കമ്പനികൾ ഇന്ത്യൻ റബർ കൂടുതൽ വാങ്ങിത്തുടങ്ങി: റബർ വില ഉയർന്ന നിലയിൽ; വിദേശ വിപണികളിൽ വൻ നിരക്ക് വർധന

By Web Team  |  First Published Feb 19, 2021, 6:45 PM IST

ലോക്ക്ഡൗണിന് പിന്നാലെ വാഹന വിപണി മുന്നേറ്റം പ്രകടിപ്പിച്ചതും റബറിന്റെ ആവശ്യകത വർധിപ്പിച്ചു.


കോട്ടയം: കിലോയ്ക്ക് 157 ലേക്ക് ഉയർന്ന റബർ വില അതേ നില തുടരുന്നത് വിപണിയുടെ ആത്മവിശ്വാസം വർധിക്കാനിടയാക്കി. ലാറ്റക്സിന് കിലോയ്ക്ക് നിരക്ക് കഴിഞ്ഞ ദിവസം 100 രൂപയ്ക്ക് മുകളിലേക്ക് എത്തി. ആർഎസ്എസ് നാല് ​ഗ്രേഡ് റബറിന് കിലോയ്ക്ക് 157.50 രൂപയാണ് ഇന്നത്തെ കോ‌ട്ടയം റബർ ബോർഡ് നിരക്ക്. ആർഎസ്എസ് അഞ്ച് ​ഗ്രേഡിന് 153 രൂപയാണ് വില. ലാറ്റക്സിന് കിലോയ്ക്ക് 117.80 രൂപയാണ് വിലയായി ലഭിക്കുക. 

കൊച്ചി വിപണിയിലും സമാനമായ നിരക്കാണ്. വിദേശ വിപണിയും ആഭ്യന്തര വിപണി സാഹചര്യങ്ങളും അനുകൂലമായതാണ് കേരളത്തിലെ റബർ നിരക്ക് ഉയരാൻ കാരണം. അന്താരാഷ്ട്ര റബർ വിതരണ ശൃംഖലയിലെ പ്രതിസന്ധികളെ തു‌ടർന്ന് ഇന്ത്യൻ റബർ വാങ്ങാൻ കമ്പനികൾ താൽപര്യം പ്രകടിപ്പിച്ചതാണ് വിപണിക്ക് ഉണർവേകാൻ കാരണം. അടുത്തകാലത്തായി ആഭ്യന്തര റബറിന്റെ ​ഗുണനിലവാരം മെച്ചപ്പെട്ടു. ഇതിനോടൊപ്പം ഉൽപ്പാദനത്തിലും വർധനയുണ്ടായിട്ടുണ്ട്. റബറധിഷ്ഠിത വ്യവസായ മേഖലയിൽ ഇന്ത്യൻ റബറിനോടുളള താൽപര്യം വർധിക്കാൻ ഇത് ഇടയാക്കി. 

Latest Videos

undefined

ലോക്ക്ഡൗണിന് പിന്നാലെ വാഹന വിപണി മുന്നേറ്റം പ്രകടിപ്പിച്ചതും റബറിന്റെ ആവശ്യകത വർധിപ്പിച്ചു. റബർ ഉൽപ്പന്നങ്ങളുടെ ഇറക്കുമതി ഇന്ത്യ കുറച്ചതും ബാങ്കോങ് അടക്കമുളള വിദേശ വിപണികളിൽ റബർ നിരക്ക് ഉയർന്ന നിലവാരത്തിൽ തുടരുന്നതും ആഭ്യന്തര വിപണിയിലെ റബർ ഉൽപ്പാദകർക്ക് സഹായകരമായി.

പുതുവർഷ ആഘോഷത്തിന് ശേഷം ഇന്നലെ ചൈനീസ് വിപണികൾ വ്യാപാരത്തിനായി തുറന്നു. പുതുവർഷത്തിന് ശേഷം വ്യാപാരത്തിലേക്ക് ചൈനീസ് വിപണികൾ കടന്നതോടെ വീണ്ടും അന്താരാഷ്ട്ര റബർ വില ഉയരുമെന്നാണ് വിപണി വിദ​ഗ്ധരുടെ നി​ഗമനം. ഇതും ഇന്ത്യൻ റബറിന് അനുകൂലമായ സാഹചര്യം സൃഷ്ടിക്കും.  

click me!