ജിഡിപി റെക്കോര്‍ഡ് തകര്‍ച്ച; കേന്ദ്രത്തിനെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ്

By Web Team  |  First Published Sep 1, 2020, 9:30 AM IST

രാജ്യത്തെ ജിഡിപി നിരക്ക് 23.9% ഇടിഞ്ഞതായാണ് സ്റ്റാറ്റിസ്റ്റിക്‌സ് മന്ത്രാലയത്തിന്റെ കണക്ക്.
 


ദില്ലി: രാജ്യത്തെ മൊത്ത ആഭ്യന്തര ഉല്‍പാദന വളര്‍ച്ചാ നിരക്ക് കുത്തനെ ഇടിഞ്ഞതില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ്. സാമ്പത്തിക മാന്ദ്യം വരാന്‍ പോകുന്നുവെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടും സര്‍ക്കാര്‍ അവഗണിച്ചെന്ന് മുന്‍ ധനകാര്യ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി ചിദംബരം കുറ്റപ്പെടുത്തി. എന്നാല്‍ വീഴ്ച ഉണ്ടായെന്ന് സര്‍ക്കാര്‍ സമ്മതിക്കുമെന്ന് കരുതുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. രാജ്യത്തെ ജിഡിപി നിരക്ക് 23.9% ഇടിഞ്ഞതായാണ് സ്റ്റാറ്റിസ്റ്റിക്‌സ് മന്ത്രാലയത്തിന്റെ കണക്ക്. കൊവിഡിനെ തുടര്‍ന്നുള്ള ലോക്ഡൗണ്‍ ആദ്യ പാദത്തിലെ സാമ്പത്തിക വളര്‍ച്ചയെ ബാധിച്ചുവെന്നാണ് വിലയിരുത്തല്‍. അടുത്തപാദത്തിലും തിരിച്ചടി ഉണ്ടായേക്കാമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ് നല്‍കുന്നു. 

2020-21 സാമ്പത്തിക വര്‍ഷത്തിലെ ആദ്യ പാദത്തിലാണ് (ഏപ്രില്‍-ജൂണ്‍) ജിഡിപി 23.9 ശതമാനം ചുരുങ്ങിയത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ സമാനകലയളവിനെ അപേക്ഷിച്ച് വന്‍ ഇടിവാണ് ഇന്ത്യന്‍ ജിഡിപിയില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കൊറോണ വൈറസ് പകര്‍ച്ചവ്യാധി വ്യാപനം നിയന്ത്രിക്കുന്നതിന് വേണ്ടിയുളള ലോക്ക്ഡൗണുകള്‍ക്കിടയില്‍ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യപാദത്തില്‍ രാജ്യത്ത് പരിമിതമായ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ മാത്രമാണ് നടന്നതെന്നും അതുകൊണ്ടാണ് തകര്‍ച്ചക്ക് കാരണമെന്നും എന്‍എസ്ഒ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.

Latest Videos

നാല് പതിറ്റാണ്ടിനിടയില്‍ ആദ്യമായാണ് ഇന്ത്യന്‍ സമ്പദ്ഘടനയില്‍ സാമ്പത്തിക സങ്കോചം റിപ്പോര്‍ട്ട് ചെയ്യുന്നത്. 1996 മുതല്‍ ഇന്ത്യ ത്രൈമാസ റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കാന്‍ തുടങ്ങിയതിനുശേഷം ജിഡിപിയിലുണ്ടായ ഏറ്റവും വലിയ ഇടിവാണിത്. 17 വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. 2019-20 ജൂണ്‍ പാദത്തില്‍ 5.2 ശതമാനമായിരുന്നു വളര്‍ച്ചാ നിരക്ക്. കൃഷിയും അനുബന്ധ പ്രവര്‍ത്തനങ്ങളും മാത്രമാണ് വളര്‍ച്ച രേഖപ്പെടുത്തിയത്. ഭേദപ്പെട്ട മണ്‍സൂണാണ് കാര്‍ഷിക മേഖലയുടെ വളര്‍ച്ചക്ക് കാരണം.
 

click me!