ദീപാവലി സമയത്ത് വില ഉയർന്നെങ്കിലും വീണ്ടും 1,855 ഡോളറിലേക്കെത്തി.
അന്താരാഷ്ട്ര തലത്തിൽ സ്വർണ വിലയിൽ കഴിഞ്ഞ രണ്ട് മാസത്തിലധികമായി ചാഞ്ചാട്ടം തുടരുകയാണ്. ഓഗസ്റ്റ് ഏഴിന് ഏക്കാലത്തെയും ഉയർന്ന വിലയായ 2,080 ഡോളറിലെത്തിയ സ്വർണം, മൂന്ന് ദിവസത്തിനകം 220 ഡോളർ വരെ ഇടിഞ്ഞ് വിപണിയെ അതിശയിപ്പിച്ചു.
ഇപ്പോഴും ഏറിയും കുറഞ്ഞും ഏതാണ്ട് സമാനമായ ചാഞ്ചാട്ടം വിപണിയിൽ തുടരുകയാണ്. അമേരിക്കൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട റിപ്പോർട്ടുകൾക്ക് പിന്നാലെ കഴിഞ്ഞാഴ്ച്ചകളിൽ 1,980 ഡോളർ വരെ രാജ്യാന്തര വിപണി വില ഉയർന്നിരുന്നു. യുഎസിലെ ഭരണ അനിശ്ചിതത്വങ്ങൾ മാറുന്നതായ സൂചനകളും ഫൈസറിന്റെ കൊവിഡ് വാക്സിൻ വാർത്തകൾ പുറത്തു വരികയും ചെയ്തതോടെ ഒറ്റ ദിവസം തന്നെ 100 ഡോളർ ഇടിഞ്ഞിരുന്നു.
undefined
പിന്നീട് ദീപാവലി സമയത്ത് വില ഉയർന്നെങ്കിലും വീണ്ടും 1,855 ഡോളറിലേക്കെത്തി. ഇന്ന് വീണ്ടും 1,890 ഡോളറിലേക്ക് മഞ്ഞലോഹത്തിന്റെ വിപണി നിരക്ക് കയറി. എന്നാൽ, ഈ ഉയർന്ന വില നിലവാരത്തിലും സ്വർണത്തിന്റെ വാങ്ങലും വിൽക്കലും തുടരുകയാണ്.
സ്വർണ നിരക്ക് ഇനിയും ഉയരാൻ സാധ്യത
“2020 ഒരനിശ്ചിതത്വത്തിന്റെ വർഷമാണ്. കൊവിഡ് മഹാമാരി സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധി, ഉയർന്ന രാഷ്ട്രീയ സംഘർഷങ്ങൾ എന്നിവ സ്വർണത്തിന് അനുകൂല ഘടകമാണെന്ന് വിലയിരുത്തുന്നു. സ്വർണത്തിന്റെ വില സംബന്ധിച്ച് 2021 ആദ്യപാദം വരെ അനിശ്ചിതത്വം തുടരുമെന്ന പ്രവചനങ്ങളാണ് പുറത്തുവരുന്നത്,” ഓൾ ഇന്ത്യ ജം ആൻറ് ജുവല്ലറി ഡൊമസ്റ്റിക്ക് കൗൺസിൽ (GJC) ദേശീയ ഡയറക്ടറും ഓൾ കേരള ഗോൾഡ് ആന്റ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ (AKGSMA) സംസ്ഥാന ട്രഷററുമായ അഡ്വ എസ് അബ്ദുൽ നാസർ പറഞ്ഞു.
“2020 അവസാനിക്കുന്നതിനു മുമ്പ് സ്വർണ വില സംബസിച്ച് സ്ഥിരത കൈവരിക്കാൻ പ്രയാസമാണെന്നും,ചാഞ്ചാട്ടം തുടരുമെന്ന് തന്നെയാണ് ഇപ്പോഴത്തെ സാഹചര്യത്തിൽ പറയാൻ സാധിക്കുന്നത്. ആരോഗ്യ രംഗത്തെ പ്രതിസന്ധികൾ അവസാനിക്കാൻ ഇനിയുമൊരുപാട് സമയമെടുക്കുമെന്നതിനാൽ ദീർഘകാല അടിസ്ഥാനത്തിൽ സ്വർണ വില ഉയരാൻ തന്നെയാണ് സാധ്യത,” അഡ്വ എസ് അബ്ദുൽ നാസർ കൂട്ടിച്ചേർത്തു.
വിൽപ്പന ഉയർന്നു
“ദീപാവലി- ഉത്സവ സീസൺ വിൽപ്പന കഴിഞ്ഞ വർഷത്തെ നിലവാരത്തിന്റെ 80% വരും എന്ന് ഞങ്ങൾ പ്രതീക്ഷിച്ചിരുന്നു. പക്ഷേ, ഞങ്ങൾ കാണുന്നത് 65% -70% മാത്രമാണ്,” ഓൾ ഇന്ത്യ ജെം ആൻഡ് ജ്വല്ലറി ആഭ്യന്തര കൗൺസിൽ ചെയർമാൻ എൻ അനന്തപത്മനാഭൻ പറഞ്ഞു.
റീട്ടെയിൽ ഉപഭോക്താക്കളിൽ നിന്നുള്ള ആവശ്യം കുറഞ്ഞുവെങ്കിലും മഞ്ഞലോഹം ഇപ്പോഴും നിക്ഷേപകരുടെ സങ്കേതമാണ്. ഓഗസ്റ്റിൽ പ്രാദേശിക സ്വർണ വില റെക്കോർഡ് ഉയരത്തിലെത്തി. ലോക സ്വർണ്ണ കൗൺസിലിന്റെ കണക്കുകൾ പ്രകാരം ജനുവരി മുതൽ ജൂൺ വരെയുള്ള കാലയളവിൽ സ്വർണ്ണാഭരണങ്ങൾ, ബാറുകൾ, നാണയങ്ങൾ എന്നിവയുടെ വിൽപ്പന ഏതാണ്ട് പകുതിയായി ചുരുങ്ങിയിരുന്നു.
“ജ്വല്ലറികൾ ഈ ദീപാവലി സീസണിൽ കുറഞ്ഞ വിൽപ്പന അളവ് കാണിക്കുന്നുണ്ട്. എന്നാൽ, കുറഞ്ഞത് മൂല്യമെങ്കിലും ഞങ്ങളുടെ വിൽപ്പന ഉയർന്നതിൽ ഞങ്ങൾ സന്തുഷ്ടരാണ്,” മുംബൈയിലെ സവേരി ജ്വല്ലറി സ്റ്റോർ ഉടമ പറയുന്നു.