അന്താരാഷ്ട്ര സ്വർണ നിരക്ക് മാറിമറിയുന്നു: 2,000 ഡോളറിന് മുകളിലേക്ക് വീണ്ടും ഉയർന്നേക്കും

By Anoop Pillai  |  First Published Aug 23, 2020, 5:56 PM IST

മെറ്റൽ വാല്യു എന്നതിലുപരി ഗ്ലോബൽ കറൻസി എന്ന രീതിയിലുള്ള ചലനങ്ങളും തീർച്ചയായും സ്വർണത്തിനുണ്ടാകുമെന്നാണ് കണക്കാക്കുന്നത്. 


ന്താരാഷ്ട്ര സ്വർണ വിലയിലെ ചാഞ്ചാട്ടം തുടരുകയാണ്. രാജ്യാന്തര സ്വർണ നിരക്ക് വീണ്ടും മുകളിലേക്ക് ഉയരുന്നതിന്റെ സൂചനകളാണ് വിപണിയിൽ ദൃശ്യമാകുന്നത്. ട്രോയ് ഔൺസിന് (31.1 ​ഗ്രാം) 1,940 ഡോളറാണ് ഇപ്പോഴത്തെ നിരക്ക്. 24 മണിക്കൂറിനിടെ മൂന്ന് ഡോളറിലേറെയാണ് നിരക്ക് ഉയർന്നത്. 

"അന്തരാഷ്ട്ര തലത്തിൽ ഒരു വർഷത്തിനുള്ളിൽ 1,300 ഡോളറിൽ നിന്നും 1,945- 1,950 ഡോളർ എന്ന നിലവാരത്തിലേക്ക് ഏകദേശം 50% ഉയർച്ചയാണ് സ്വർണത്തിനുണ്ടായത്. അതായത്, കഴിഞ്ഞ ഏഴ് വർഷത്തെ ശരാശരി വാർഷിക വളർച്ച ഇന്ത്യൻ മാർക്കറ്റിൽ 13% വും അന്താരാഷ്ട്ര തലത്തിൽ ഏഴ് ശതമാനവുമാണ്," ഓൾ കേരള ​ഗോൾഡ് ആൻഡ് സിൽവർ മർച്ചൻസ് അസോസിയേഷൻ (AKGSMA) സംസ്ഥാന ട്രഷററും ഓൾ ഇന്ത്യ ജെം ആൻഡ് ജ്വല്ലറി ഡൊമസ്റ്റിക്ക് കൗൺസിൽ (GJC) ദേശീയ ഡയറക്ടറുമായ അഡ്വ എസ് അബ്ദുൽ നാസർ പറഞ്ഞു.

Latest Videos

undefined

അന്താരഷ്ട്ര വിലയും രാജ്യത്തെ കറൻസിയുടെ കരുത്തും സർക്കാർ നികുതികളുമൊക്കെയാണ് പ്രധാനമായും ഒരോ രാജ്യത്തെയും സ്വർണ്ണ വില നിശ്ചയിക്കുന്നത്. ഇപ്പോഴത്തെ സാഹചര്യത്തിൽ കൊറോണ മൂലമുള്ള സാമ്പത്തിക അസ്ഥിരതയും അതിനെ നേരിടാൻ സർക്കാരുകളും കേന്ദ്ര ബാങ്കുകളും എടുക്കുന്ന താത്ക്കാലിക നടപടികൾ ഒരോ രാജ്യത്തെയും പണപ്പെരുപ്പം ഉയർത്താം. 

"പണപ്പെരുപ്പത്തിനെതിരെ ഒരു സ്വഭാവിക ഹെഡ്ജ് എന്ന നിലയിൽ ദീർഘ കാലത്തിൽ സ്വർണ്ണവില ഇനിയും ഉയരാം. മെറ്റൽ വാല്യു എന്നതിലുപരി ഗ്ലോബൽ കറൻസി എന്ന രീതിയിലുള്ള ചലനങ്ങളും തീർച്ചയായും സ്വർണത്തിനുണ്ടാകുമെന്നാണ് കണക്കാക്കുന്നത്," അഡ്വ എസ് അബ്ദുൽ നാസർ കൂട്ടിച്ചേർത്തു. 

ചാഞ്ചാട്ടങ്ങളും തിരുത്തലുകളും ഉണ്ടാകാമെങ്കിൽപ്പോലും നിലവിൽ അന്തർദേശിയ തലത്തിൽ ഉപഭോക്താക്കളുടെയും നിക്ഷേപകരുടെയും ഇടയിൽ രൂപപ്പെട്ടിട്ടുള്ള ശുഭാപ്തി വിശ്വാസം, ഇപ്പോൾ 1940 ഡോളർ നിലവാരത്തിൽ നിൽക്കുന്ന സ്വർണ വിലയെ സമീപ ഭാവിയിൽ തന്നെ 2000 - 2100 ഡോളർ നിലവാരത്തിലേക്ക് വീണ്ടും ഉയർത്തിയേക്കുമെന്നാണ് സാമ്പത്തിക വിദ​ഗ്ധർ നൽകുന്ന സൂചന. 

click me!