സഹകരണ ബാങ്കുകളില്‍ അക്ഷരാര്‍ത്ഥത്തില്‍ ഭരണം നിര്‍വഹിക്കുന്നത് ഡയറക്ടര്‍ ബോര്‍ഡുകളാണ്. ബോര്‍ഡുകളുടെ നടപടികളും കാര്യക്രമങ്ങളും നിരീക്ഷിക്കുന്നതിനായി റിസര്‍വ് ബാങ്ക് ഒരു ഉദ്യോഗസ്ഥനെ നിയോഗിക്കും. ബോര്‍ഡുകളുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് റിസര്‍വ് ബാങ്കിന് നേരിട്ട് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിരീക്ഷകനെ നിയോഗിക്കുന്നത്.
കേരളത്തിന്റെ സ്വന്തം ബാങ്ക് എന്ന നിലയില്‍ മാത്രമല്ല, കേരള സര്‍ക്കാരിന്റെ ബാങ്കിംഗ് കരങ്ങള്‍ എന്ന നിലയിൽ കൂടിയാണ് സംസ്ഥാനത്ത് കേരള ബാങ്ക് രൂപീകൃതമായത്. ലോക്ഡൗണിനിടയിലും ജൂണ്‍ 26-ാം തീയതി പുറത്ത് വന്നിരിക്കുന്ന ബാങ്കിംഗ് റെഗുലേഷന്‍ (അമെന്റ്‌മെന്റ്) ഓര്‍ഡിനന്‍സ് കേരള ബാങ്കിന്റെ മുന്നോട്ടുപോക്കിനും പ്രതിസന്ധി സൃഷ്‌ടിക്കുന്നതാണ്. സംസ്ഥാന സഹകരണ ബാങ്കുകള്‍, ജില്ലാ സഹകരണ ബാങ്കുകള്‍, അര്‍ബന്‍ സഹകരണ ബാങ്കുകള്‍, മള്‍ട്ടി സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ബാങ്കുകള്‍ എന്നിവ ബാങ്കിംഗ് റെഗുലേഷന്‍ നിയമത്തിന്റെ പൂര്‍ണ്ണ പരിധിയ്ക്കുള്ളില്‍ കൊണ്ട് വന്നുകൊണ്ട് ബാങ്കിംഗ് സ്ഥാപനങ്ങളായി ശക്തിപ്പെടുത്തുന്നതിനാണ് കേന്ദ്രം പുതിയ ഓര്‍ഡിനന്‍സ് ഇറക്കിയിരിക്കുന്നത്. കേരളാ ബാങ്കിന്റെ വികസന റൂട്ട് മാപ്പില്‍ ഇനി ഈ വ്യവസ്ഥകളൊക്കെ എഴുതി ചേര്‍ക്കുകയും, ഓര്‍ഡിനന്‍സ് പ്രാബല്യത്തിലാക്കുന്നതിനുള്ള റിസര്‍വ് ബാങ്കിന്റെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ വരും വരെ കാത്തിരിക്കുകയും വേണം. എങ്കിലും ഓര്‍ഡിനന്‍സില്‍ വ്യക്തമാക്കിയിട്ടുള്ള ചില കാതലായ പരിഷ്‌ക്കാരങ്ങള്‍ കണ്ടില്ലെന്ന് നടിക്കാനാകില്ല.
കമ്പനിയും സഹകരണ സ്ഥാപനവും
undefined
ഒട്ടുമിക്ക വാണിജ്യബാങ്കുകളും കമ്പനി നിയമത്തിന്‍റെ കീഴില്‍ വരുന്ന ബാങ്കിംഗ് കമ്പനികളാണ്. സംസ്ഥാന സഹകരണ നിയമങ്ങളുടെ പരിലാളനകളില്‍ നിന്നും സഹകരണ ബാങ്കുകളെ ബാങ്കിംഗ് കമ്പനികളുടേതുപോലെ തന്നെ വാണിജ്യവത്കരിച്ചെടുക്കുകയാണ് പുതിയ ഓര്‍ഡിനന്‍സിലൂടെ. സഹകരണ രജിസ്ട്രാറുടെ ഇടപെടല്‍ കമ്പനി രജിസ്ട്രാറുടേതിന് സമാനമായി പരിമിതപ്പെടുത്തും എന്ന് വിവക്ഷ. സഹകരണ നിയമവും ബാങ്കിംഗ് നിയന്ത്രണ നിയമവും തമ്മില്‍ ചേരാതെ വരുന്ന സന്ദര്‍ഭങ്ങളില്‍ ബാങ്കിംഗ് നിയന്ത്രണ നിയമത്തിനായിരിക്കും മേല്‍ക്കൈ.
