ഇന്ത്യ 2047ഓടെ വികസിത രാജ്യമാകും, പ്രതിശീർഷ വരുമാനം 12 ലക്ഷത്തിലെത്തും- റിപ്പോർട്ട്

By Web Team  |  First Published Jun 15, 2024, 2:56 PM IST

സ്ഥിരമായ നയപരിഷ്‌കാരങ്ങളും ഡിജിറ്റൽ വിപ്ലവങ്ങളും രാജ്യത്തിൻ്റെ സവിശേഷമായ ജനസംഖ്യാപരമായ നേട്ടങ്ങൾ എന്നിവ കൊണ്ട് ഈ മാറ്റം സാധ്യമാകുമെന്നാണ് റിപ്പോർട്ട് പ്രവചിക്കുന്നത്


ദില്ലി: 2047ഓടെ ഇന്ത്യ ഒരു വികസിത സമ്പദ് വ്യവസ്ഥയായി മാറുകയെന്ന ലക്ഷ്യമാണ് കേന്ദ്രസർക്കാർ സജ്ജമാക്കിയിരിക്കുന്നതെന്ന് റിപ്പോർട്ട്. ഏണസ്റ്റ് ആൻഡ് യങ്ങിന്റെ ഇന്ത്യ@100: 26 ട്രില്യൺ ഡോളർ സമ്പദ്‌വ്യവസ്ഥയുടെ സാധ്യത തിരിച്ചറിയൽ എന്ന റിപ്പോർട്ടിലൂടെ മുന്നോട്ട് വയ്ക്കുന്നത് ഉയർന്നു വരാനുള്ള ഒരു രാജ്യത്തിന്റെ അഭിലാഷമാണ്. 2047-48ഓടെ 26ട്രില്യൺ ഡോളർ സാമ്പത്തിക വ്യവസ്ഥ ആവുക എന്നതാണ് ഇതിലെ പ്രധാന നിരീക്ഷണം.

സ്ഥിരമായ നയപരിഷ്‌കാരങ്ങളും ഡിജിറ്റൽ വിപ്ലവങ്ങളും രാജ്യത്തിൻ്റെ സവിശേഷമായ ജനസംഖ്യാപരമായ നേട്ടങ്ങൾ എന്നിവ കൊണ്ട് ഈ മാറ്റം സാധ്യമാകുമെന്നാണ് റിപ്പോർട്ട് പ്രവചിക്കുന്നത്. ഇടക്കാലം കൊണ്ട് അതി വേഗം വളരുന്ന വലിയ സാമ്പത്തിക വ്യവസ്ഥയായി ഇന്ത്യയെത്തുമെന്നും ഏണസ്റ്റ് ആൻഡ് യങ്ങിന്റെ ഇന്ത്യ@100:26 ട്രില്യൺ ഡോളർ സമ്പദ്‌വ്യവസ്ഥയുടെ സാധ്യത തിരിച്ചറിയൽ റിപ്പോർട്ടിൽ വിശദമാക്കുന്നു. 2047-48ഓടെ പ്രതിശീർഷ വരുമാനം 15000 ഡോളറിൽ കൂടുതലുള്ള വികസിത സമ്പദ് വ്യവസ്ഥകളുടെ ഇടയിലേക്ക് ഇന്ത്യ അതിവേഗത്തിലെത്തുമെന്നാണ് റിപ്പോർട്ട് നിരീക്ഷിക്കുന്നത്.

Latest Videos

undefined

സേവന കയറ്റുമതിയിൽ, പ്രത്യേകിച്ച് ഐടി, ബിപിഒ വ്യവസായങ്ങളിൽ ഗണ്യമായ വർദ്ധനവ് കാരണം ബിസിനസ്സ്, ടെക്നോളജി സേവനങ്ങളുടെ ആഗോള കേന്ദ്രമായി ഇന്ത്യ മാറി. മാറിക്കൊണ്ടിരിക്കുന്ന ആഗോള സാമ്പത്തിക ക്രമത്തിൽ ശക്തവും സുസ്ഥിരവുമായ സ്ഥാനം ലഭിക്കാനുള്ള സാധ്യതയും അവസരവും ഇന്ത്യക്കുണ്ടെന്നാണ് റിപ്പോർട്ട് വിശദമാക്കുന്നത്. അമൃത്കാൽ എന്ന പേരിൽ അറിയപ്പെടുന്ന വരുന്ന 25 വർഷങ്ങൾ ഇന്ത്യക്ക് അധികാരത്തിലേക്കും സാമ്പത്തിക ഉന്നതിയിലേക്കുമുള്ള പുതിയ കാലഘട്ടമാണ് വാഗ്ദാനം ചെയ്യുന്നത്.

ഇന്ത്യയുടെ ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചർ, യുപിഐ, ഇന്ത്യ സ്റ്റാക്ക് തുടങ്ങിയ പ്ലാറ്റ്‌ഫോമുകൾ സാമ്പത്തിക നേട്ടവും ബിസിനസ് അവസരങ്ങളും ഗണ്യമായി വർധിപ്പിച്ചിട്ടുണ്ട്. ഇതെല്ലാം തന്നെ ഇന്ത്യയെ ആഗോള ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥയിൽ നിർണായക സ്ഥാനത്തേക്ക് എത്തിക്കുന്നുവെന്നും റിപ്പോർട്ട് വിശദമാക്കുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!