റിസര്‍വ് ബാങ്കിന്റെ ധനനയ അവലോകനം പ്രധാനമായും സമ്പദ്ഘടനയിലെ പണലഭ്യതയും പലിശനിരക്കുകളെയും ലക്ഷ്യമിട്ടുകൊണ്ടുള്ള സുപ്രധാന ഇടപെടലുകളാണ്. ഇതില്‍ തന്നെ ഏറ്റവും പ്രധാനപ്പെട്ട നടപടി അടിസ്ഥാന നിരക്കായ റിപ്പോ നിരക്കുകള്‍ അവലോകനം ചെയ്ത് പുനര്‍നിര്‍ണയിക്കുന്നതുമാണ്.
കൊവിഡ് തളര്‍ത്തിയ വിപണി
2019 -20 രണ്ടാം അര്‍ദ്ധവര്‍ഷത്തില്‍ ഇറാനും അമേരിക്കയും തമ്മിലുണ്ടായ രാഷ്ട്രീയ പിരിമുറുക്കവും അതിനുശേഷം വന്ന യുഎസും ചൈനയും തമ്മിലുള്ള കച്ചവടം സംബന്ധിച്ച അങ്കലാപ്പുകളുമായിരുന്നു അന്താരാഷ്ട്ര രംഗത്തുണ്ടായ പ്രധാന സംഭവ വികാസങ്ങള്‍. ഫെബ്രുവരി അവസാനത്തോടെ കോവിഡ് 19 പടരാന്‍ തുടങ്ങിയത് അന്താരാഷ്ട്ര വിപണിയെ പിടിച്ചു കുലുക്കുകയുണ്ടായി. മുന്‍നിര രാജ്യങ്ങളോടൊപ്പം സമ്പദ്ഘടന വളര്‍ന്നു വരുന്ന രാജ്യങ്ങളിലും (എമെര്‍ജിംഗ് എക്കണോമികള്‍) മാര്‍ച്ച് ഒൻപത് തുടങ്ങിയ ആഴ്ചയില്‍ സാമ്പത്തിക വിപണികളില്‍ തളര്‍ച്ച അനുഭവപ്പെട്ടു. അമേരിക്ക രണ്ടുതവണ അടിസ്ഥാന നിരക്കുകള്‍ കുറയ്ക്കുകയുണ്ടായി. ഇന്ത്യയില്‍ ഓഹരി വിപണി ജനുവരി 14 ന് പുതിയ ഉയരങ്ങളിലെത്തിയെങ്കിലും അന്താരാഷ്ട്ര വിപണികളുടെ ചുവടു പിടിച്ച് അസ്ഥിരതയും തകര്‍ച്ചകളും രേഖപ്പെടുത്തി.
വിദേശ വിനിമയ വിപണി
വളര്‍ച്ച പ്രാപിച്ചുകൊണ്ടിരിക്കുന്ന രാജ്യങ്ങളുടെ കറന്‍സിയിലുണ്ടായ മൂല്യത്തകര്‍ച്ച പോലെയായില്ലെങ്കിലും ഇന്ത്യന്‍ രൂപയുടെ വില ഇടിഞ്ഞു. മറ്റ് എമര്‍ജിംഗ് രാജ്യങ്ങളുടെ കറന്‍സികളായ തായ്ബാത്, അര്‍ജന്റീനിയന്‍ പിസോ, ഇന്റോനേഷ്യന്‍ റുപിയ, ബ്രസീലിയന്‍ റിയാല്‍ തുടങ്ങിയവ മാര്‍ച്ച് മാസത്തില്‍ വില ഇടിഞ്ഞു. ഇവയുടെ ചുവടുപിടിച്ച് ഇന്ത്യന്‍ രൂപയിലും വിലതകര്‍ച്ചയുണ്ടായി. മാര്‍ച്ച് 24 ന് ഇന്ത്യന്‍ രൂപയുടെ ഏറ്റവും താഴ്ന്ന വിലയായ ഒരു അമേരിക്കന്‍ ഡോളറിന് 76.55 എന്ന നിലയിലെത്തി. 2019-20 രണ്ടാം അര്‍ദ്ധവര്‍ഷത്തില്‍ രൂപയുടെ വില ഏഴ് ശതമാനം കണ്ടാണ് മൂല്യശോഷണമുണ്ടായത്.
