബാങ്കുകളിൽ വെച്ച് മാറാവുന്നതാണ്
തിരുവനന്തപുരം: റിസർവ് ബാങ്ക് 2000 രൂപ നോട്ട് നിരോധിച്ചതോടെ ആയിരം രൂപ കറൻസി തിരികെ വരാൻ സാധ്യതയേറിയെന്ന് സാമ്പത്തിക വിദഗ്ദ്ധൻ സി ഷൈജുമോൻ. സെപ്തംബർ 30 വരെ മാത്രമാണ് 2000 രൂപ നോട്ടിന്റെ ആയുസ്. അതിന് ശേഷം നിലവിലെ കറൻസികളിൽ ഏറ്റവും വലിയ കറൻസി 500 രൂപയാകും. എന്നാൽ ആ ഘട്ടമാകുമ്പോഴേക്കും വലിയ കറൻസി വിപണിയിലെത്തുമെന്നാണ് താൻ കരുതുന്നതെന്ന് അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.
'വിലക്കയറ്റം കൂടുമ്പോഴും മൂല്യവർധന ഉണ്ടാകുമ്പോഴും ജനങ്ങളുടെ സൗകര്യത്തിനാണ് വലിയ കറൻസി നാട്ടിലുണ്ടാകേണ്ടത്. 1960 കളിൽ രാജ്യത്ത് പതിനായിരത്തിന്റേയും അയ്യായിരത്തിന്റേയുമൊക്കെ കറൻസി ഉണ്ടായിരുന്നു. പിന്നീട് അത് പരമാവധി ആയിരത്തിലേക്കും പിന്നീട് 2000വുമായി. വലിയ സാമ്പത്തിക ക്രയവിക്രയങ്ങൾ ഡിജിറ്റലായി മാറി. ഇപ്പോൾ ജനത്തിന് ചെറിയ കറൻസി നോട്ടുകളാണ് ആവശ്യം. ഒരുപക്ഷെ ആയിരത്തിന്റെ നോട്ട് തിരികെ വന്നേക്കും. അതുമല്ലെങ്കിൽ 3000 ത്തിന്റേയോ അതിലും വലിയ കറൻസി വരാനും സാധ്യതയുണ്ട്,'- ഷൈജുമോൻ പറഞ്ഞു.
undefined
'വിലക്കയറ്റം കഴിഞ്ഞ രണ്ടാഴ്ചയായി ഡീഫ്ലേഷൻ എന്ന നിലയിൽ താഴേക്ക് പോയി. എങ്കിലും ഗ്രാമങ്ങളിലൊക്കെ ഇപ്പോഴും നിലനിൽക്കുന്നുണ്ട്. അവിടങ്ങളിൽ പണം ഇപ്പോഴും ഉപയോഗിക്കുന്നുണ്ട്. ആയിരത്തിന്റെ നോട്ട് തിരികെ വരാനോ മൂവായിരം പോലെ വലിയ മൂല്യമുള്ള കറൻസി നിലവിൽ വരാനും സാധ്യതയുണ്ടെന്നാണ് ഞാൻ മനസിലാക്കുന്നത്,'- എന്നും അദ്ദേഹം ആവർത്തിച്ചു.
ഇന്നാണ് റിസർവ് ബാങ്ക് 2000 രൂപ നോട്ട് നിരോധന വിജ്ഞാപനം പുറത്തിറക്കിയത്. മെയ് 23 മുതൽ 20000 ത്തിന്റെ കെട്ടുകൾ തവണകളായി ബാങ്കുകളിൽ വെച്ച് മാറാവുന്നതാണ്. സെപ്തംബർ 30 വരെയാണ് നോട്ട് മാറാനുള്ള സമയം. നിലവിൽ ഇന്ത്യൻ വിപണിയിലുള്ളത് 3.62 ലക്ഷം കോടി രൂപ മൂല്യമുള്ള 181 കോടി എണ്ണം 2000 രൂപ നോട്ട് മാത്രമാണ്.
മുൻപ് 2016 നോട്ട് നിരോധനം വന്ന ശേഷമാണ് 2000 രൂപ നോട്ട് പുറത്തിറക്കിയത്. 2017 ന് ശേഷം രാജ്യത്ത് ഈ നോട്ട് അച്ചടിച്ചിരുന്നില്ല. പിൽക്കാലത്ത് ഘട്ടം ഘട്ടമായി നോട്ട് പിൻവലിച്ചു. നിലവിലെ സാഹചര്യത്തിൽ 2000 രൂപ നോട്ട് നിരോധനം 2016 ലെ നോട്ട് നിരോധന സാഹചര്യം പോലെ ജനത്തെ വലയ്ക്കില്ലെന്നാണ് കരുതുന്നത്. വിപണിയിൽ 2000 രൂപ നോട്ട് ലഭ്യത കുറഞ്ഞതാണ് ഇതിന് കാരണം.