കിഫ്ബി വായ്പകൾ ബജറ്റിൽ ഉൾപ്പെടുത്തണം എന്ന് അഭിപ്രായപ്പെട്ടിട്ടില്ല: വിശദീകരണവുമായി ധന വകുപ്പ് സെക്രട്ടറി

By Web Team  |  First Published Jul 26, 2022, 10:39 PM IST

കിഫ്ബി വായ്പകളെ ബജറ്റിൽ ഉൾപ്പെടുത്താവുന്നതാണെന്ന തരത്തിലാണ് ധനകാര്യ സെക്രട്ടറി രാജേഷ് കുമാർ സിംഗിന്റെ അഭിപ്രായം പുറത്തുവന്നത്


തിരുവനന്തപുരം: കിഫ്ബി വായ്പകളുമായി ബന്ധപ്പെട്ട വിവാദത്തിൽ വിശദീകരണവുമായി ധന വകുപ്പ് സെക്രട്ടറി രാജേഷ് കുമാർ സിങ്. കിഫ്ബി വായ്പകൾ ബജറ്റിൽ ഉൾപ്പെടുത്തണം എന്ന് താൻ അഭിപ്രായപ്പെട്ടിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. ബജറ്റിൽ ഉൾപ്പെടുത്തുന്നത് സുതാര്യതക്ക് സഹായിക്കും എന്നാണ് താൻ അഭിപ്രായപ്പെട്ടത്. തന്റെ അഭിപ്രായം മാധ്യമങ്ങൾ തെറ്റായി വ്യാഖാനിച്ചെന്നും രാജേഷ് കുമാർ സിങ് പറഞ്ഞു. ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ടിന്റെ പ്രസിദ്ധീകണത്തിലെ ധനസെക്രട്ടറിയുടെ ലേഖനം വിവാദം ആയതിന് പിന്നാലെയാണ് വിശദീകരണം.

കിഫ്ബി വായ്പകളെ ബജറ്റിൽ ഉൾപ്പെടുത്താവുന്നതാണെന്ന തരത്തിലാണ് ധനകാര്യ സെക്രട്ടറി രാജേഷ് കുമാർ സിംഗിന്റെ അഭിപ്രായം പുറത്തുവന്നത്. ഇത് കിഫ്ബിയിൽ കേന്ദ്രത്തിനെതിരെ പൊരുതുന്ന സംസ്ഥാന സർക്കാരിനെ വെട്ടിലാക്കുന്നതായി. ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ടിന്റെ കേരള ഇക്കോണമി എന്ന പ്രസിദ്ധീകരണത്തിലെ ലേഖനത്തിലാണ് ധനകാര്യ സെക്രട്ടറി ഈ അഭിപ്രായം പങ്കുവച്ചത്. ഭക്ഷ്യ സബ്‍സിഡിയെ കേന്ദ്രം ബജറ്റിൽ ഉൾപ്പെടുത്തിയത് ചൂണ്ടിക്കാണിച്ചാണ് സെക്രട്ടറി ഈ നിലപാടിനെ ന്യായീകരിക്കുന്നത്. കിഫ്ബി, പെൻഷൻ വായ്പകളെ ബജറ്റിൽ ഉൾപ്പെടുത്തുന്നിനുള്ള സാധ്യതകൾ പരിശോധിക്കാവുന്നതാണെന്നും അങ്ങനെ യാഥാർത്ഥ ബാധ്യതകളെ കൂടുതൽ സുതാര്യമായി അവതരിപ്പിക്കാവുന്നതാണെന്നുമാണ് രാജേഷ് കുമാർ സിംഗിന്റെ വാദം. അതേസമയം സർക്കാരിനെ പ്രതിരോധത്തിലാക്കുന്ന ഈ കത്തിനെ കുറിച്ച് സർക്കാർ ഇതുവരെ പ്രതികരിച്ചിട്ടില്ല.

Latest Videos

undefined

കടമെടുപ്പ് പരിധി: കേന്ദ്രത്തിന് കത്തയച്ച് കേരളം

കേരളത്തിന്റെ കടമെടുപ്പ് പരിധിയിൽ നിയന്ത്രണം കൊണ്ടുവരരുതെന്ന് ആവശ്യപ്പെട്ട് സംസ്ഥാനം കേന്ദ്രത്തിന് കത്തയച്ചു. കിഫ്ബി വായ്പകളും പെൻഷൻ കമ്പനി വായ്പകളും പൊതുകടത്തിൽ തന്നെ ഉൾപ്പെടുത്തണമെന്ന് സിഎജി ആവർത്തിച്ചതോടെയാണ്  സംസ്ഥാനം വീണ്ടും കേന്ദ്രത്തെ സമീപിച്ചത്. വായ്പയെടുക്കാനുള്ള അവകാശത്തിൽ നിയന്ത്രണം ഏർപ്പെടുത്തുന്നത് ഭരണഘടനാ തത്വങ്ങളെ ഹനിക്കുന്നതാണെന്ന് ധനമന്ത്രി കെ.എൻ.ബാലഗോപാൽ കത്തിൽ കുറിച്ചു. ഈ മാസം 22ന് ആണ് കത്തയച്ചത്.

സർക്കാർ ഗ്യാരണ്ടി നൽകുന്ന കിഫ്ബി, സാമൂഹ്യ സുരക്ഷാ പെൻഷൻ വായ്പകളെ പൊതുകടത്തിന്റെ പരിധിയിലേക്ക് കൊണ്ടുവരാനാകില്ല. കേന്ദ്രത്തിന് സംസ്ഥാനങ്ങളുടെ ധനകാര്യത്തിലേക്ക് കടന്നുകയറാനാകില്ലെന്നും കത്തിലുണ്ട്. കേന്ദ്ര ഗ്രാൻഡും, ജിഎസ്‍‍ടി നഷ്ടപരിഹാരവും കൂടി ഇല്ലാതാകുന്നതോടെ സംസ്ഥാനം ഞെരുക്കത്തിലാകുമെന്നും അതുകൊണ്ട് തന്നെ വായ്പാ പരിധി കുറയ്ക്കുന്നത് അനുവദിക്കാനാകില്ലെന്നുമാണ് കേരളത്തിന്റെ നിലപാട്. സിഎജിക്ക് ഓഡിറ്റിംഗിനുള്ള അധികാരം മാത്രമേയുള്ളൂ എന്നും ധനമന്ത്രി കത്തിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. 
 

click me!