'അധിക ചെലവില്‍ എവിടെ 20,000 കോടി?', കൊവിഡ് പാക്കേജിന് എതിരെ വിമര്‍ശനവും

By Web Team  |  First Published Jun 4, 2021, 12:22 PM IST

കൊവിഡ് പാക്കേജിനായി പ്രഖ്യാപിച്ച 20,000 കോടിയുടെ കാര്യത്തില്‍ വ്യക്തത വരുത്തണമെന്നാണ് പ്രതിപക്ഷം ആവശ്യപ്പെടുന്നത്.
 


ചരിത്രവിജയം നേടി വീണ്ടും അധികാരത്തില്‍ എത്തിയ പിണറായി വിജയൻ സര്‍ക്കാരിന്റെ ആദ്യ ബജറ്റാണ് ഇന്ന് ധനമന്ത്രി കെ എൻ ബാലഗോപാല്‍ അവതരിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ സര്‍ക്കാരിന്റെ അവസാന കാലത്ത് അന്നത്തെ ധനമന്ത്രി തോമസ് ഐസക് അവതരിപ്പിച്ച ബജറ്റിലെ നിര്‍ദ്ദേശങ്ങള്‍  ചേര്‍ത്തുവച്ചാണ് കെ എൻ ബാലഗോപാലിന്റെയും വരവ് ചെലവ് കണക്ക് അവതരണം. കേവലം ഒരു മണിക്കൂര്‍ മാത്രമെടുത്താണ് കെ എൻ ബാലഗോപാല്‍ ധനമന്ത്രിയെന്ന  നിലയില്‍ തന്റെ നിര്‍ദ്ദേശങ്ങള്‍ സഭയ്‍‌ക്കു മുന്നാകെ വെച്ചത്. ബജറ്റിലെ നിര്‍ണായ പ്രഖ്യാപനമാണെന്ന് കെ എൻ ബാലഗോപാലിന്റെ പ്രസംഗ വേളയില്‍ തന്നെ വിലയിരുത്തപ്പെട്ട കൊവിഡ് രണ്ടാം പാക്കേജിനെതിരെ വിമര്‍ശനങ്ങൾ ഉയരുകയുമാണ്.  

20000 കോടി രൂപയുടെ രണ്ടാം കൊവിഡ് പാക്കേജ്

Latest Videos

undefined

കൊവിഡ് രണ്ടാം തരംഗത്തിന്റെ പശ്ചാത്തലത്തില്‍ ഉയര്‍ന്നുവരുന്ന ആരോഗ്യ, സാമൂഹ്യ, സാമ്പത്തിക വെല്ലുവിളികളെ നേരിടാൻ 20000 കോടി രൂപയുടെ രണ്ടാം പാക്കേജ് ആയിരുന്നു ധനമന്ത്രിയുടെ ബജറ്റ് പ്രസംഗത്തിലെ പ്രധാന ആകര്‍ഷണം. ഭരണപക്ഷ പ്രതിനിധികള്‍ കയ്യടിച്ച് പ്രോത്സാഹിപ്പിക്കുന്നതിനടിയില്‍ പ്രസംഗത്തില്‍ പാക്കേജിന്റെ വിശദാംശങ്ങളും കെ എൻ ബാലഗോപാല്‍ വ്യക്തമാക്കി. ആരോഗ്യ അടിയന്തരാവസ്ഥ നേരിടുന്നതിനായി 2800 കോടി രൂപയാണ് പ്രഖ്യാപിച്ചത്. കൊവിഡ് കാരണം ഉപജീവനം പ്രതിസന്ധിയിയാവര്‍ക്ക് നേരിട്ട് പണം കയ്യിലെത്തിക്കുന്നതിനായി 8900 കോടി രൂപയാണ് അനുവദിച്ചത്. സാമ്പത്തിക പുനരുജ്ജീവനത്തിനായി വിവിധ ലോണുകള്‍, പലിശ സബ്‍സിഡി എന്നിവയ്‍ക്കായി 8300 കോടി രൂപയും ലഭ്യമാക്കുമെന്നാണ് വാഗ്‍ദാനം. ഈ വാഗ്‍ദാനങ്ങള്‍ കബളിപ്പിക്കിലാണെന്ന് തുറന്നടിച്ച പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ ആദ്യ പ്രതികരണത്തില്‍ തന്നെ ഭരണപക്ഷത്തിന് നേരെ പോര്‍മുഖം തുറന്നിരിക്കുകയാണ്.