വായ്പാ വളര്‍ച്ച
മുന്‍ വര്‍ഷങ്ങളില്‍ രേഖപ്പെടുത്തിയ 14.4% വാര്‍ഷിക വായ്പാ വളര്‍ച്ച ഈ വര്‍ഷം അതിന്റെ പകുതിയില്‍ താഴെ 6.1% ആയി കുറഞ്ഞു. വായ്പാ വിതരണത്തില്‍ സ്വകാര്യ ബാങ്കുകള്‍ ഉള്‍പ്പെടെ എല്ലാ വിഭാഗം ബാങ്കുകളും പിന്നിലായിരുന്നു. ഇതില്‍ വ്യക്തിഗത വായ്പകള്‍ ഈ വര്‍ഷം 17% കണ്ടാണ് ഉയര്‍ന്നത്. കാര്‍ഷിക മേഖലയ്ക്കും വ്യവസായ മേഖലയ്ക്കുമുള്ള വായ്പാതോതും സാവധാനത്തിലാണ് മുന്നോട്ട് നീങ്ങിയത്. സേവന മേഖലയിലേക്കുള്ള വായ്പകള്‍ ജനുവരിയില്‍ ഉയര്‍ന്നെങ്കിലും ഫെബ്രുവരി മാസത്തോടെ വീണ്ടും ദുര്‍ബലമായി. വ്യക്തിഗത വായ്പ കൂടിയതിന് കാരണം ഭവന വായ്പകളും ക്രെഡിറ്റ് കാര്‍ഡുകളില്‍ പിരിഞ്ഞുകിട്ടാനുള്ള തുക വര്‍ദ്ധിച്ചതുമാണ്.
ഫെബ്രുവരി 2019 ല്‍ വ്യക്തിഗത വായ്പകള്‍ ആകെ വായ്പയുടെ 31.9% ആയിരുന്നത് ഫെബ്രുവരി 2020 ല്‍ 60.6 ശതമാനമായി വര്‍ദ്ധിച്ചു. സൂക്ഷ്മ -ചെറുകിട സംരംഭങ്ങള്‍ ഉള്‍പ്പടെ വ്യവസായ മേഖലയ്ക്ക് ഇതേ കാലയളവിലുണ്ടായ കുറവ് 15.2% ല്‍ നിന്ന് 3.1% എന്ന നിലയില്‍ ഏതാണ്ട് അഞ്ചില്‍ ഒന്നായി കുറയുകയുണ്ടായി. സേവന മേഖലയ്ക്ക് 45% ആയിരുന്നത് 25.9% ആയി താഴ്ന്നു. കാര്‍ഷിക അനുബന്ധ മേഖലയില്‍ 7.9% ല്‍ നിന്ന് 10.4% ആയി നേരിയ രീതിയില്‍ വര്‍ദ്ധിച്ചു. ബാങ്കുകളുടെ എം.പി.എ. അഥവാ നിഷ്ക്രിയ ആസ്തികളില്‍ ഡിസംബര്‍ 2019 നുശേഷം വലിയ വര്‍ദ്ധനയുണ്ടാകാതെ 9.1% ല്‍ നില്‍ക്കുന്നു.
ഗുണഫലങ്ങള്‍ ഇടപാടുകാരിലേയ്ക്ക്
ധനനയത്തിലൂടെ പ്രഖ്യാപിക്കുന്ന നിരക്കുകളിലുണ്ടാകുന്ന മെച്ചം ഇടപാടുകാര്‍ക്ക് പകര്‍ന്നു നല്‍കുന്നതില്‍ നിക്ഷേപങ്ങള്‍ക്ക് നല്‍കുന്ന പലിശ നിരക്കും വായ്പകള്‍ക്ക് ഈടാക്കുന്ന പലിശ നിരക്കും താരതമ്യം ചെയ്താണ് മനസ്സിലാക്കുക. ഫെബ്രുവരി 2019 നും മാര്‍ച്ച് 2020 നുമിടയില്‍ റിപ്പോ നിരക്കിലുണ്ടായ 2.1% കുറവ് നിക്ഷേപ നിരക്കില്‍ ശരാശരി 46 ബേസിസ് പോയിന്റിന്റെ കുറവാണ് ബാങ്കുകള്‍ വരുത്തിയത്. തിരിച്ചടയ്ക്കാന്‍ നില്‍ക്കുന്ന മൊത്ത വായ്പയുടെ ശരാശരി നിരക്കില്‍ 16 ബേസിസ് പോയിന്റും പുതുതായി നല്‍കിയ വായ്പകളില്‍ 71 ബേസിസ് പോയിന്റിന്റെയും കുറവ് മാത്രമാണ് ബാങ്കുകള്‍ വരുത്തിയത്. 2019 ഒക്ടോബര്‍ ഒന്നു മുതല്‍ സൂക്ഷ്മ ചെറു സംരംഭങ്ങള്‍ക്കുള്‍പ്പെടെ ചെറുകിട വായ്പകള്‍ക്ക് റിപ്പോ നിരക്കുമായി ബന്ധപ്പെടുത്തി പലിശ നിര്‍ണ്ണയിക്കണമെന്ന നിബന്ധന നടപ്പിലായതോടെയാണ് നയ നിരക്കുകളുടെ പ്രയോജനം കൂടുതലായി ഇടപാടുകാരിലേയ്ക്ക് എത്തപ്പെട്ടത്.