പ്രാഥമിക കാര്‍ഷിക വായ്പ സഹകരണ സൊസൈറ്റികള്‍ ബാങ്കുകളാകില്ല
പുതിയ ഓര്‍ഡിനന്‍സ് പ്രകാരം പ്രാഥമിക കാര്‍ഷിക വായ്പ സൊസൈറ്റികള്‍, അഗ്രികള്‍ച്ചറല്‍ ആന്റ് റൂറല്‍ ഡെവലപ്‌മെന്റ് ബാങ്കുകള്‍ എന്നിവ ബാങ്കിംഗ് സ്ഥാപനങ്ങള്‍ അല്ലെന്ന് വ്യക്തമാക്കിയിരിക്കുന്നു. ബാങ്കെന്ന് മാത്രമല്ല ബാങ്കര്‍, ബാങ്കിംഗ് തുടങ്ങി സമാന പദങ്ങള്‍ ഒന്നും തന്നെ പേരിനോടൊപ്പം ചേര്‍ക്കരുതെന്നാണ് കര്‍ശന വകുപ്പുകള്‍.
ഡയറക്ടര്‍ ബോര്‍ഡുകളുടെ മേല്‍ക്കോയ്മ
സഹകരണ ബാങ്കുകളില്‍ അക്ഷരാര്‍ത്ഥത്തില്‍ ഭരണം നിര്‍വഹിക്കുന്നത് ഡയറക്ടര്‍ ബോര്‍ഡുകളാണ്. ബോര്‍ഡുകളുടെ നടപടികളും കാര്യക്രമങ്ങളും നിരീക്ഷിക്കുന്നതിനായി റിസര്‍വ് ബാങ്ക് ഒരു ഉദ്യോഗസ്ഥനെ നിയോഗിക്കും. ബോര്‍ഡുകളുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് റിസര്‍വ് ബാങ്കിന് നേരിട്ട് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിരീക്ഷകനെ നിയോഗിക്കുന്നത്. മള്‍ട്ടി സ്റ്റേറ്റ് സഹകരണ ബാങ്കുകളുടെ ഡയറക്ടര്‍ ബോര്‍ഡ് പിരിച്ച് വിട്ട് അഞ്ച് വര്‍ഷം വരെ റിസര്‍വ് ബാങ്ക് നിയോഗിക്കുന്ന അഡ്മിനിസ്‌ട്രേറ്റര്‍ ഭരണത്തിനും നിയമമായി. സംസ്ഥാന സഹകരണ രജിസ്ട്രാര്‍ രജിസ്‌ട്രേഷന്‍ നല്‍കിയിട്ടുള്ള ബാങ്കുകളുടെ ബോര്‍ഡുകളാണ് പിരിച്ച് വിടുന്നതെങ്കില്‍ രജിസ്ട്രാറുമായി മുന്‍കൂട്ടി ആലോചന നടത്തുമെന്ന് ആശ്വസിക്കാം.
വായ്പകള്‍ക്ക് കര്‍ശന നിയന്ത്രണം
സഹകരണ ബാങ്കുകളുടെ ഡയറക്ടര്‍മാര്‍ക്കോ അവരുമായി ബന്ധമുള്ള സ്ഥാപനങ്ങള്‍ക്കോ മതിയായ ജാമ്യമില്ലാതെ വായ്പകള്‍ അനുവദിക്കാനാവില്ല. മാനേജിംഗ് ഡയറക്ടര്‍, ചെയര്‍മാന്‍ എന്നിവര്‍ക്കെല്ലാം ഇത് ബാധകമാക്കിയിട്ടുണ്ട്. മാത്രമല്ല, ഇത്തരം വായ്പകള്‍ അനുവദിക്കാന്‍ റിസര്‍വ് ബാങ്കിന്റെ മുന്‍കൂര്‍ അനുമതിയും വേണ്ടി വരും. വായ്പകളെ സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ എല്ലാ മാസവും റിസര്‍വ് ബാങ്കിന് നല്‍കേണ്ടതായും വരും.
