ജീവനക്കാര്‍ക്കെല്ലാം 10,000 രൂപ വീതം അഡ്വാന്‍സ് നല്‍കുന്നു; വമ്പന്‍ പ്രഖ്യാപനവുമായി കേന്ദ്ര സര്‍ക്കാര്‍

By Web Team  |  First Published Oct 12, 2020, 1:51 PM IST

12 ശതമാനം ജിഎസ്ടിയോ അതിൽ കൂടുതലോ ആകർഷിക്കുന്ന സാധനങ്ങൾ വാങ്ങുന്നതിന് ഈ വ്യവസ്ഥ ബാധകമാകും. 


ദില്ലി: കൊവിഡ് -19 ബാധിച്ച സമ്പദ് വ്യവസ്ഥയ്ക്ക് ഉത്തേജനം നൽകുന്നതിനായി ഉപഭോക്തൃ ആവശ്യകത ഉയർത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ച് കേന്ദ്ര സർക്കാർ. രാജ്യത്തെ ഉപഭോ​ഗം പ്രോത്സാഹിപ്പിക്കുന്നതിനായി ധനമന്ത്രി നിർമ്മല സീതാരാമൻ പുതിയ നടപടികൾ പ്രഖ്യാപിച്ചു.

സർക്കാർ ജീവനക്കാരുടെ ചെലവഴിക്കൽ പ്രോത്സാഹിപ്പിക്കാനും വിപണി ആവശ്യകത സൃഷ്ടിക്കാനുമായി കേന്ദ്ര സർക്കാർ എൽടിസി ക്യാഷ് വൗച്ചറും ഫെസ്റ്റിവൽ അഡ്വാൻസ് സ്കീമുകളും പ്രഖ്യാപിച്ചു.

Latest Videos

undefined

യാത്രകൾക്ക് ലീവ് ട്രാവൽ കൺസെഷൻ (എൽടിസി) ലഭിക്കുന്ന കേന്ദ്ര സർക്കാർ ജീവനക്കാർക്ക് യാത്ര ചെയ്യാതെ തന്നെ പ്രസ്തുത തുകയ്ക്ക് തുല്യമായ പണം ലഭിക്കും. അവർക്ക് ഇഷ്ടമുള്ള വാങ്ങലുകൾ നടത്താൻ ഈ അലവൻസ് ഉപയോഗിക്കാം. 12 ശതമാനം ജിഎസ്ടിയോ അതിൽ കൂടുതലോ ആകർഷിക്കുന്ന സാധനങ്ങൾ വാങ്ങുന്നതിന് ഈ വ്യവസ്ഥ ബാധകമാകും, ചെലവാക്കൽ ഡിജിറ്റൽ മോഡ് വഴി മാത്രമേ ചെയ്യാവൂ. സ്പെഷ്യൽ ഫെസ്റ്റിവൽ അഡ്വാൻസ് സ്കീമിന് കീഴിൽ 10,000 രൂപ പലിശ രഹിത അഡ്വാൻസായി ജീവനക്കാർക്ക് നൽകും. ഇത് 10 തവണകളായി തിരികെ നൽകിയാൽ മതിയാകും.

ആളുകൾ യാത്ര ചെയ്യാത്തതിനാൽ എൽടിസി എൻകാഷ് ചെയ്യാത്ത പശ്ചാത്തലത്തിലാണ് പദ്ധതി അവതരിപ്പിക്കുന്നത്. ഇതിനായുളള പേയ്മെന്റ് നികുതി രഹിതമായി തുടരും, ഇത് 2021 മാർച്ച് 31 ന് മുമ്പ് ചെയ്യേണ്ടതാണ്. മൂന്ന് ഘടകങ്ങൾ അടങ്ങിയ, മൂലധനച്ചെലവിനായി പലിശ രഹിതമായി സംസ്ഥാനങ്ങൾക്ക് 12,000 കോടി രൂപയുടെ 50 വർഷത്തെ വായ്പ വാഗ്ദാനവും കേന്ദ്ര സർക്കാർ മുന്നോട്ടുവയ്ക്കുന്നു. 

എട്ട് നോർത്ത് ഈസ്റ്റ് സംസ്ഥാനങ്ങൾക്ക് 200 കോടി വീതം നൽകും, 450 കോടി വീതം ഉത്തരാഖണ്ഡ്, ഹിമാചൽ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങൾക്ക് ലഭിക്കും. ശേഷിക്കുന്ന സംസ്ഥാനങ്ങൾക്ക് 7,500 കോടിയുടെ ധനസഹായവും ധനമന്ത്രി നിർമല സീതാരാമൻ പ്രഖ്യാപിച്ചു. 

ഉപഭോക്തൃ ചെലവുകളും മൂലധനച്ചെലവും വർദ്ധിപ്പിക്കുന്നതിനായി ഇന്ന് പ്രഖ്യാപിച്ച നടപടികളിലൂടെ 2021 മാർച്ച് 31 നകം 73,000 കോടി രൂപയുടെ ഡിമാൻഡ് വർദ്ധിപ്പിക്കാനാകുമെന്നാണ് കേന്ദ്ര സർക്കാർ കണക്കാക്കുന്നത്. റോഡുകൾ, പ്രതിരോധ ഇൻഫ്ര, ജലവിതരണം, നഗരവികസനം എന്നിവയ്ക്കായി ബജറ്റ് ചെയ്ത 4.13 ലക്ഷം കോടിക്ക് പുറമേ 25,000 കോടി രൂപ കൂടി സർക്കാർ ചെലവാക്കും. 
 

click me!