കേരളത്തിന് പുറമെ പഞ്ചാബ്, തമിഴ്നാട്, ഹരിയാന, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളാണ് സാമ്പത്തികമായി കരകയറുന്നത്.
ലണ്ടന്‍: കൊവിഡ് പ്രതിസന്ധിയില്‍ നിന്ന് കേരളത്തിന്റെ സാമ്പത്തിക രംഗം കരകയറുന്നതായി പഠനം. കേരളത്തിന്റെ സമ്പദ് വ്യവസ്ഥ തിരിച്ചുവരവിന്റെ പാതയിലാണെന്ന് ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എലാറ സെക്യൂരിറ്റി എന്ന സ്ഥാപനം നടത്തിയ പഠനത്തില്‍ പറയുന്നു. കേരളമുള്‍പ്പടെ രാജ്യത്തെ അഞ്ച് സംസ്ഥാനങ്ങളിലെ സമ്പദ്വ്യവസ്ഥ മെച്ചപ്പെടുന്നുവെന്നാണ് പഠനം ചൂണ്ടിക്കാട്ടുന്നത്.
കേരളത്തിന് പുറമെ പഞ്ചാബ്, തമിഴ്നാട്, ഹരിയാന, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളാണ് സാമ്പത്തികമായി കരകയറുന്നത്. രാജ്യത്തിന്റെ മൊത്തം ജിഡിപിയില്‍ 27 ശതമാനവും ഈ സംസ്ഥാനങ്ങളുടെ സംഭാവനയാണ്. അഞ്ച് സംസ്ഥാനങ്ങളില്‍ വൈദ്യുതോപയോഗം, ഗതാഗതം, മൊത്തവിതരണ കേന്ദ്രങ്ങളില്‍ കാര്‍ഷിക ഉല്‍പന്നങ്ങളുടെ വരവ് എന്നിവയിലെല്ലാം പുരോഗതി രേഖപ്പെടുത്തിയതായി കണക്കുകള്‍ വ്യക്തമാക്കുന്നു. സമ്പദ് വ്യവസ്ഥ തിരിച്ചുവരവിന്റെ പാതയിലാണ് ഇതെല്ലാം സൂചിപ്പിക്കുന്നതെന്ന് പഠനം പറയുന്നു.
അതേസമയം വലിയ സംസ്ഥാനങ്ങളായമഹാരാഷ്ട്ര, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങള്‍ കൊവിഡ് മൂലമുണ്ടായ സാമ്പത്തിക തിരിച്ചടിയില്‍ നിന്ന് മുക്തമായിട്ടില്ല. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണ്‍ ഘട്ടംഘട്ടമായി സര്‍ക്കാര്‍ പിന്‍വലിക്കുകയാണ്. നിലവില്‍ പല രംഗത്തും ഇളവ് നല്‍കിയിട്ടുണ്ട്. ജൂണ്‍ എട്ടോടെ നിര്‍ണായക മേഖലകളിലും സര്‍ക്കാര്‍ ലോക്ക്ഡൗണ്‍ ഇളവ് നല്‍കിയേക്കും.