പെട്രോളിയം ഉൽപ്പന്നങ്ങളെ ജിഎസ്ടിയുടെ പിരിധിയിൽ എത്തിക്കുന്നതോടെ നിരക്ക് കുറയുമെന്ന വാദഗതി നിലവിലുണ്ടെങ്കിലും ജിഎസ്ടി നിരക്കിനൊപ്പം എക്സൈസ് തീരുവ കൂടി ഏർപ്പെടുത്തിയാൽ നിരക്കിൽ വലിയ കുറവ് പ്രതീക്ഷിക്കാൻ കഴിയില്ല.
പെട്രോളിന്റെയും ഡീസലിന്റെയും വില മാർച്ച് മാസത്തിൽ മാറ്റമില്ലാതെ തുടരുകയാണ്. 2021 മാർച്ച് 15 ലെ നിരക്കുകളുടെ അടിസ്ഥാനത്തിൽ നിലവിൽ രാജ്യത്ത് എല്ലായിടത്തും ഇന്ധന നിരക്ക് റെക്കോർഡ് ഉയരത്തിലാണ്. ഇന്ധന വില മാർച്ച് മാസത്തിൽ ഇതുവരെയും പരിഷ്കരിച്ചിട്ടില്ല, അവസാനമായി നിരക്കിൽ മാറ്റമുണ്ടായത് 2021 ഫെബ്രുവരി 27 നാണ്. അതായത് തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഉണ്ടായതിന് ശേഷം നിരക്കുകളിൽ മാറ്റം വന്നിട്ടില്ല. അന്ന് പെട്രോൾ ലിറ്ററിന് 24 പൈസയും ഡീസൽ ലിറ്ററിന് 15 പൈസയുമാണ് കൂടിയത്.
ദില്ലിയിൽ പെട്രോൾ വില ലിറ്ററിന് 91.17 രൂപയും ഡീസൽ 81.47 രൂപയുമാണ്. മുംബൈയിൽ പെട്രോളിന് 97.57 രൂപയും ഡീസലിന് 88.60 രൂപയും തിരുവനന്തപുരത്ത് നിരക്ക് യഥാക്രമം 93.05 രൂപയും ഡീസലിന് 87.53 രൂപയുമാണെന്ന് ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ വെബ്സൈറ്റിൽ ലഭ്യമായ വിവരങ്ങൾ വ്യക്തമാക്കുന്നു.
undefined
കഴിഞ്ഞ മാസം രാജസ്ഥാനിലും മധ്യപ്രദേശിലും പെട്രോളിന്റെ നിരക്ക് സെഞ്ച്വറിയടിച്ചിരുന്നു ! രാജ്യത്തെ ഇന്ധനത്തിന് ഏറ്റവും ഉയർന്ന വാറ്റ് ഈടാക്കുന്ന സംസ്ഥാനങ്ങളാണ് ഇവ. രാജസ്ഥാനിലെ ശ്രീ ഗംഗാനഗറിൽ പെട്രോളിന്റെ ചില്ലറ വിൽപ്പന വില 101.84 രൂപയിൽ സ്ഥിരമായി തുടരുന്നതായി പ്രമുഖ ദേശീയ മാധ്യമമായ ദ ന്യൂ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു. ഡീസൽ ലിറ്ററിന് 93.77 രൂപയാണ് നിരക്ക്. മധ്യപ്രദേശിലെ അനുപൂരിൽ പെട്രോളിന് ലിറ്ററിന് 101.59 രൂപയും ഡീസൽ 91.97 രൂപയ്ക്കുമാണ് വിൽക്കുന്നത്.
2021 ന്റെ ആദ്യ രണ്ട് മാസങ്ങളിൽ പെട്രോൾ വില ലിറ്ററിന് 4.87 രൂപയും ഡീസൽ നിരക്ക് 4.99 രൂപയും ഉയർന്നു. ചരക്ക് കൂലിയോടൊപ്പം കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ നികുതികളും (എക്സൈസ് നികുതി, സംസ്ഥാന വാറ്റ്) സെസ്സുകളും ചുമത്തുന്നതിനാൽ ഇന്ധന വില ഓരോ സംസ്ഥാനത്തിനും വ്യത്യസ്തമാണ്.
