ചെറുകിട ഇടത്തരം സംരംഭകർക്കായി എംഎസ്എംഇ ക്ലിനിക്ക്: മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്തു

By Web Team  |  First Published Mar 25, 2022, 2:59 PM IST

ഓൺലൈനായാണ് മന്ത്രി ക്ലിനിക്ക് ഉദ്ഘാടനം ചെയ്തത്. സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭകരുടെ പ്രശ്‌നങ്ങളും സംശയങ്ങളും സമയബന്ധിതമായി പരിഹരിക്കാനാണ് ക്ലിനിക്ക്


തിരുവനന്തപുരം: വ്യവസായ രംഗത്ത് മുന്നേറ്റം ലക്ഷ്യമിട്ട് മുന്നോട്ട് പോവുകയാണ് സംസ്ഥാന സർക്കാർ. ഇതിന്റെ ഭാഗമായി സംസ്ഥാനത്ത് എംഎസ്എംഇ ക്ലിനിക്ക് തുറന്നു. സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങള്‍ സംശയരഹിതമായി ആരംഭിക്കുന്നതിനും പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുമാണിത്. സംരംഭകർക്ക് കൈത്താങ്ങാവുകയാണ് ക്ലിനിക്കിന്റെ ലക്ഷ്യം. സംസ്ഥാന വ്യവസായ വകുപ്പ് മന്ത്രി പി രാജീവാണ് ക്ലിനിക്ക് ഉദ്ഘാടനം ചെയ്തത്.

ഓൺലൈനായാണ് മന്ത്രി ക്ലിനിക്ക് ഉദ്ഘാടനം ചെയ്തത്. സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭകരുടെ പ്രശ്‌നങ്ങളും സംശയങ്ങളും സമയബന്ധിതമായി പരിഹരിക്കാനാണ് ക്ലിനിക്ക്. ഇതിലൂടെ സംരംഭങ്ങൾക്ക് മികച്ച വളര്‍ച്ച ഉറപ്പാക്കും. വിദഗ്ധരുടെ സേവനം സംരംഭകർക്ക് ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാന വ്യവസായ വകുപ്പിന് കീഴിൽ എംഎസ്എംഇ ക്ലിനിക്കുകൾ തുറന്നത്.

Latest Videos

undefined

ലൈസന്‍സിങ്, മാര്‍ക്കറ്റിങ്, ഫൈനാന്‍സിംഗ്, എക്‌സ്‌പോര്‍ട്ടിങ്, ബാങ്കിങ്, ജി എസ് ടി, ടെക്നോളജി തുടങ്ങി എല്ലാ മേഖലയിലും ക്ലിനിക്ക് വഴി സഹായമെത്തും. ബുദ്ധിമുട്ടുകള്‍ നേരിടുന്ന സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങള്‍ക്ക് ഇത് വലിയ സഹായമാകുമെന്നാണ് പ്രതീക്ഷ. ഇതിലേക്കായി വിവിധ മേഖലകളില്‍ വിഷയ വിദഗ്ധരായവരെ ക്ലിനിക്കിൽ എംപാനല്‍ ചെയ്തിട്ടുണ്ട്. 

രോഗലക്ഷണങ്ങള്‍ പ്രകടമാകുമ്പോള്‍ തന്നെ ചികിത്സ ലഭ്യമാക്കുകയെന്ന ആശയമാണ് എം എസ് എം ഇ ക്ലിനിക്ക് എന്ന ആശയത്തിന്റെ അടിസ്ഥാന തത്വമെന്ന് മന്ത്രി പി രാജീവ് വ്യക്തമാക്കി. വ്യവസായ സംരംഭകര്‍ക്ക് ഉണ്ടാകുന്ന സംശയങ്ങളും നേരിടുന്ന പ്രയാസങ്ങളും അതിവേഗം പരിഹാരം കാണാന്‍ എം എസ് എം ഇ ക്ലിനിക്കിലൂടെ സാധിക്കുമെന്നും പ്രതീക്ഷിക്കുന്നതായും മന്ത്രി ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.

ഉദ്ഘാടന ചടങ്ങില്‍ വ്യവസായ വാണിജ്യ വകുപ്പ് ഡയറക്ടര്‍ എസ് ഹരികിഷോര്‍ ഐ എ എസ് അധ്യക്ഷനായിരുന്നു. കൂടാതെ കെ എസ് എസ് ഐ എ, സി ഐ ഐ, ഫിക്കി, തുടങ്ങിയ സംഘടനകളുടെ പ്രതിനിധികളും പങ്കെടുത്തു. എല്ലാ ജില്ലകളിലെയും വ്യവസായ വകുപ്പ് ഉദ്യോഗസ്ഥരും എം എസ് എം ഇ ക്ലിനിക്കിനായി എംപാനല്‍ ചെയ്യപ്പെട്ട വിഷയ വിദഗ്ധരും ചടങ്ങിന്റെ ഭാഗമായി.

click me!