നേരിടുന്ന പ്രശ്നം എന്താണെന്ന് തിരിച്ചറിഞ്ഞില്ലെങ്കില്‍, എന്ത് പരിഹാര നടപടികള്‍ എടുക്കണമെന്നതിന് കൃത്യമായ ഉത്തരമില്ലെങ്കില്‍ സ്ഥിതി അപകടകരമാണ്.
ദില്ലി: നരേന്ദ്ര മോദി സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ പ്രധാനമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ മന്‍മോഹന്‍ സിംഗ്. കേന്ദ്ര സര്‍ക്കാര്‍ സാമ്പത്തിക തളര്‍ച്ച(economic slowdown) എന്ന വാക്ക് പോലും സമ്മതിക്കുന്നില്ലെന്ന് മന്‍മോഹന്‍ വിമര്‍ശിച്ചു. യഥാര്‍ത്ഥ പ്രശ്നം തിരിച്ചറിയാത്തതാണ് സാമ്പത്തിക രംഗത്തെ വലിയ അപകടമെന്നും മന്‍മോഹന്‍ പറഞ്ഞു. യുപിഎ ഭരണകാലത്തെ ആസൂത്രണ കമ്മീഷന്‍ ഡെപ്യൂട്ടി ചെയര്‍മാന്‍ മൊണ്ടേഗ് സിംഗ് അലുവാലിയയുടെ പുസ്തക പ്രകാശന ചടങ്ങിലാണ് മന്‍മോഹന്‍ സര്‍ക്കാറിനെ വിമര്‍ശിച്ചത്.
സാമ്പത്തിക തളര്‍ച്ചെന്ന വാക്ക് പോലും അംഗീകരിക്കാത്ത ഈ സര്‍ക്കാര്‍ ഭരിക്കുമ്പോള്‍ ഈ പ്രശ്നം നമ്മള്‍ നിര്‍ബന്ധമായും ചര്‍ച്ച ചെയ്യണം. കേന്ദ്ര സര്‍ക്കാറിന്‍റെ സമീപനം രാജ്യത്തിന് നന്നല്ലെന്നും മന്‍മോഹന്‍ പറഞ്ഞു. നിങ്ങള്‍ നേരിടുന്ന പ്രശ്നം എന്താണെന്ന് തിരിച്ചറിഞ്ഞില്ലെങ്കില്‍, എന്ത് പരിഹാര നടപടികള്‍ എടുക്കണമെന്നതിന് കൃത്യമായ ഉത്തരമില്ലെങ്കില്‍ സ്ഥിതി അപകടകരമാണ്.
2024-25ല്‍ അഞ്ച് ലക്ഷം കോടി ഡോളര്‍ സാമ്പത്തിക ശക്തിയായി ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നതെങ്കിലും മൂന്ന് വര്‍ഷക്കാലയളവിനുള്ളില്‍ കര്‍ഷകരുടെ വരുമാനം ഇരട്ടിയാകുമെന്ന് പ്രതീക്ഷിക്കാന്‍ കാരണമൊന്നുമില്ലെന്നും മന്‍മോഹന്‍ പറഞ്ഞു. 1990ലെ സാമ്പത്തിക ഉദാര നയങ്ങള്‍ക്ക് അന്നത്തെ പ്രധാനമന്ത്രി നരസിംഹ റാവു, പി ചിദംബരം, മൊണ്ടേഗ് സിംഗ് അലുവാലിയ എന്നിവര്‍ സഹായിച്ചെന്നും മന്‍മോഹന്‍ പറഞ്ഞു.