വിലയുടെ 60 ശതമാനം നികുതി !
പെട്രോളിന്റെ ചില്ലറ വിൽപ്പന വിലയുടെ 60 ശതമാനവും ഡീസലിന്റെ 54 ശതമാനവും കേന്ദ്ര-സംസ്ഥാന നികുതികളാണ്. പെട്രോളിന് ഒരു ലിറ്ററിന് എക്സൈസ് തീരുവ, സെസ്സ് എന്നിവയായി 32.90 രൂപയും ഡീസലിന് ലിറ്ററിന് 31.80 രൂപയുമാണ് കേന്ദ്ര സർക്കാർ ഈടാക്കുന്നത്. സംസ്ഥാന വിൽപ്പന നികുതി, സെസ്സ് എന്നീ ഇനത്തിൽ കേരള സർക്കാരിന് ഒരു ലിറ്റർ പെട്രോൾ വിൽപ്പന നടക്കുമ്പോൾ ഏകദേശം 22 രൂപ ലഭിക്കുന്നു. ഡീസലിന്റെ വിൽപ്പനയിലൂടെ ഏകദേശം 18 രൂപയും ഖജനാവിലേക്ക് എത്തും (2021 ഫെബ്രുവരി 16 ലെ കണക്കുകളുടെ അടിസ്ഥാനത്തിൽ).
അന്താരാഷ്ട്ര വിലയ്ക്കും വിദേശനാണ്യ നിരക്കിന്റെയും അടിസ്ഥാനത്തിലാണ് ഇന്ധന വില സാധാരണയായി ദിവസേന പരിഷ്കരിക്കുന്നത്. എന്നാൽ, നാല് സംസ്ഥാനങ്ങളിലും പുതുച്ചേരിയിലും നിയമസഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ അന്താരാഷ്ട്ര നിരക്ക് ഉയർന്നിട്ടും രാജ്യത്തെ നിരക്കിൽ മാറ്റം വന്നിട്ടില്ല എന്നത് ശ്രദ്ധേയമാണ്.
ആഗോളതലത്തിൽ, ക്രൂഡ് ഓയിൽ വില മാർച്ച് 15 ഓടെ ഉയർന്നു, ബ്രെന്റ് ബാരലിന് 70 ഡോളറിനടുത്തെത്തി. പ്രധാന ഉൽപാദകരുടെ (ഒപെക് പ്ലസ്) ഉൽപാദന വെട്ടിക്കുറവ് ഏപ്രിൽ വരെ തുടരാൻ തീരുമാനിച്ചതിന് പിന്നാലെയാണ് നിരക്ക് ഉയരാൻ തുടങ്ങിയത്. ആഗോള സാമ്പത്തിക, ഇന്ധന ഡിമാൻഡ് വീണ്ടെടുക്കലിനെക്കുറിച്ചുള്ള ശുഭാപ്തിവിശ്വാസവും ഈ വർഷം രണ്ടാം പകുതിയിൽ ഉയർന്നുവെന്ന് വാർത്താ ഏജൻസി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ, അന്താരാഷ്ട്ര നിരക്ക് ഉയരുന്നത് ഇന്ത്യ അടക്കമുളള എണ്ണ ഉപഭോക്തൃ രാജ്യങ്ങൾക്ക് ഭീഷണിയാണ്. രാജ്യത്തെ ആകെ ഇന്ധന ഉപഭോഗത്തിന്റെ 83.7 ശതമാനമാനവും ഇറക്കുമതിയിലൂടെയാണ് ഇന്ത്യയിലേക്ക് എത്തുന്നത്.