അധിക ചെലവ് 1715. 10 കോടി രൂപ മാത്രം

ബജറ്റിലെ 2021- 22ലെ പുതുക്കിയ എസ്റ്റിമേറ്റ് ചൂണ്ടിക്കാട്ടിയാണ് വി ഡി സതീശൻ വിമര്‍ശനത്തിന് തുടക്കമിട്ടത്.  പുതുക്കിയ എസ്റ്റിമേറ്റില്‍‌  ഇപ്പോള്‍ പ്രഖ്യാപിച്ച അധിക ചെലവായി കാണിച്ചിരിക്കുന്നത് 1715. 10 കോടി രൂപയാണ്. അപ്പോള്‍ രണ്ടാം തരംഗ പാക്കേജായി പ്രഖ്യാപിച്ച 20000 കോടി എവിടെ എന്നാണ് വി ഡി സതീശൻ ചോദിക്കുന്നത്.  നേരിട്ട് പണം ലഭിക്കുന്നതിനായി 8900 കോടി രൂപ പ്രഖ്യാപിച്ചത് കബളിപ്പിക്കലാണ് എന്ന് പ്രതിപക്ഷം വാദിക്കുന്നു. നിലവില്‍ ഉള്ള പെൻഷൻ കൊടുക്കുന്നതിനാണ് 9000 കോടി. പുതിയ പാക്കേജ് അല്ലാത്തതിനാലാണ് അധിക ചെലവായി 20000 കോടി കാണിക്കാത്തത് എന്നും പ്രതിപക്ഷം വാദിക്കുന്നു.

ആദ്യ കൊവിഡ് പാക്കേജും വിമര്‍ശനങ്ങളും

കൊവിഡിന്റെ ആദ്യ വരവില്‍ കേരളത്തെ ആഗോളതലത്തില്‍ തന്നെ ശ്രദ്ധിക്കാൻ കാരണമായതായിരുന്നു 2020ലെ സാമ്പത്തിക പാക്കേജും. 20,000 കോടി പാക്കേജായിരുന്നു അന്നും പ്രഖ്യാപിച്ചത്.  അന്നത്തെ പ്രഖ്യാപനവും പ്രതിപക്ഷത്തിന് വിമര്‍ശനത്തിന് കാരണമായിരുന്നു. പാക്കേജിന് വേണ്ടി വകയിരുത്തുന്ന തുകയില്‍ 14000 കോടി രൂപയും കരാറുകളുടെ കുടിശ്ശിക തീര്‍ക്കാനാണെന്നായിരുന്നു പറഞ്ഞത്. നിർമ്മാണ തൊഴിലാളികൾക്കടക്കം പണമെത്തുന്നത് താഴെക്കിടയിൽ പ്രതിസന്ധിക്ക് അയവുവരുത്തുമെന്നായിരുന്നു പ്രഖ്യാപനം വിവാദമായപ്പോള്‍ ധനവകുപ്പ് പറഞ്ഞത്. ക്ഷേമ പെൻഷൻ വിതരണവും സൗജന്യ റേഷനും പാക്കേജില്‍ നടപ്പാക്കിയിരുന്നത് സര്‍ക്കാരിന് നേട്ടമായിരുന്നു. അന്നത്തെ അതേ വിമര്‍ശനം അതിലും രൂക്ഷതയോടെയാണ് ഇപ്പോള്‍ നേരിടേണ്ടി വരുന്നത്. എന്തായാലും ഇപ്പോഴും ഉയര്‍ന്നുവരുന്ന ചോദ്യങ്ങള്‍ക്ക് കൃത്യമായി വ്യക്തതയോടെ മറുപടി നല്‍കാൻ ധനവകുപ്പ് നിര്‍ബന്ധിതരാകും.

click me!