സെൻട്രൽ ഇലക്‌ട്രോണിക്‌സ് ലിമിറ്റഡിലെ 100 ശതമാനം സർക്കാർ ഓഹരികളും നന്ദാൽ ഫിനാൻസ് & ലീസിംഗ് കമ്പനിക്ക് വിൽക്കുന്നതിനുള്ള താത്പര്യ പത്രം നൽകിയിട്ടില്ലെന്ന് ഡിപാം സെക്രട്ടറി തുഹിൻ കണ്ട പാണ്ഡെ പറഞ്ഞു
ദില്ലി: സെൻട്രൽ ഇലക്‌ട്രോണിക്‌സ് ലിമിറ്റഡ് (സിഇഎൽ) സ്വകാര്യവൽക്കരണം സർക്കാർ താൽക്കാലികമായി നിർത്തിവെച്ചു. എംപ്ലോയീസ് യൂണിയൻ കോടതിയെ സമീപിച്ചതിനെത്തുടർന്നാണ് തീരുമാനം. അധികമാരും അറിയാത്ത സ്ഥാപനം സ്വകാര്യവത്കരിക്കുന്നത് എന്തിനാണെന്നാണ് തൊഴിലാളികളുടെ ചോദ്യം.
സ്വകാര്യവത്കരിക്കുന്നതിന് ലഭിച്ച ടെണ്ടറുകളിൽ ഏറ്റവും ഉയർന്ന തുക ക്വോട്ട് ചെയ്തത് നന്ദാൽ ഫിനാൻസ് & ലീസിംഗ് കമ്പനിയാണ്. അതും 210 കോടി രൂപ മാത്രം. ഇത് വളരെ കുറവാണെന്ന് തൊഴിലാളികൾ ആരോപിക്കുന്നു. ഡിപ്പാർട്ട്മെന്റ് ഓഫ് ഇൻവെസ്റ്റ്‌മെന്റ് ആൻഡ് പബ്ലിക് അസറ്റ് മാനേജ്‌മെന്റ് (ഡിപാം) ആണ് സ്വകാര്യവത്കരണ നടപടികളുടെ ചുമതല വഹിക്കുന്നത്.
undefined
സെൻട്രൽ ഇലക്‌ട്രോണിക്‌സ് ലിമിറ്റഡിലെ 100 ശതമാനം സർക്കാർ ഓഹരികളും നന്ദാൽ ഫിനാൻസ് & ലീസിംഗ് കമ്പനിക്ക് വിൽക്കുന്നതിനുള്ള താത്പര്യ പത്രം നൽകിയിട്ടില്ലെന്ന് ഡിപാം സെക്രട്ടറി തുഹിൻ കണ്ട പാണ്ഡെ പറഞ്ഞു. തൊഴിലാളികൾ ഉന്നയിച്ച ആരോപണങ്ങൾ പരിശോധിച്ചു വരികയാണെന്നും പാണ്ഡെ പിടിഐക്ക് നൽകിയ വിശദീകരണത്തിൽ വ്യക്തമാക്കി.
ഡിപ്പാർട്ട്‌മെന്റ് ഓഫ് സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ചിന് (ഡിഎസ്ഐആർ) കീഴിലുള്ള പൊതുമേഖലാ സ്ഥാപനമാണ് സിഇഎൽ. 210 കോടി രൂപയ്ക്ക് നന്ദാൽ ഫിനാൻസ് ആൻഡ് ലീസിങ്ങിന് ഈ സ്ഥാപനം വിൽക്കാൻ നവംബറിൽ കേന്ദ്ര സർക്കാർ അനുമതി നൽകിയിരുന്നു. 2022 മാർച്ചോടെ ഇടപാട് പൂർത്തിയാക്കാനായിരുന്നു ഡിപാമിന്റെ ശ്രമം. എന്നാൽ തൊഴിലാളികൾ കോടതിയെ സമീപിച്ചതോടെ ഇനി വിൽപ്പന സുഗമമാവില്ല.