മാർച്ചിൽ മാറ്റമില്ലാ നിരക്ക്
ലോകത്തിലെ മൂന്നാമത്തെ വലിയ എണ്ണ ഇറക്കുമതി രാജ്യവും ഉപഭോക്താവുമായ ഇന്ത്യ ആഗോള സാമ്പത്തിക വീണ്ടെടുക്കലിനെ സഹായിക്കുന്നതിനായി വിതരണ നിയന്ത്രണങ്ങൾ ലഘൂകരിക്കണമെന്ന് പ്രധാന എണ്ണ ഉൽപാദകരോട് ആവർത്തിച്ച് ആവശ്യപ്പെട്ടിരുന്നെങ്കിലും പരിഗണിക്കപ്പെട്ടില്ല. ഒപെക് പ്ലസ് തീരുമാനത്തിന് പിന്നാലെ സൗദി അറേബ്യ സ്വമേധയാ ഉൽപ്പന്ന വെട്ടിക്കുറവ് പ്രഖ്യാപിച്ചതാണ് നിരക്ക് 70 ഡോളറിലേക്ക് ഉയരാനുളള പ്രധാന കാരണം.
മെയ് മാസത്തെ ബ്രെൻറ് ക്രൂഡ് ഫ്യൂച്ചറുകൾ 23 സെൻറ് (0.3 ശതമാനം) ഉയർന്ന് 69.45 ഡോളറിലെത്തി. യുഎസ് വെസ്റ്റ് ടെക്സസ് ഇന്റർമീഡിയറ്റ് ക്രൂഡ് ബാരലിന് 65.90 ഡോളറായിരുന്നു. 29 സെൻറ് (0.4 ശതമാനം) വർധന. അന്താരാഷ്ട്ര ബ്രെന്റ് ക്രൂഡ് നിരക്ക് ബാരലിന് 56 ഡോളറായിരുന്ന 2021 ഫെബ്രുവരി ഒന്നിന് തിരുവനന്തപുരത്തെ ഒരു ലിറ്റർ പ്രെട്രോളിന്റെ നിരക്ക് 87 -88 രൂപ നിലവാരത്തിലായിരുന്നു. രൂപയുടെ വിനിമയ നിരക്ക് ഡോളറിനെതിരെ 72-73 നിലവാരത്തിലും, അവസാനമായി നിരക്കുകളിൽ മാറ്റം ഉണ്ടായ ഫെബ്രുവരി 27 ന് ബ്രെന്റ് ക്രൂഡിന്റെ നിരക്ക് 66 ഡോളറും പെട്രോളിന്റെ നിരക്ക് 93.05 രൂപയിലേക്കും ഉയർന്നിരുന്നു. രൂപയുടെ വിനിമയ നിരക്ക് 73 എന്ന നിലയിലായിരുന്നു.
മാർച്ച് 15 ലേക്ക് എത്തിയതോടെ ക്രൂഡ് നിരക്ക് 70 ഡോളറിന് സമീപം എത്തി. രൂപയുടെ വിനിമയ നിരക്ക് 72-73 നിലവാരത്തിൽ തന്നെ തുടരുന്നു. എന്നാൽ, ഫെബ്രുവരി 27 ന് ശേഷം രാജ്യത്തെ ഇന്ധന നിരക്കുകളിൽ മാറ്റം ഉണ്ടായിട്ടില്ല.
ഇരട്ട നികുതിയെ ഉണ്ടാകുമോ?
പെട്രോളിയം ഉൽപ്പന്നങ്ങളെ ജിഎസ്ടിയുടെ പിരിധിയിൽ എത്തിക്കുന്നതോടെ നിരക്ക് കുറയുമെന്ന വാദഗതി നിലവിലുണ്ടെങ്കിലും ജിഎസ്ടി നിരക്കിനൊപ്പം എക്സൈസ് തീരുവ കൂടി ഏർപ്പെടുത്തിയാൽ നിരക്കിൽ വലിയ കുറവ് പ്രതീക്ഷിക്കാൻ കഴിയില്ല. പെട്രോളിയം ഉൽപ്പന്നങ്ങളുടെ മേൽ എക്സൈസ് നികുതി പിരിച്ചെടുക്കാനുളള അധികാരം ഇന്ത്യൻ ഭരണഘടനയുടെ സെവന്റ് ഷെഡ്യൂൾ പ്രകാരം കേന്ദ്ര സർക്കാരിന് അധികാരം നൽകുന്നു. അതായത് ജിഎസ്ടിയുടെ പരിധിയിലേക്ക് പെട്രോളിനെയും ഡീസലിനെയും ജിഎസ്ടി കൗൺസിലിന്റെ ശുപാർശയുടെ അടിസ്ഥാനത്തിൽ ഉൾപ്പെടുത്തിയാലും കേന്ദ്ര സർക്കാരിന് ഇതിന് പുറമേ എക്സൈസ് നികുതി കൂടി പിരിക്കാൻ കഴിയും.
