അടിയന്തര ക്രെഡിറ്റ് സൗകര്യത്തിന് കീഴിലുള്ള എംഎസ്എംഇകൾക്ക് വായ്പ നിരസിക്കാൻ ബാങ്കുകൾക്ക് കഴിയില്ലെന്നും സീതാരാമൻ പറഞ്ഞു.
ദില്ലി: വായ്പാ മൊറട്ടോറിയം നീട്ടുക, വായ്പകൾ പുന:സംഘടിപ്പിക്കുക എന്നിവ സംബന്ധിച്ച് ധനമന്ത്രാലയം റിസർവ് ബാങ്കുമായി കൂടിയാലോചനകൾ നടത്തി വരുകയാണെന്ന് ധനമന്ത്രി നിർമല സീതാരാമൻ പറഞ്ഞു.
ഹോസ്പിറ്റാലിറ്റി മേഖലയുടെ ആവശ്യത്തിന്റെ പശ്ചാത്തലത്തിലാണ് ധനമന്ത്രി ഇപ്രകാരം പ്രതികരിച്ചത്. "മൊറട്ടോറിയം വിപുലീകരണം, വായ്പാ പുന: സംഘടന എന്നിവ സംബന്ധിച്ച ഹോസ്പിറ്റാലിറ്റി മേഖലയുടെ ആവശ്യകതകൾ ഞാൻ പൂർണ്ണമായി മനസ്സിലാക്കുന്നു. ഞങ്ങൾ ഇത് സംബന്ധിച്ച് റിസർവ് ബാങ്കുമായി കൂടിയാലോചനകൾ നടത്തി വരുകയാണ്, ”വ്യവസായ ചേംബർ അംഗങ്ങളായ ഫിച്ചിയെ അഭിസംബോധന ചെയ്തുകൊണ്ട് നിർമല സീതാരാമൻ പറഞ്ഞു.
undefined
വികസന ധനകാര്യ സ്ഥാപനം ആരംഭിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെന്നും അവർ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിശദാംശങ്ങൾ ഉടൻ വ്യക്തമാക്കുമെന്നും ധനമന്ത്രി കൂട്ടിച്ചേർത്തു. കിട്ടാക്കട പ്രതിസന്ധിയിൽ പൊരുതുന്ന ബാങ്കുകൾക്ക് ധനസഹായം നൽകാൻ കഴിയില്ലെന്നതിനാൽ അടിസ്ഥാന സൗകര്യ പദ്ധതികൾക്ക് ധനസഹായം ലഭ്യമാക്കാൻ വ്യവസായം മേഖല പുതിയ മാർഗങ്ങൾ കണ്ടെത്തണമെന്ന് നേരത്തെ റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് പറഞ്ഞിരുന്നു.
അടിയന്തര ക്രെഡിറ്റ് സൗകര്യത്തിന് കീഴിലുള്ള എംഎസ്എംഇകൾക്ക് വായ്പ നിരസിക്കാൻ ബാങ്കുകൾക്ക് കഴിയില്ലെന്നും സീതാരാമൻ പറഞ്ഞു. "നിരസിക്കുകയാണെങ്കിൽ, അത്തരം സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടണം. ഞാൻ അത് പരിശോധിക്കും," അവർ പറഞ്ഞു.