സർവം തകരുമോ? ആഗോള വിതരണ ശൃംഖല തകർച്ചയുടെ വക്കിലെന്ന് ബിസിനസ് നേതാക്കൾ: തുറന്ന കത്ത്

By Web Team  |  First Published Sep 30, 2021, 1:00 PM IST

ചരക്കുനീക്കം ബ്രിട്ടനിൽ താറുമാറായ പശ്ചാത്തലത്തിലാണ് അന്താരാഷ്ട്ര ബിസിനസ് ലോകത്ത് നിന്ന് ഈ ആവശ്യവും ഉയർന്നുവരുന്നത്


ദില്ലി: ആഗോള വിതരണശൃംഖല തകർച്ചയുടെ വക്കിലാണെന്ന് അന്താരാഷ്ട്ര ബിസിനസ് ലോകത്തെ പ്രമുഖർ. തൊഴിലാളിക8ക്ക് വാക്സീൻ മുൻഗണനയും സ്വതന്ത്ര സഞ്ചാരത്തിനുള്ള അനുവാദവും ആവശ്യപ്പെട്ടാണ് ബിസിനസ് സമൂഹം രംഗത്ത് വന്നിരിക്കുന്നത്. ഐക്യരാഷ്ട്ര സഭയുടെ പൊതുസമ്മേളനത്തിൽ പങ്കെടുക്കുന്ന വിവിധ രാജ്യങ്ങളിൽ നിന്നുള്ള ഉന്നത ഉദ്യോഗസ്ഥരെ അഭിസംബോധന ചെയ്ത് തുറന്ന കത്തെഴുതിയിരിക്കുകയാണ് അന്താരാഷ്ട്ര ചേംബർ ഓഫ് ഷിപ്പിങ് അടക്കമുള്ള സംഘടനകൾ.

കഴിഞ്ഞ രണ്ട് വർഷമായി ട്രാൻസ്പോർട്ടേഷൻ രംഗത്ത് തുടരുന്ന കർശന നിയന്ത്രണങ്ങളെ തുടർന്ന് ആഗോള വിതരണ ശൃംഖലയിൽ കാര്യമായ പ്രതിസന്ധിയുണ്ടായിട്ടുണ്ടെന്നാണ് വിവിധ ബിസിനസ് മേഖലകളിൽ നിന്നുള്ള ലോകനേതാക്കൾ ചൂണ്ടിക്കാട്ടുന്നത്. ഇതിൽ പ്രധാനം തൊഴിലാളികൾക്ക് കാര്യമായ പരിഗണന ലഭിക്കാത്തതാണ്. ഇവരുടെ സഞ്ചാരസ്വാതന്ത്ര്യം വിലക്കുന്നത് സാമ്പത്തിക വ്യവസ്ഥയെ പിന്നോട്ടടിപ്പിക്കുമെന്നാണ് ഇവർ പറയുന്നത്.

Latest Videos

undefined

ഇലക്ട്രോണിക്സ്, ഭക്ഷ്യം, ഇന്ധനം, മെഡിക്കൽ ഉൽപ്പന്നങ്ങൾ എന്നിവയുടെ ദൗർലഭ്യം ക്രിസ്തുമസ് കാലത്ത് നേരിടാതിരിക്കണമെങ്കിൽ ലോകമാകെയുള്ള രാജ്യങ്ങൾ അടിയന്തിരമായി ഇടപെടണമെന്നാണ് ഇവരുടെ ആവശ്യം. അതിർത്തികളിലെ നിയന്ത്രണങ്ങൾ, ഫാക്ടറികളിലെ ശാരീരിക അകലം എന്നിവയെല്ലാം പരമ്പരാഗത വിതരണ ശൃംഖലയ്ക്ക് തടസം സൃഷ്ടിക്കുന്നുണ്ട്. ഇതുവഴി പ്രധാന ചരക്കുപാതകളായ ചൈന-അമേരിക്ക-യൂറോപ്പ് എന്നിവിടങ്ങളിലെ തുറമുഖങ്ങളിൽ തിരക്കും ഡെലിവറിക്ക് താമസവും ചരക്ക് നീക്കത്തിന്റെ നിരക്കും വർധിക്കുന്നതായി ഇവർ ചൂണ്ടിക്കാട്ടുന്നു. 

യൂറോപ്യൻ യൂണിയനിൽ നിന്നുള്ള പിന്മാറ്റവും മഹാമാരിയും മൂലം ബ്രിട്ടനിൽ ട്രക്ക് ഡ്രൈവർമാരുടെ ദൗർലഭ്യമുണ്ടായതോടെ ചരക്കുനീക്കം ബ്രിട്ടനിൽ താറുമാറായ പശ്ചാത്തലത്തിലാണ് അന്താരാഷ്ട്ര ബിസിനസ് ലോകത്ത് നിന്ന് ഈ ആവശ്യവും ഉയർന്നുവരുന്നത്. ആഗോള തലത്തിൽ ട്രക്ക് ഡ്രൈവർമാരുടെ എണ്ണം ഇടിഞ്ഞിട്ടുണ്ട്. അമേരിക്കൻ ട്രക്കിങ് അസോസിയേഷന്റെ കണക്ക് പ്രകാരം അമേരിക്കയിൽ മാത്രം 61000 ഡ്രൈവർമാരുടെ കുറവുണ്ടായി.

തങ്ങളുടെ പരാതികൾ സർക്കാരുകൾ കേൾക്കുന്നില്ലെന്നാണ് ട്രാൻസ്പോർട്ട് ഓർഗനൈസേഷനുകളുടെ പരാതി. ലോകമാകെ 65 ദശലക്ഷം തൊഴിലാളികളുള്ളതാണ് ട്രാൻസ്പോർട്ട് ഓർഗനൈസേഷൻ. മഹാമാരി തീവ്രമായ ഘട്ടത്തിൽ ഏതാണ്ട് നാല് ലക്ഷം നാവികർക്ക് കപ്പൽ വിടാൻ കഴിഞ്ഞിരുന്നില്ല. കരാർ കഴിഞ്ഞ് 18 മാസത്തോളം അവർക്ക് തുടർച്ചയായി തൊഴിൽ ചെയ്യേണ്ടി വന്നുവെന്നും ഇവർ പറയുന്നു.

click me!