എക്‌സൈസ് തീരുവ, സംസ്ഥാന സർക്കാരുകളുടെ വാറ്റ്/ വിൽപ്പന നികുതി എന്നിവ നികുതിവരുമാനത്തിന്റെ പ്രധാന സ്രോതസ്സായതിനാല്‍ ജിഎസ്ടിക്ക് കീഴില്‍ പെട്രോളിനെയും ഡീസലിനെയും കൊണ്ടുവരുന്നത് സർക്കാരുകൾക്ക് വൻ വരുമാന നഷ്ടമുണ്ടാക്കും.
എന്നാൽ, ജിഎസ്ടിയുടെ ഉയർന്ന സ്ലാബായി 28 ശതമാനം മാത്രമാണ് പെട്രോളിയം ഉൽപ്പന്നങ്ങൾ മേൽ ഈടാക്കാൻ തീരുമാനിക്കുന്നതെങ്കിൽ നിരക്കിൽ വൻ കുറവുണ്ടാകും. ഇത്തരത്തിലൊരു സാഹചര്യം ഉണ്ടായാൽ ഇന്ധന നിരക്കുകൾ ഇപ്പോഴുളളതിന്റെ പകുതിയായി മാറിയേക്കാം. എന്നാൽ, ജിഎസ്ടി കൗൺസിലിന് പ്രത്യേക സ്ലാബ് പെട്രോളിയം ഉൽപ്പന്നങ്ങൾക്കായി ഏർപ്പെടുത്താനും ആകുമെന്നതിനാൽ ജിഎസ്ടി കൗൺസിലിന്റെ പരിധിയിൽ എത്തിയാലും കൗൺസിലിന്റെയും കേന്ദ്ര സർക്കാരിന്റെ ഇക്കാര്യത്തിലെ നയപരമായ തീരുമാനം നിർണായകമാകും.
പെട്രോള്‍, ഡീസല്‍, ജെറ്റ് ഇന്ധനം എന്നിവയെ ജിഎസ്ടിയില്‍ ഉള്‍പ്പെടുത്താനുളള നിര്‍ദേശം സർക്കാരിന് മുന്നിൽ വന്നിട്ടില്ലെന്നാണ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ലോക്‌സഭയിൽ വ്യക്തമാക്കിയത്. ജിഎസ്ടി കൗണ്‍സിലില്‍ ഇതുവരെ സംസ്ഥാനങ്ങള്‍ പെട്രോളിയം ഉൽപ്പന്നങ്ങളെ ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യം ഉന്നയിച്ചിട്ടില്ല. എല്ലാ ഘടകങ്ങളും പരിഗണിച്ച് ഉചിതമായ സമയത്ത് പെട്രോളിയം ഉല്‍പന്നങ്ങള്‍ ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തുന്ന കാര്യം കൗണ്‍സില്‍ പരിഗണിച്ചേക്കാമെന്നും ധനമന്ത്രി വ്യക്തമാക്കി. ഇന്ധന വില കുറക്കുന്നതിനായി നികുതി കുറയ്ക്കാനായും ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തുന്നതിനായി കേന്ദ്രവും സംസ്ഥാനങ്ങളും ഒരുമിച്ച് ചര്‍ച്ച ചെയ്യണമെന്ന് നിര്‍മല സീതാരാമന്‍ പറഞ്ഞിരുന്നു.