ഓഡിറ്റിംഗ് ബാധകമാക്കി
ബാങ്കിംഗ് നിയന്ത്രണ നിയമപ്രകാരമുള്ള ഓഡിറ്റിംഗ് നിബന്ധനകളും പ്രാബല്യത്തിലായി. പുതിയ ശാഖകള്‍ തുറക്കുന്നതിന് റിസര്‍വ് ബാങ്കിന്റെ മുന്‍കൂര്‍ അനുമതി തേടേണ്ടതാണ്. ശാഖകളും ഓഫീസുകളും പരിശോധിക്കുന്നതിന് റിസര്‍വ് ബാങ്കിന് ഉദ്യോഗസ്ഥരെ നിയോഗിക്കാനും അധികാരമുണ്ടാകും.
അംഗങ്ങള്‍, ഓഹരി ഉടമകള്‍, നിക്ഷേപകര്‍
അംഗങ്ങള്‍ക്ക് മാത്രമായുള്ള സ്ഥാപനങ്ങളായി ചുരുങ്ങുവാന്‍ ഇനി സാധിക്കില്ല. പുതിയ ഓര്‍ഡിനന്‍സ് അനുസരിച്ച് ഓഹരികള്‍, പ്രിഫറന്‍സ് ഓഹരികള്‍, സ്‌പെഷ്യല്‍ ഓഹരികള്‍ തുടങ്ങിയവ മുഖവിലയ്‌ക്കോ അധിക മൂല്യത്തിനോ പബ്‌ളിക് ഇഷ്യൂ മുഖാന്തിരമോ സ്വകാര്യ പ്ലെയ്‌സ്‌മെന്റിലൂടെയോ നല്‍കുമ്പോള്‍ ഓഹരി ഉടമകള്‍ കടന്ന് വരും. മാത്രമല്ല, ബാങ്കിംഗ് നിയന്ത്രണ നിയമം, ഡെപ്പോസിറ്റ് ഇന്‍ഷുറന്‍സ്, ബാങ്കുകള്‍ പൂട്ടിപ്പോയാല്‍ മറ്റ് ബാങ്കുകള്‍ ലയിപ്പിക്കുകയോ സര്‍ക്കാരിന്റെ പ്രത്യേക ധനസഹായ പദ്ധതി ലഭ്യമാക്കുകയോ ചെയ്യുന്നതാകയാല്‍ പൊതുജനങ്ങള്‍ക്ക് ധൈര്യമായി നിക്ഷേപം നടത്താം. അപ്പോള്‍ നിക്ഷേപകര്‍ എന്ന പുതിയ ഒരു കക്ഷി കൂടി സഹകരണ ബാങ്കുകളിലേയ്ക്ക് എത്തപ്പെടുന്നു.
പലിശ നിരക്കുകള്‍ മയപ്പെടും
മറ്റ് വാണിജ്യ ബാങ്കുകള്‍ക്ക് സമാനമായ ഫ്‌ളോട്ടിംഗ് നിരക്കുകള്‍, എം.സി.എല്‍.ആര്‍. നിരക്കുകള്‍ തുടങ്ങിയ രീതിയില്‍ വിപണിയിലെ മത്സരം കണക്കിലെടുത്ത് വായ്പകള്‍ക്കുള്ള പലിശ നിരക്കുകള്‍ താഴേയ്ക്ക് വരും. ഇതോടൊപ്പം തന്നെ നിക്ഷേപ നിരക്കുകളും സമാനമാകും. മറ്റേതൊരു ബാങ്കിംഗ് കമ്പനിയേയും പോലെ സി.ആര്‍.ആര്‍. തുടങ്ങിയ കരുതല്‍ നിക്ഷേപങ്ങളും സെക്യൂരിറ്റികളും കരുതേണ്ടിയും വരും.
- സി എസ് രഞ്ജിത് (ലേഖകൻ, പ്രമുഖ വ്യക്തിഗത സാമ്പത്തിക കാര്യ വിദഗ്ധനാണ്)