ബജറ്റില്‍ നികുതി കുറച്ചേക്കും, ലക്ഷ്യം ഉപഭോഗം കൂട്ടല്‍; നിര്‍മല സീതാരാമന്‍റെ മുന്നിലുള്ള മാര്‍ഗ്ഗങ്ങള്‍ ഇവ...

By Web Desk  |  First Published Jan 5, 2025, 4:28 PM IST

രാജ്യത്തിന്‍റെ മൊത്ത ആഭ്യന്തര ഉല്‍പാദനം കുറയുക കൂടി ചെയ്തതിനാല്‍ ആദായനികുതി സ്ലാബ് പരിഷ്കരിച്ചിട്ടാണെങ്കിലും ഉപഭോഗം കൂട്ടുന്നതിനായിരിക്കും ധനമന്ത്രി ശ്രമിക്കുക


രാനിരിക്കുന്ന ബജറ്റില്‍ ധനമന്ത്രി നിര്‍മല സീതാരാമന്‍ കൂടുതല്‍ പ്രാധാന്യം നല്‍കുക ആളുകളുടെ ഉപഭോഗം വര്‍ധിപ്പിക്കുന്നതിനായിരിക്കുമെന്ന് സൂചന. രാജ്യത്തിന്‍റെ മൊത്ത ആഭ്യന്തര ഉല്‍പാദനം കുറയുക കൂടി ചെയ്തതിനാല്‍ ആദായനികുതി സ്ലാബ് പരിഷ്കരിച്ചിട്ടാണെങ്കിലും ഉപഭോഗം കൂട്ടുന്നതിനായിരിക്കും ധനമന്ത്രി ശ്രമിക്കുക. വ്യക്തിഗത നികുതിദായകരുടെ നികുതിഭാരം കുറയ്ക്കുന്നതിനും ലളിതമാക്കുന്നതിനും പുതിയ നികുതി വ്യവസ്ഥയില്‍ നിരവധി മാറ്റങ്ങള്‍ വരാനിരിക്കുന്ന ബജറ്റില്‍ ഉള്‍പ്പെടുത്തിയേക്കും. ആദായ നികുതി ഇളവ് പരിധി ഏഴു ലക്ഷം രൂപയില്‍ നിന്ന് 8 ലക്ഷം രൂപയോ അതില്‍ കൂടുതലോ ആയി ഉയര്‍ത്താനും സാധ്യതയുണ്ടെന്ന് ചില ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ശമ്പള വരുമാനക്കാരായ നികുതി ദായകരുടെ സ്റ്റാന്‍ഡേര്‍ഡ് ഡിഡക്ഷന്‍ പരിധി 75000 രൂപയില്‍ നിന്ന് ഒരു ലക്ഷം രൂപയായി ഉയര്‍ത്തും എന്നും സൂചനകള്‍ ഉണ്ട്. കൂടാതെ കുടുംബങ്ങളുടെ സാമ്പത്തിക ഭാരം കുറയ്ക്കുന്നതിന് വിദ്യാഭ്യാസ ചെലവുകള്‍ക്കും മെഡിക്കല്‍ ഇന്‍ഷുറന്‍സ് പ്രീമിയത്തിനും ചില കിഴിവുകള്‍ നല്‍കാനും സാധ്യതയുണ്ട്.

7 ലക്ഷം രൂപ മുതല്‍ 15 ലക്ഷം രൂപ വരെ വാര്‍ഷിക വരുമാന മുള്ളവരുടെ നികുതിയില്‍ ചില ഇളവുകള്‍ നല്‍കുന്ന കാര്യവും കേന്ദ്രസര്‍ക്കാര്‍ പരിഗണിക്കുന്നുണ്ട്. പുതിയ നികുതി സമ്പ്രദായം നവീകരിക്കുന്നതിനാണ് കേന്ദ്ര ധനമന്ത്രി കൂടുതല്‍ ശ്രദ്ധ നല്‍കുന്നതെങ്കിലും പഴയ നികുതി ഘടന അവഗണിക്കപ്പെടാന്‍ സാധ്യതയില്ല. വിവിധ നിക്ഷേപങ്ങളിലൂടെ ആദായനികുതി കിഴിവുകള്‍ നേടുന്ന പല നികുതി ദായകരും പഴയ ആദായനികുതി വ്യവസ്ഥയാണ് സ്വീകരിച്ചിരിക്കുന്നത്.

Latest Videos

സെക്ഷന്‍ 80 സി കിഴിവ് പരിധി 1.5 ലക്ഷം രൂപയില്‍ നിന്ന് 2 ലക്ഷം രൂപയായി ഉയര്‍ത്താനും സെക്ഷന്‍ 24 (ബി) പ്രകാരമുള്ള ഭവന വായ്പ പലിശ കിഴിവുകളുടെ പരിധി 2 ലക്ഷത്തില്‍ നിന്ന് 3 ലക്ഷമായി ഉയര്‍ത്താനുമുള്ള നിര്‍ദേശം കേന്ദ്രസര്‍ക്കാരിന്‍റെ മുന്നിലുണ്ട്. മെഡിക്കല്‍ ഇന്‍ഷുറന്‍സ് പ്രീമിയങ്ങള്‍ക്കായുള്ള സെക്ഷന്‍ 80ഡി പ്രകാരം ഉയര്‍ന്ന കിഴിവുകളും സെക്ഷന്‍ 80ഡിഡി പ്രകാരം വൈകല്യമുള്ള ആശ്രിതര്‍ക്ക് കൂടുതല്‍ ഇളവുകളും ഉള്‍പ്പെട്ടേക്കാം.

click me!