ഉച്ചയ്ക്ക് ശേഷം സ്വർണ വില വീണ്ടും കുറഞ്ഞു: ഡോളറിന് കരുത്ത് കൂടുന്നു; വിറ്റഴിക്കൽ പ്രവണത ശക്തം

By Anoop Pillai  |  First Published Sep 22, 2020, 4:41 PM IST

വിപണിയിൽ വിറ്റഴിക്കൽ പ്രവണതയും ഉയർന്നിട്ടുണ്ട്.


തിരുവനന്തപുരം: കേരളത്തിലെ സ്വർണ വിലയിൽ ഇന്ന് രണ്ട് തവണ കുറവ് രേഖപ്പെടുത്തി. രാവിലെ 70 രൂപ ഗ്രാമിന് കുറഞ്ഞ് ​ഗ്രാമിന് 4,700 രൂപയിലെത്തിയ സ്വർണ വില ഉച്ചയ്ക്ക് ശേഷം വീണ്ടും 25 രൂപ കുറഞ്ഞ് 4,675 രൂപയായി. രണ്ടു തവണയായി ഗ്രാമിന് 95 രൂപയാണ് വിലക്കുറവ്‌ രേഖപ്പെടുത്തിയത്.

ഇതോടെ പവന് 760 രൂപ വില കുറഞ്ഞ് 37,400 രൂപയിലേക്ക് മഞ്ഞലോഹത്തിന്റെ വിലയിലെത്തി. 24ct സ്വർണക്കട്ടിയുടെ ബാങ്ക് നിരക്ക് കിലോഗ്രാമിന് 5200000 രൂപായായി താഴ്ന്നിട്ടുണ്ട്. അന്താരാഷ്ട്ര സ്വർണ വില ട്രോയ് ഔൺസിന് ഒടുവിൽ വിവരം ലഭിക്കുമ്പോൾ 1,897 ഡോളറാണ്.

Latest Videos

undefined

രൂപയുടെ വിനിമയ നിരക്ക് ഡോളറിനെതിരെ 73.56 എന്ന നിലയിലാണ്. ഓഗസ്റ്റ് ഏഴിന് 42,000 രൂപയായിരുന്ന, പവന്റെ നിരക്ക് ഒന്നര മാസത്തിനിടെ 4,600 രൂപ കുറഞ്ഞ് ഇന്ന് 37,400 രൂപയിലേക്ക് എത്തി. ഡോളർ കരുത്താകുന്നതാണ് സ്വർണ വില കുറയാനുളള പ്രധാന കാരണം. വിപണിയിൽ വിറ്റഴിക്കൽ പ്രവണതയും ഉയർന്നിട്ടുണ്ട്. 

"കഴിഞ്ഞ ഒന്നര മാസമായി ചാഞ്ചാടി നിന്ന സ്വർണ വില സൂചിക നിലവിൽ താഴേക്കാണ്. അന്താരാഷ്ട്ര വിലയിൽ 200 ഡോളർ വരെ ഇപ്പോൾ കുറവ് റിപ്പോർട്ട് ചെയ്തു. 1,882 ഡോളർ വരെ ഒരു ഘട്ടത്തിലെത്തിയിരുന്നു. 1880 ൽ താഴോട്ടാണ് സൂചികയെങ്കിൽ വില ഇനിയും 50 -75 ഡോളറെങ്കിലും കുറഞ്ഞേക്കാം, "ഓൾ ഇന്ത്യ ജെം ആൻഡ് ജ്വല്ലറി ഡൊമസ്റ്റിക്ക് കൗൺസിൽ ‍‍(ജിജെസി) ദേശീയ ഡയറക്ടറായ എസ് അബ്ദുൽ നാസർ ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനോട് പറഞ്ഞു.

click me!