ബിസിനസ് സൗഹാർദ്ദ അന്തരീക്ഷം സൃഷ്ടിക്കുന്നത് സംസ്ഥാന സമ്പദ് വ്യവസ്ഥയുടെ ഭാവി വളർച്ചയെ സഹായിക്കുമെന്നാണ് കണക്കാക്കുന്നത്.
ദില്ലി: ധനമന്ത്രാലയത്തിന്റെ കീഴിലെ എക്സ്പെൻഡിച്ചർ വകുപ്പ് നിശ്ചയിച്ചിട്ടുള്ള ഈസ് ഓഫ് ഡൂയിംഗ് ബിസിനസ് പരിഷ്കാരങ്ങൾ വിജയകരമായി പൂർത്തിയാക്കുന്ന രാജ്യത്തെ ആറാമത്തെ സംസ്ഥാനമായി രാജസ്ഥാൻ. ഇതോടെ സംസ്ഥാനം ഓപ്പൺ മാർക്കറ്റ് വായ്പകളിലൂടെ 2,731 കോടി അധിക വായ്പയ്ക്കും അർഹതയും നേടി. ധനമന്ത്രാലയം അടുത്തിടെ പുറത്തിറക്കിയ പ്രസ്താവന പ്രകാരം, കർണാടക, ആന്ധ്രാപ്രദേശ്, തമിഴ്നാട്, മധ്യപ്രദേശ്, തെലങ്കാന എന്നിവയാണ് പരിഷ്കാരണ നടപടികൾ പൂർത്തിയാക്കിയ മറ്റ് അഞ്ച് സംസ്ഥാനങ്ങൾ.
ബിസിനസ് സൗഹാർദ്ദ അന്തരീക്ഷ സൃഷ്ടിക്കുന്നതിനായി കേന്ദ്ര സർക്കാർ നിശ്ചയിച്ചിട്ടുളള പരിഷ്കാരങ്ങൾ പൂർത്തിയാക്കിയ ആറ് സംസ്ഥാനങ്ങൾക്കുമായി 19,459 കോടി രൂപ അധിക വായ്പയ്ക്കും അനുമതി ലഭിച്ചിട്ടുണ്ട്.
രാജ്യത്തെ നിക്ഷേപ സൗഹൃദ ബിസിനസ്സ് അന്തരീക്ഷത്തിന്റെ ഒരു പ്രധാന സൂചകമാണ് ഈസ് ഓഫ് ഡൂയിംഗ് ബിസിനസ്. ബിസിനസ് സൗഹാർദ്ദ അന്തരീക്ഷം സൃഷ്ടിക്കുന്നത് സംസ്ഥാന സമ്പദ് വ്യവസ്ഥയുടെ ഭാവി വളർച്ചയെ സഹായിക്കുമെന്നാണ് കണക്കാക്കുന്നത്. 2020 മെയ് മാസത്തിൽ, അധിക വായ്പയെടുക്കൽ അനുമതികൾ സംസ്ഥാനങ്ങളുമായി ബന്ധിപ്പിക്കാൻ സർക്കാർ തീരുമാനിച്ചിരുന്നു.
2020 മെയ് 17 ന്, കൊവിഡ്-19 പ്രതിസന്ധിക്കിടെ വിഭവ ഡിമാൻഡ് വെല്ലുവിളികളെ നേരിടാൻ, സർക്കാർ സംസ്ഥാനങ്ങളുടെ വായ്പയെടുക്കൽ പരിധി അവരുടെ മൊത്തം സംസ്ഥാന ആഭ്യന്തര ഉൽപാദനത്തിന്റെ (ജിഎസ്ഡിപി) രണ്ട് ശതമാനം വർദ്ധിപ്പിച്ചിരുന്നു. ഇതിൽ 50 ശതമാനം വിഹിതം പൗര കേന്ദ്രീകൃത പരിഷ്കാരങ്ങൾ നടപ്പാക്കാനായി സംസ്ഥാനങ്ങൾ വിനിയോഗിക്കണമെന്നാണ് വ്യവസ്ഥ.