പുതിയ സെസ്സുകൾ 'ഇനിയില്ല'
പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ക്ക് പുതിയതായി ഒരു സെസ്സും ഏര്‍പ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാരിന് പദ്ധതിയില്ലെന്ന് കേന്ദ്ര ധനകാര്യ സഹമന്ത്രി അനുരാഗ് താക്കൂര്‍ രാജ്യസഭയില്‍ വ്യക്തമാക്കിയിരുന്നു. നിലവില്‍ രാജ്യത്തെ പെട്രോളിനും ഡീസലിനും മുകളില്‍ റോഡ് ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ സെസ്സ്, അഗ്രികള്‍ച്ചര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് ഡെവലപ്പ്മെന്റ് സെസ്സ് എന്നിവ ചുമത്തുന്നുണ്ട്.
കേന്ദ്ര സര്‍ക്കാരിന്റെ അടിസ്ഥാന എക്സൈസ് തീരുവ, സ്പെഷ്യല്‍ അഡീഷണല്‍ എക്സൈസ് തീരുവ എന്നിവയ്ക്ക് പുറമേയാണ് ഇത് ഇടാക്കുന്നത്. 2021 ലെ ബജറ്റില്‍ ധനമന്ത്രി നിര്‍മല സീതാരാമന്‍ പെട്രോളിനും ഡീസലിനും യഥാക്രമം ലിറ്റര്‍ 2.5 രൂപയും, ലിറ്ററിന് നാല് രൂപയും കാര്‍ഷിക സെസ്സ് പ്രഖ്യാപിച്ചിരുന്നു. ഈ പുതിയ സെസ് ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്ന്, അടിസ്ഥാന എക്സൈസ് തീരുവ (ബിഇഡി) പ്രത്യേക അധിക എക്‌സൈസ് തീരുവ (എസ്ഇഡി) എന്നിവയില്‍ കുറവ് വരുത്തിയിരുന്നു.
''സിജിഎസ്ടി നിയമത്തിലെ സെക്ഷന്‍ 9 (2) അനുസരിച്ച് ജിഎസ്ടിയില്‍ ഈ ഉല്‍പ്പന്നങ്ങള്‍ ഉള്‍പ്പെടുത്താന്‍ ജിഎസ്ടി കൗണ്‍സിലിന്റെ ശുപാര്‍ശ ആവശ്യമാണ്. ജിഎസ്ടിക്ക് കീഴില്‍ പെട്രോളും ഡീസലും ഉള്‍പ്പെടുത്തുന്നതിന് ഇതുവരെ ജിഎസ്ടി കൗണ്‍സില്‍ ഒരു ശുപാര്‍ശയും നല്‍കിയിട്ടില്ല, '' രാജ്യസഭയിലെ ചോദ്യത്തിന് മറുപടിയായി അനുരാഗ് താക്കൂര്‍ പറഞ്ഞു.
ഉപഭോഗത്തിൽ ഇടിവ്
രാജ്യത്തെ ഇന്ധന ഉപഭോഗം ഫെബ്രുവരിയില്‍ കുറഞ്ഞെന്ന് റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. സെപ്റ്റംബറിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ ഉപഭോഗമാണ് രേഖപ്പെടുത്തിയത്. വിലക്കയറ്റമാണ് ഉപഭോഗം കുറയാന്‍ കാരണമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ നിഗമനം.
ഫെബ്രുവരിയില്‍ 17.21 ദശലക്ഷം ടണ്‍ ഇന്ധനമാണ് ഫെബ്രുവരിയിലെ ഉപഭോഗം. 4.9 ശതമാനത്തിന്റെ ഇടിവാണ് ഉണ്ടായത്. പെട്രോളും ഡീസലും ഉപഭോഗം കുറഞ്ഞുവെന്ന് പെട്രോളിയം ആന്റ് നാചുറല്‍ ഗ്യാസ് മന്ത്രാലയത്തിന് കീഴിലുള്ള പെട്രോളിയം പ്ലാനിങ് ആന്റ് അനാലിസിസ് സെല്‍ റിപ്പോര്‍ട്ട് പറയുന്നു.