മഹാരാഷ്ട്ര ബിൽഡിങ് ആന്റ് അദർ കൺസ്ട്രക്ഷൻ വർക്കേർസ് വെൽഫെയർ ബോർഡിൽ അംഗങ്ങളായവരുടെ ബാങ്ക് അക്കൗണ്ടുകളിലേക്കാണ് പണം നിക്ഷേപിക്കുക.
മുംബൈ: കൊവിഡ് സാരമായി ബാധിച്ച സംസ്ഥാനമാണ് മഹാരാഷ്ട്ര. ലോക്ക്ഡൗണിനെ തുടർന്ന് സംസ്ഥാനത്ത് ദുരിതത്തിലായ നിർമ്മാണ തൊഴിലാളികൾക്ക് സാമ്പത്തിക സഹായം പ്രഖ്യാപിച്ചിരിക്കുകയാണ് ഇപ്പോൾ സർക്കാർ.
സംസ്ഥാനത്തെ 12 ലക്ഷത്തോളം വരുന്ന നിർമ്മാണ തൊഴിലാളികൾക്ക് 2000 രൂപ വീതം സർക്കാർ നൽകും. സംസ്ഥാന തൊഴിൽ വകുപ്പ് മന്ത്രി ദിലീപ് വത്സെ പാട്ടീൽ ആണ് പ്രഖ്യാപനം നടത്തിയിരിക്കുന്നത്.
മഹാരാഷ്ട്ര ബിൽഡിങ് ആന്റ് അദർ കൺസ്ട്രക്ഷൻ വർക്കേർസ് വെൽഫെയർ ബോർഡിൽ അംഗങ്ങളായവരുടെ ബാങ്ക് അക്കൗണ്ടുകളിലേക്കാണ് പണം നിക്ഷേപിക്കുക. പദ്ധതി 12 ലക്ഷം തൊഴിലാളികൾക്ക് ഉപകാരപ്പെടുമെന്ന് മന്ത്രി പറയുന്നു. മുഖ്യമന്ത്രി ഉദ്ദവ് താക്കറെ, ഉപമുഖ്യമന്ത്രി അജിത് പവാർ, ദിലീപ് വത്സെ പാട്ടീൽ എന്നിവരും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്ത യോഗത്തിലാണ് തീരുമാനം.