കേരളത്തിന് ആശ്വാസം; വായ്പ പരിധി ഉയർത്താൻ കേന്ദ്രസർക്കാരിന്റെ അനുമതി

By Web Team  |  First Published Jun 11, 2021, 9:25 AM IST

കേരളം ഉൾപ്പടെയുള്ള സംസ്ഥാനങ്ങൾ നിരന്തരം കേന്ദ്രത്തോട് ഇത് ആവശ്യപ്പെട്ടു വരികയായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ആകെ ആഭ്യന്തര ഉല്പാദനത്തിന്റെ മൂന്നു ശതമാനം മാത്രമേ കടമെടുക്കാൻ പാടുള്ളു എന്ന നിബന്ധന മാറ്റി അത് അഞ്ച് ശതമാനമാക്കി ഉയർത്താൻ കേന്ദ്രം തീരുമാനിച്ചത്. 
 


ദില്ലി: വായ്പ പരിധി ഉയർത്താൻ കേരളത്തിന് കേന്ദ്രസർക്കാരിന്റെ അനുമതി. സംസ്ഥാന ജിഡിപിയുടെ 5 ശതമാനം വരെ കടമെടുക്കാനാണ് അനുമതി നൽകിയിരിക്കുന്നത്. കേന്ദ്രം നിർദ്ദേശിച്ച നാല് നിബന്ധനകൾ കേരളം പാലിച്ചു. കേരളവും ഉത്തരാഖണ്ടും ഗോവയും ആണ് നിബന്ധനകൾ നടപ്പിലാക്കിയ സംസ്ഥാനങ്ങൾ.

കൊവിഡ് പ്രതിസന്ധിയിൽ നട്ടം തിരിയുന്ന കേരളത്തിന് കൂടുതൽ പണം ഉണ്ടാക്കാനുള്ള സാധ്യതയാണ് ഇതിലൂടെ തുറന്നുകിട്ടിയിരിക്കുന്നത്. വായ്പാ പരിധി ഉയർത്താൻ സംസ്ഥാനങ്ങളെ സഹായിക്കും എന്നത് കേന്ദ്രസർക്കാർ കഴിഞ്ഞ വർഷം നടത്തിയ പ്രഖ്യാപനങ്ങളിൽ പ്രധാനപ്പെട്ടതായിരുന്നു.  കേരളം ഉൾപ്പടെയുള്ള സംസ്ഥാനങ്ങൾ നിരന്തരം കേന്ദ്രത്തോട് ഇത് ആവശ്യപ്പെട്ടു വരികയായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ആകെ ആഭ്യന്തര ഉല്പാദനത്തിന്റെ മൂന്നു ശതമാനം മാത്രമേ കടമെടുക്കാൻ പാടുള്ളു എന്ന നിബന്ധന മാറ്റി അത് അഞ്ച് ശതമാനമാക്കി ഉയർത്താൻ കേന്ദ്രം തീരുമാനിച്ചത്. 

Latest Videos

undefined

അഞ്ച് ശതമാനമായി ഉയർത്തിയപ്പോൾ കേന്ദ്രം ചില നിബന്ധനകൾ മുന്നോട്ട് വച്ചിരുന്നു. മൂന്നു ശതമാനത്തിൽ നിന്ന് നാല് ശതമാനമായി സംസ്ഥാനങ്ങൾക്ക് അവരുടെ വായ്പാ പരിധി ഉയർത്താം എന്നതായിരുന്നു കേന്ദ്രത്തിന്റെ നിർദ്ദേശം. ഇത് നാല് ശതമാനത്തിൽ നിന്ന് അഞ്ച് ശതമാനത്തിലേക്ക് എത്തണമെങ്കിൽ കേന്ദ്രത്തിന്റെ നാല് നിബന്ധനകൾ പാലിക്കണമെന്നായിരുന്നു അന്ന് മന്ത്രി നിർമ്മലാ സീതാരാമൻ വ്യക്തമാക്കിയത്. ഒറ്റ രാജ്യം ഒറ്റ റേഷൻ കാർഡ് എന്നതിലേക്ക് കൂടുതൽ നടപടികൾ സംസ്ഥാനം സ്വീകരിക്കണമെന്നതായിരുന്നു ആദ്യ നിബന്ധന.  വൈദ്യുതി സബ്സിഡി കർഷകർക്ക് നേരിട്ട് ബാങ്ക് അക്കൗണ്ട് വഴി നൽകുക എന്നതായിരുന്നു രണ്ടാമത്തേത്. വ്യവസായസൗഹൃദ നടപടികൾ എന്ന നിലയിൽ കേന്ദ്രം ചില നിർദ്ദേശങ്ങൾ മുമ്പോട്ട് വച്ചിരുന്നു. അത് സംസ്ഥാനങ്ങൾ നടപ്പാക്കണമെന്നതായിരുന്നു മൂന്നാമത്തെ നിർദ്ദേശം. ന​ഗരങ്ങളിലും മറ്റും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ ഒരു മിനിമം പ്രോപ്പർട്ടി ടാസ്ക് ഉൾപ്പടെ നിശ്ചയിച്ച് മുമ്പോട്ട് പോകുക എന്നതായിരുന്നു നാലാമത്തെ നിബന്ധന. ഇതെല്ലാം കേരളം പാലിച്ചു.

വായ്പാ പരിധി ഉയർത്തുമ്പോൾ സംസ്ഥാനങ്ങൾക്ക് ഏകദേശം രണ്ടുലക്ഷത്തി പതിനാലായിരം കോടി രൂപ കൂടി കിട്ടും. ഇതിൽ കേരളത്തിന് മാത്രമായി എത്ര രൂപ കിട്ടും എന്നത് വ്യക്തമാകേണ്ടതുണ്ട്. 


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 
 

click me!