സ്വയം പര്യാപ്ത ഭാരതം എന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനം സഫലീകരിക്കാൻ കൂടി ലക്ഷ്യമിട്ടാവും ഇറക്കുമതി തീരുവ ഉയർത്തുകയെന്നാണ് വിവരം.
ദില്ലി: കൊവിഡിൽ കനത്ത തിരിച്ചടി നേരിട്ട രാജ്യത്തെ സാമ്പത്തിക സ്ഥിതി ഭദ്രമാക്കുന്നതിനും വരുമാനം വർധിപ്പിക്കുന്നതിനും ലക്ഷ്യമിട്ട് ഇറക്കുമതി ചെയ്യുന്ന നിരവധി ഉൽപ്പന്നങ്ങൾക്ക് വില വർധിപ്പിക്കുമെന്ന് റിപ്പോർട്ട്. സ്മാർട്ഫോണുകൾ, ഇലക്ട്രോണിക് ഉൽപ്പന്നങ്ങളുടെ ഘടകങ്ങൾ, വീട്ടുപകരണങ്ങൾ അങ്ങനെ ഡസൻ കണക്കിന് ഉൽപ്പന്നങ്ങൾക്ക് വില ഉയരുമെന്നാണ് റിപ്പോർട്ട്.
സ്വയം പര്യാപ്ത ഭാരതം എന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനം സഫലീകരിക്കാൻ കൂടി ലക്ഷ്യമിട്ടാവും ഇറക്കുമതി തീരുവ ഉയർത്തുകയെന്നാണ് വിവരം. തീരുവയിലെ മാറ്റം അഞ്ച് മുതൽ പത്ത് ശതമാനം വരെ വില ഉയർത്തിയേക്കും. 200 ബില്യൺ മുതൽ 210 ബില്യൺ വരെ വരുമാന വർധനവാണ് ബജറ്റിൽ കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നത്.
നികുതി വർധന ഫർണിച്ചർ, ഇലക്ട്രിക് വാഹനങ്ങൾ എന്നിവയെ എല്ലാം പ്രതികൂലമായി ബാധിച്ചേക്കും. ഇവയ്ക്ക് എത്ര വീതം നികുതിയാണ് വർധിപ്പിക്കുകയെന്ന് വ്യക്തമല്ല. റെഫ്രിജറേറ്റർ, എയർ കണ്ടീഷണർ എന്നിവയ്ക്കും വില ഉയർന്നേക്കും. ഫെബ്രുവരി ഒന്നിനാണ് ധനകാര്യ മന്ത്രി നിർമല സീതാരാമൻ ബജറ്റ് അവതരിപ്പിക്കുന്നത്. ഏപ്രിൽ ഒന്ന് മുതൽ ഈ ബജറ്റ് നിലവിൽ വരും.