റിപ്പോ നിരക്കുമായി ബന്ധിപ്പിച്ച് വായ്പാ നിരക്കുകള്‍
ബാങ്കുകളുടെ ആന്തരിക ഘടകങ്ങള്‍ ചേര്‍ത്തുകൊണ്ടുള്ള മാര്‍ജിനല്‍ കോസ്റ്റ് ഓഫ് ലെന്റിംഗ് നിരക്കുകള്‍ (എം.സി.എല്‍.ആര്‍) ക്ക് ബദലായി ബാഹ്യ ബഞ്ച്മാര്‍ക്ക് നിരക്കുകളുമായി ബന്ധപ്പെടുത്തി വായ്പാ പലിശ നിരക്കുകള്‍ നിര്‍ണയിക്കുന്നതിനുള്ള നിബന്ധനകള്‍ നിലവില്‍ വന്നു. 2019 ഒക്ടോബര്‍ ഒന്നു മുതലാണ് ബാഹ്യ നിരക്കുകളുമായി ബഞ്ച്മാര്‍ക്ക് സംവിധാനം ആരംഭിച്ചത്. റിപ്പോ നിരക്കിനെ അടിസ്ഥാനമാക്കി വായ്പാ നിരക്കുകള്‍ നിലവില്‍ വന്നപ്പോള്‍ ഭവന വായ്പകള്‍ക്ക് റിപ്പോ നിരക്കിനെക്കാള്‍ 3.3% സപ്രെഡ് കൂടി ചേര്‍ത്താണ് പൊതുമേഖലാ ബാങ്കുകള്‍ പലിശ നിരക്കുകള്‍ പ്രഖ്യാപിച്ചത്. സ്വകാര്യ ബാങ്കുകള്‍ 5.3% ആണ് ഭവന വായ്പകള്‍ക്ക് സ്പ്രെഡ് ഈടാക്കിയത്. വിദ്യാഭ്യാസ വായ്പകള്‍ക്ക് റിപ്പോ നിരക്കിനെക്കാള്‍ 6.8% ഉയര്‍ത്തിയാണ് സ്വകാര്യ ബാങ്കുകളിലെ പലിശ നിരക്ക്. മറ്റ് വ്യക്തിഗത വായ്പകള്‍ക്ക് റിപ്പോ നിരക്കിനെക്കാള്‍ 6.8% കണ്ട് പലിശ ഉയര്‍ത്തി നിര്‍ണ്ണയിക്കുകയായിരുന്നു ബാങ്കുകള്‍. സൂക്ഷ്മ ചെറുകിട സംരംഭങ്ങള്‍ക്ക് ഈടാക്കുന്ന സ്പ്രെഡ് 6.1% കണ്ട് കൂടുതലാണ്.
റിപ്പോ നിരക്ക്
ഏറ്റവും പ്രധാനപ്പെട്ട നയ നിരക്കാണ് റിപ്പോ നിരക്ക്. ബാങ്കുകള്‍ റിസര്‍വ് ബാങ്കില്‍ നിന്ന് എടുക്കുന്ന വായ്പകള്‍ക്ക് ചുമത്തുന്ന പലിശ നിരക്കാണിത്. നിലവിലുണ്ടായിരുന്ന 5.15% ല്‍ നിന്ന് 75 ബേസിസ് പോയിന്റ് കുറച്ച് 4.40 ശതമാനമാണ് ഇപ്പോള്‍. ബാങ്കുകളുടെ കൈവശം വായ്പ നല്‍കുന്നതിനും മറ്റും വേണ്ടി കൂടുതല്‍ പണം ലഭ്യമാക്കുക എന്ന ഉദ്ദേശ്യത്തോടെ ക്യാഷ് റിസര്‍വ് റേഷ്യോയില്‍ ഒരു ശതമാനത്തിന്റെ കുറവ് വരുത്തി, 4% ല്‍ നിന്ന് 3% ആക്കി. ബാങ്കുകള്‍ക്ക് ലഭ്യമാകുന്ന അധിക പണം റിസര്‍വ് ബാങ്കില്‍ നിക്ഷേപിക്കുന്നത് നിരുത്സാഹപ്പെടുത്താനായി റിവേഴ്സ് റിപ്പോ നിരക്ക് 4% ആയി കുറയ്ക്കുകയും ചെയ്തു.
വിപണിയുടെ പ്രതീക്ഷ
മോണിറ്ററി പോളിസിയില്‍ വന്ന മാറ്റങ്ങള്‍ വായ്പാ ലഭ്യത എത്ര കണ്ട് വര്‍ദ്ധിപ്പിക്കും എന്നുള്ളത് കാത്തിരുന്ന് കാണേണ്ടതുണ്ട്. വ്യക്തിഗത ചെറുകിട വായ്പകള്‍ നല്‍കുന്നതിനാണ് ബാങ്കുകള്‍ക്ക് കൂടുതല്‍ ഉത്സാഹം. വന്‍കിട സ്ഥാപനങ്ങള്‍ക്ക് വായ്പ നല്‍കിയതില്‍ നിന്ന് തിരിച്ചടവിലുണ്ടായ വലിയ നഷ്ടങ്ങള്‍ വലിയ വായ്പകള്‍ നല്‍കുന്നതില്‍ ബാങ്കുകളെ വിമുഖരാക്കുന്നു. കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ ലോക് ഡൗണ്‍ ദീര്‍ഘിപ്പിക്കുന്നതോടെ ഏറ്റവും കൂടുതല്‍ ബാധിക്കുക വ്യക്തിഗത, ചെറുകിട വായ്പകളുടെ തിരിച്ചടവ് തന്നെയായിരിക്കും.
ബാങ്കുകളുടെ നിഷ്ക്രിയ ആസ്തി വര്‍ദ്ധിക്കാതിരിക്കാന്‍ നടപടികള്‍ എടുക്കേണ്ടിയിരിക്കുന്നു. കൂടുതല്‍ വായ്പകള്‍ക്ക് ആറു മാസത്തെയെങ്കിലും തിരിച്ചടവ് സാവകാശം അനുവദിക്കേണ്ടതുണ്ട്. സാവകാശം നല്‍കുന്ന കാലയളവില്‍ സ്പ്രെഡ് പൂര്‍ണമായും ഒഴിവാക്കി അടിസ്ഥാന നിരക്കായ റിപ്പോ നിരക്ക് മാത്രം ഈടാക്കുവാന്‍ ബാങ്കുകള്‍ ശ്രദ്ധിക്കണം. നിലവിലുള്ള വര്‍ക്കിംഗ് ക്യാപിറ്റല്‍ ബാധ്യതകള്‍ ടേം ലോണുകളായി റീ സ്ട്രക്ചര്‍ ചെയ്ത് പുതിയ വര്‍ക്കിംഗ് ക്യാപിറ്റല്‍ ലോണുകള്‍ അനുവദിച്ചാല്‍ മാത്രമേ ലോക് ഡൗണിനുശേഷം ബിസിനസ് പ്രവര്‍ത്തനങ്ങള്‍ നല്ല രീതിയില്‍ പുനരാരംഭിക്കാനാകൂ. വര്‍ദ്ധിച്ച ലാഭം കൊയ്തെടുക്കുന്നതിനെക്കാള്‍ ആസ്തികളുടെ ഗുണമേന്മ നിലനിര്‍ത്തുന്നതിനുള്ള നടപടികളാണ് ബാങ്കുകളുടെ ഭാഗത്തുനിന്നും ഉണ്ടാകേണ്ടത്.
- ലോക ബാങ്ക് കൺസൾട്ടന്റാണ് ലേഖകൻ